• HOME
  • »
  • NEWS
  • »
  • kerala
  • »
  • '365 ദിവസവും ഒരുപോലെ നില്‍ക്കുന്നതല്ല ഗ്രൂപ്പ് ചൂട്'; എ ഗ്രൂപ്പിനോട് ഉള്ള അതൃപ്തി പരസ്യമാക്കി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

'365 ദിവസവും ഒരുപോലെ നില്‍ക്കുന്നതല്ല ഗ്രൂപ്പ് ചൂട്'; എ ഗ്രൂപ്പിനോട് ഉള്ള അതൃപ്തി പരസ്യമാക്കി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഗ്രൂപ്പില്‍ നിന്ന് എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാറില്ല എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുറന്നു പറഞ്ഞു

തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവഞ്ചൂർ രാധാകൃഷ്ണൻ

  • Share this:
    ഡിസിസി പുനസംഘടനയില്‍ കോട്ടയത്തെ രാഷ്ട്രീയം ആണ് ഏറെ ചര്‍ച്ചയായത്. സംസ്ഥാനത്തുതന്നെ ശക്തനായ ഉമ്മന്‍ചാണ്ടി പിന്തള്ളപ്പെട്ടത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഡിസിസി പുനസംഘടനക്കെതിരെ പരസ്യ പ്രതികരണവുമായി ഇതാദ്യമായി ഉമ്മന്‍ചാണ്ടി രംഗത്തുവന്നതും ശ്രദ്ധേയമായി.

    ഹൈക്കമാന്‍ഡ് പട്ടിക പുറത്തുവിട്ട് ശേഷം ഉമ്മന്‍ചാണ്ടി അതിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നതാണ് കോണ്‍ഗ്രസില്‍ വലിയ കലാപങ്ങള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ ഇതിനു പിന്നാലെ ഗ്രൂപ്പില്‍ ഉണ്ടായ ആഭ്യന്തര കലഹങ്ങളും ഇന്നലെ തന്നെ ചര്‍ച്ചയായിരുന്നു. എ ഗ്രൂപ്പില്‍ ഉണ്ടായ കടുത്ത ഭിന്നതയാണ് ഇന്നലെ പരസ്യമായി പുറത്ത് വന്നത്.

    കോട്ടയത്ത് ആദ്യമായി എ ഗ്രൂപ്പില്‍ തന്നെ കടുത്ത ഭിന്നത ഇന്നലെ ഉണ്ടായി എന്നത് ശ്രദ്ധേയമാണ്. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രണ്ടു പേരുകള്‍ക്കായി വാദിച്ചു എന്നതാണ് ശ്രദ്ധേയമായത്. പതിറ്റാണ്ടുകളായി എ ഗ്രൂപ്പിന്റെ നാവ് ആയിരുന്ന തിരുവഞ്ചൂര്‍ കഴിഞ്ഞ കെ.പി.സി.സി പുനസംഘടന മുതലാണ് എ ഗ്രൂപ്പുമായി ആകുന്നതായി സൂചനകള്‍ വന്നത്. ഡിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നീക്കങ്ങളിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചു എന്നായിരുന്നു ഇതുവരെയുള്ള വാര്‍ത്തകള്‍. ഈ വാര്‍ത്തകള്‍ ശരിവെക്കുന്നതാണ് ഇന്നലെയും ഇന്നുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

    എ ഗ്രൂപ്പിനോട് ഉള്ള അതൃപ്തി പരസ്യമാക്കി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്ന് മാധ്യമങ്ങളെ കണ്ടതാണ് ഏറെ ശ്രദ്ധേയം. ഉമ്മന്‍ചാണ്ടിയുമായുള്ള വലിയ ബന്ധം തുറന്നുപറയുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പക്ഷേ ഗ്രൂപ്പിനോട് ഉള്ള കടുത്ത അതൃപ്തി പരസ്യമാക്കി. അതിനുള്ള കാരണങ്ങളും തിരുവഞ്ചൂര്‍ നിരത്തുകയാണ്. ഗ്രൂപ്പില്‍ നിന്ന് എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാറില്ല എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുറന്നു പറഞ്ഞു.

    വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാന്‍ പോകാന്‍ കഴിയുമോ എന്നാണ് എ ഗ്രൂപ്പിന് തന്നോടുള്ള സമീപനം വ്യക്തമാക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉപയോഗിച്ച് പ്രയോഗം. 365 ദിവസവും ഒരുപോലെ നില്‍ക്കുന്നതല്ല ഗ്രൂപ്പ് ചൂട് എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുറന്നു പറയുന്നു. ചിലപ്പോള്‍ അത് തണുത്ത പോകുമെന്നും തിരുവഞ്ചൂര്‍ ഇപ്പോഴത്തെ സാഹചര്യം ചൂണ്ടിക്കാട്ടാന്‍ വ്യക്തമാക്കുന്നു.

    എ ഗ്രൂപ്പില്‍ നിന്ന് മാറി നില്‍ക്കുന്നു എന്നതിന് ഇനിയും വലിയ സൂചനകള്‍ വേണ്ട. എ ഗ്രൂപ്പില്‍ നിന്ന് അകന്നു എന്നതിനപ്പുറം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ പിന്തുണച്ചു സംസാരിക്കാനും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മടി കാട്ടിയില്ല. പുനസംഘടനയില്‍ സുധാകരന് വീഴ്ച പറ്റിയിട്ടില്ല എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എ വി ഗോപിനാഥ് പി എസ് പ്രശാന്ത് എന്നിവരുടെ പ്രതിഷേധങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ആയിരുന്നു തിരുവഞ്ചൂര്‍ ഇങ്ങനെ മറുപടി നല്‍കിയത്.

    ഒറ്റപ്പെട്ട സംഭവങ്ങളെ അങ്ങനെ കണ്ടാല്‍ മതി എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി വേണുഗോപാലും പിന്തുണച്ച നാട്ടകം സുരേഷ് ആണ് കോട്ടയത്ത് ഡിസിസി അധ്യക്ഷന്‍ ആയത്. ഉമ്മന്‍ചാണ്ടി ക്യാമ്പിന് ഇതുമൂലം ഏറ്റ തിരിച്ചടി ചെറുതല്ല. യൂജിന്‍ തോമസിനും ഫില്‍സണ്‍ മാത്യൂസ് വേണ്ടിയായിരുന്നു ഉമ്മന്‍ചാണ്ടി ഏറെയും ഹൈക്കമാന്‍ഡിനു മുന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയത്. എ ഗ്രൂപ്പിലെ ഒരു വിഭാഗം തന്നെ കോട്ടയത്ത് നാട്ടകം സുരേഷിനെതിരെ പോസ്റ്ററുകള്‍ പതിച്ചതും ഇതിന്റെ തെളിവാണ്.
    Published by:Karthika M
    First published: