• HOME
 • »
 • NEWS
 • »
 • kerala
 • »
 • മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ കാരണം ഈ ഇഞ്ചി കൃഷിക്കാരന്‍റെ ഒരു ചെറിയ പ്രതികാരം

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ കാരണം ഈ ഇഞ്ചി കൃഷിക്കാരന്‍റെ ഒരു ചെറിയ പ്രതികാരം

ജീവഭയമില്ലെന്നും ഇത്തരം പോരാട്ടങ്ങൾക്ക് വേണ്ടിയാണ് അവിവാഹിതനായി തുടരുന്നതെന്നും വ്യക്തമാക്കുന്നു ആന്‍റണി.

 • News18
 • Last Updated :
 • Share this:
  കൊച്ചി: കായൽ കയ്യേറി നിർമിച്ചതിന് മരടിലെ നാല് ഫ്ലാറ്റുകളാണ് രണ്ടു ദിവസത്തെ ഇടവേളകളിൽ മണ്ണിലമർന്നത്. സുപ്രീംകോടതി വിധിയെ തുടർന്നാണ് മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ തീരുമാനമായത്. എന്നാൽ, ആ വിധിക്ക് കാരണക്കാരനായ ആൾ, കായൽ കയ്യേറി നിർമിച്ച ഫ്ലാറ്റുകൾക്ക് എതിരെ കോടതി കയറിയിറങ്ങിയ ആൾ കൊച്ചിയിലുണ്ട്, ഇഞ്ചിക്കൃഷിക്കാരനായ ആന്‍റണി.

  ആന്‍റണിക്കിത് ഒരു പ്രതികാരത്തിന്‍റെ കഥ കൂടിയാണ്. ശക്തിയും പണവും ഉപയോഗിച്ച് കാര്യം നേടാൻ ശ്രമിച്ച കൊച്ചിയിലെ പ്രമുഖ ബിൽഡറെ തളയ്ക്കാൻ നിയമത്തിന്‍റെ വഴി തേടിയിറങ്ങിയത് ഇവിടെ വരെയെത്തി. വീടിനു പിന്നാമ്പുറത്തുള്ള സ്ഥലം നിസ്സാരവിലയ്ക്ക് സ്ഥലം വാങ്ങി അവിടെ വൻകിട ഫ്ലാറ്റുകൾ പണിതവരോടായിരുന്നു ആന്‍റണിയുടെ പോരാട്ടം.

  നാട്ടിലും കർണാടകയിലുമായി ഇഞ്ചി കൃഷി നടത്തി വരികയായിരുന്നു ആന്‍റണി. എന്നാൽ, വീടിന്‍റെ ചുറ്റുമതിൽ ടിപ്പർ ലോറികൾ ഇടിച്ചു മറിക്കുന്നത് കണ്ടപ്പോൾ ആന്‍റണിക്ക് സഹിച്ചില്ല. അവരുടെ ഗുണ്ടായിസത്തിന് കൂട്ടായി പൊലീസുകാരും റവന്യൂ ജീവനക്കാരും കള്ളക്കളി നടത്തുക കൂടി ചെയ്തപ്പോൾ നിയമത്തിന്‍റെ വഴി തേടാൻ ആന്‍റണി തീരുമാനിക്കുകയായിരുന്നു.

  ആദ്യപടി വിവരാവകാശം

  ആന്‍റണി നിരന്തരമായി വിവരാകാശ അപേക്ഷ നൽകി തുടങ്ങിയതോടെ നിയമലംഘകരുടെ കണക്കെടുക്കാൻ കൊച്ചി കോർപ്പറേഷനും മരട് മുൻസിപ്പാലിറ്റിയും തീരദേശ പരിപാലന അതോറിറ്റിയും നിർബന്ധിതരായി. ഇതിനെ തുടർന്ന് നിരവധ പേർക്കാണ് നോട്ടീസുകൾ അയച്ചത്. 14 പേർക്ക് സ്റ്റോപ് മെമ്മോയും അയച്ചു. അങ്ങനെ തുടങ്ങി, തുടർന്ന പോരാട്ടം നാല് ഫ്ലാറ്റുകളുടെ അന്ത്യം കുറിച്ചു.

  സഹായമായി അഡ്വ എം.എ ഏലിയാസ് എന്ന അഭിഭാഷകൻ

  നിയമ പോരാട്ടത്തിന് ഇറങ്ങിയ ആന്‍റണിക്ക് എല്ലാ സഹായവും ചെയ്തു കൊടുത്തത് അഡ്വ എം.എ ഏലിയാസ് എന്ന അഭിഭാഷകൻ ആയിരുന്നു. കെട്ടിട നിർമ്മാണ ചട്ടങ്ങളെക്കുറിച്ച് ഇരുവരും കുത്തിയിരുന്ന് പഠിച്ചു. മരടിലെ ഒരു ഫ്ലാറ്റിന് മാത്രം 37 ചട്ടലംഘനങ്ങളാണ് ഇവർ കണ്ടെത്തിയത്.
  ഇതിനെ തുടർന്ന് വിജിലൻസിന് ഇവർ പരാതി നൽകി, തുടർന്ന് അന്വേഷണവുമായി ബന്ധപ്പെട്ട് വിജിലൻസ് അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. 2012ൽ ഏലിയാസ് മരിച്ചതോടെ കേസ് ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. ഇതിനിടെ അഡ്വ ജി ഗോപകുമാർ കേസ് ഏറ്റെടുക്കാൻ തയ്യാറായി.

  ഇതിനിടെ, വേമ്പനാട്ട് കായലി​ലെ കൈയേറ്റങ്ങളെക്കുറി​ച്ച് സുപ്രീം കോടതി​ സ്വമേധയാ കേസെടുത്തു. ആ സമയത്ത് തന്‍റെ കേസി​ൽ കീഴ് കോടതി​കളി​ലെ നി​യമയുദ്ധം ഒഴി​വാക്കാൻ നേരി​ട്ട് കക്ഷിയാകുകയായിരുന്നു ആന്‍റണി. അതേസമയം, തനിക്കെതിരെ നിരന്തരം ഭീഷണികളും വെല്ലുവിളികളും ഉണ്ടാകാറുണ്ടെന്ന് ആന്‍റണി പറയുന്നു. ജീവഭയമില്ലെന്നും ഇത്തരം പോരാട്ടങ്ങൾക്ക് വേണ്ടിയാണ് അവിവാഹിതനായി തുടരുന്നതെന്നും വ്യക്തമാക്കുന്നു ആന്‍റണി.
  Published by:Joys Joy
  First published: