തിരുവനന്തപുരം: വി കെ പ്രശാന്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ റീ-യൂസ് കൈമാറ്റക്കട ആരംഭിച്ചിരിക്കുകയാണ് വട്ടിയൂര്‍ക്കാവില്‍. ഉപയോഗയോഗ്യമായ സാമഗ്രികള്‍ ''റീ-യൂസ് കൈമാറ്റക്കട (Re-Use Market)' യില്‍ എത്തിക്കാം പകരം മറ്റൊന്ന് സൗജന്യമായി വാങ്ങുകയും ചെയ്യാം. ഇപ്പോഴിതാ വി കെ പ്രശാന്തിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ധനമന്ത്രി തോമസ് ഐസക്.
ഇതുപോലുള്ള കേന്ദ്രങ്ങള്‍ കേരളത്തിലെ എല്ലാ പട്ടണങ്ങളിലും വരണമെന്ന് തോമസ് ഐസക് പറഞ്ഞു.
തോമസ് ഐസകിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപംഞാന്‍ താമസം മൂന്നുമാസം മുമ്പ് ഒരു ഫ്ലാറ്റിലേയ്ക്കു മാറി. ഏതാണ്ട് ഒരു മുറി മുഴുവനും ആവശ്യമില്ലാത്ത ഫര്‍ണീച്ചറും പാത്രങ്ങളും ബെഡ്ഡും ഷീറ്റുമെല്ലാം നിറഞ്ഞു കിടക്കുകയാണ്. ഇപ്പോള്‍ അനുജന്റെ ഫ്ലാറ്റില്‍ ഒരു മുറി കടമെടുത്ത് തല്ക്കാലം അവയൊക്കെ അങ്ങോട്ടേയ്ക്കു മാറ്റിയിരിക്കുകയാണ്. ഒത്തിരിപേര് നഗരത്തില്‍ ഇതേ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ടാവും. ഇനി അതിനൊരു പരിഹാരമുണ്ട്.
ഉപയോഗയോഗ്യമായ ഇത്തരം അധിക സാമഗ്രികള്‍ വട്ടിയൂര്‍ക്കാവില്‍ വി.കെ. പ്രശാന്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന ''റീ-യൂസ് കൈമാറ്റക്കട (Re-Use Market)' യില്‍ എത്തിച്ചുകൊടുക്കാം. ആവശ്യക്കാര്‍ക്കു ഇവ പരിശോധിച്ച് ഇഷ്ടപ്പെട്ടെങ്കില്‍ അവ സൗജന്യമായി കൊണ്ടുപോവുകയും ചെയ്യാം.
ശുചിത്വ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം Reduce, Re-Use, Recycle എന്നതാണല്ലോ. ഈ നൂതനസംരംഭം Re-Use നു ലളിതമായ ഒരു ഉപായം കണ്ടെത്തിയിരിക്കുകയാണ്. കേരളത്തില്‍ ഒരു പക്ഷേ, ഇത് ആദ്യത്തേതാവും. മാരാരിക്കുളത്തും ആറ്റിങ്ങലിലും പുനരുപയോഗ സാധ്യതയുള്ള തുണിയും ഉടുപ്പുകളുമെല്ലാം ശേഖരിച്ച് വിതരണം ചെയ്യുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. പക്ഷെ, ഇവിടെ തുണി മാത്രമല്ല, ഫ്രിഡ്ജ്, മിക്സി, സ്കൂട്ടര്‍, അലമാര, കട്ടില്, മേശ, പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, പുസ്തകങ്ങള്‍ എന്നു തുടങ്ങി വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന എന്തും നിങ്ങള്‍ക്ക് ഇവിടെ കൊണ്ടുവന്നു കൊടുക്കാം. ആവശ്യമുള്ളവര്‍ക്ക് ഇവിടെനിന്നും സൗജന്യമായി കൊണ്ടുപോകുകയും ചെയ്യാം. വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡിന്റെ രൂപീകരണവേളയില്‍ മൂന്നുമാസം മുമ്പു ചര്‍ച്ച ചെയ്തതാണ്. അത് ഇപ്പോള്‍ പ്രാവര്‍ത്തികമാവുകയാണ്.
വലിയ നഗരങ്ങളില്‍ ഇടത്തരക്കാരുടെ എണ്ണം വളരെ വേഗത്തില്‍ വളരുകയാണ്. അവരുടെ വരുമാനത്തില്‍ വര്‍ദ്ധനയും ഉപഭോഗരീതിയില്‍ മാറ്റങ്ങളും വന്നിട്ടുണ്ട്. ഫാഷന്‍ മാറുന്നതനുസരിച്ച് ഗാര്‍ഹിക ഉപഭോക്തൃ ഉല്‍പ്പന്നങ്ങളും പുതിയതായി വാങ്ങും. അപ്പോള്‍ പഴയവ എന്തു ചെയ്യും? ഉപയോഗം കഴിഞ്ഞവ സംഭാവന ചെയ്യാം. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ആവശ്യാനുസരണം അവ എടുക്കുകയും ചെയ്യാം. രണ്ടുകൂട്ടര്‍ക്കും അനുഗ്രഹമാണ്. പാശ്ചാത്യ രാജ്യങ്ങളിലെ മാര്‍ക്കറ്റുകളില്‍ ഫ്ലിയാ മാര്‍ക്കറ്റ് എന്ന പേരിലും സാല്‍വേഷന്‍ ആര്‍മി പോലുള്ള സംഘടനകളും മുന്‍കൈയെടുത്ത് ഇതുപോലുള്ള സംരംഭങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
വട്ടിയൂര്‍ക്കാവില്‍ ഇതിനുള്ള സ്ഥലം അമ്പലമുക്ക് സ്വദേശിയായ ബിജു സൗജന്യമായി വിട്ടുനല്‍കിയിരിക്കുകയാണ്. പ്ലംബ്ബിംഗ് മെറ്റീരിയില്‍ സൂക്ഷിക്കാന്‍ വച്ചിരുന്ന സ്ഥലമാണ് ഇപ്പോള്‍ മേശയും കസേരയും എല്ലാം കൊണ്ടു നിറഞ്ഞിരിക്കുന്നത്. പുസ്തകങ്ങള്‍, ഉടുപ്പുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ ഈ ബഹളത്തില്‍ നിന്നും മാറ്റിവയ്ക്കാന്‍ കെട്ടിടത്തിന്റെ മുകള്‍നില നല്‍കാമെന്നു ബിജു സമ്മതിച്ചിട്ടുണ്ട്. ഡോ. അനിത നല്കിയ ഒന്നാംതരമൊരു ഫ്രിഡ്ജ് കണ്ടു. വിനോദ്കുമാറിന്റെ ഒരു കൈനറ്റിക് ഹോണ്ട.
സൈക്കിള്‍ പ്രകാശിന്റെ വക നാല് സൈക്കിളുകള്‍. രാജുവിന്റെ വക സോഫാസെറ്റി... ഇങ്ങനെ നീണ്ടനിരയാണ്. സാധനങ്ങള്‍ കൊടുത്താല്‍ രസീത് കിട്ടും. വാങ്ങുന്നവരും രസീത് ഒപ്പിട്ടു കൊടുക്കണം. ഐഡന്റിഫിക്കേഷന്‍ ഹാജരാക്കണം. ഫോട്ടോയുമെടുക്കും. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ യൂത്ത് ബ്രിഗേഡിന്റെ അംഗങ്ങളാണ് ഇവിടെ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നത്. ഒത്തിരി പുസ്തകങ്ങളും വന്നിട്ടുണ്ട്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മലയാള സമാന്തര മാസികാചരിത്രം എന്ന ഒരു പുസ്തകം ഞാന്‍ എടുത്തു.
ആക്കുളത്തുകൊണ്ടുപോയി ഇട്ടിരിക്കുന്ന ഉപയോഗയോഗ്യമായ പഴയസാധനങ്ങള്‍ താമസിയാതെ ഒരു മിനിലോറിയില്‍ എത്തിച്ചുകൊടുക്കും.ഇതുപോലുള്ള കേന്ദ്രങ്ങള്‍ കേരളത്തിലെ എല്ലാ പട്ടണങ്ങളിലും വരണം. വട്ടിയൂര്‍ക്കാവിലെ Re-Use Market-ലെ വിവരങ്ങള്‍ അറിയണമെങ്കില്‍ വിളിക്കാം 7012568303, 884804250.
സബാഷ് പ്രശാന്ത് എംഎല്‍എ..
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.