• HOME
 • »
 • NEWS
 • »
 • kerala
 • »
 • KSRTC Swift|ഡ്രൈവർമാർ മാറി മാറി ശ്രമിച്ചു; 5 മണിക്കൂർ ശ്രമത്തിനൊടുവിൽ സ്വിഫ്റ്റ് ബസ് പുറത്തെടുത്തത് ഇങ്ങനെ

KSRTC Swift|ഡ്രൈവർമാർ മാറി മാറി ശ്രമിച്ചു; 5 മണിക്കൂർ ശ്രമത്തിനൊടുവിൽ സ്വിഫ്റ്റ് ബസ് പുറത്തെടുത്തത് ഇങ്ങനെ

ഒടുവിൽ കെഎസ്ആര്‍ടിസിയിൽ വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ള ഡ്രൈവർ  ജയചന്ദ്രൻ സ്വിഫ്റ്റ് ബസിന്റെ വളയം തിരിച്ചു

 • Share this:
  കോഴിക്കോട്: ഇന്നലെ രാത്രി പത്ത് മണിക്കാണ് ബംഗളൂരുവില്‍ നിന്നുള്ള സ്വിഫ്റ്റ് (KSRTC Swift)ഗരുഡ പ്രീമിയം എസി സീറ്റര്‍ ബസ് കോഴിക്കോട് കെഎസ്എആര്‍ടിസി (KSRTC)സ്റ്റാന്‍ഡിലെത്തിയത്. ബസ്സ് പാർക്ക് ചെയ്ത് ഡ്രൈവർ മടങ്ങി. എന്നാൽ രാവിലെ സർവീസ് നടത്താനെത്തിയ ഡ്രൈവർക്ക് ബസ് പിന്നോട്ട് എടുക്കാനായില്ല. സ്വിഫ്റ്റിന്റെ പല ഡ്രൈവർ മാർ മാറിമാറി എത്തിയെങ്കിലും  ഫലമുണ്ടായില്ല.

  പല വഴി പരീക്ഷിച്ചെങ്കിലും ബസ് തൂണുകളില്‍ ഉടക്കി തന്നെ നിന്നു. ഗ്ലാസ് പൊട്ടിക്കുകയോ തൂൺ മുറിക്കുകയോ ചെയ്യാതെ ബസ് പുറത്തിറക്കാനാകില്ല എന്ന സ്ഥിതിയിലായതോടെയാണ് മറ്റുവഴികള്‍ തേടുന്നത്. കെഎസ്ആർടിസി ടെർമിനലിലെ തൂണുകൾക്കിടയിൽ കെ സ്വിഫ്റ്റ് ബസ്സ് കുടുങ്ങിയത്.

  ഒടുവിൽ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ തൂണിലെ വളയം മുറിച്ച് മാറ്റിയാണ് ബസ് പുറത്തെടുത്തത്. സംഭവത്തിൽ സ്വിഫ്റ്റ് മാനേജ്മെന്‍റ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആർടിസി ബസ്സ് ടെർമിനലിൽ തൂണുകൾ തമ്മിൽ അകലമില്ലാത്തതും പാര്‍ക്കിങിലെ അശ്രദ്ധയുമാണ് ബസ്സ് കുടുങ്ങാൻ കാരണം. നിർമ്മാണത്തിലെ അശാസ്ത്രീയതയെ പറ്റി നേരത്തെ തന്നെ പരാതിയുയർന്നിരുന്നു.
  Also Read-മന്ത്രിമാരുടെ പേരിൽ വ്യാജ വാട്സ്ആപ് സന്ദേശങ്ങൾ; തട്ടിപ്പിനു പിന്നിൽ നൈജീരിയൻ സംഘമെന്ന് പൊലീസ്

  തൂണുകളിലുള്ള ഇരുമ്പ് വളയം മുറിച്ച് മാറ്റാതെ ബസ് പുറത്തെടുക്കാനാവില്ലെന്ന് ബോധ്യപ്പെട്ടതോടെ ഗ്യാസ് കട്ടര്‍ എത്തിച്ചു. ഒരു തൂണിലെ ഇരുമ്പു വളയം നീണ്ട ശ്രമങ്ങൾക്കൊടുവിൽ മുറിച്ച് മാറ്റി. പക്ഷേ ബസ് തൂണില്‍ ഉരയാതെ മുന്നോട്ടെടുക്കാന്‍ വീണ്ടും ഒരു മണിക്കൂറോളം സമയമെടുത്തു. ഒടുവിൽ കെഎസ്ആര്‍ടിസിയിൽ വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ള ഡ്രൈവർ  ജയചന്ദ്രൻ സ്വിഫ്റ്റ് ബസിന്റെ വളയം തിരിച്ചു.  അഞ്ചു മണിക്കൂർ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് ബസ് പുറത്തേക്ക് ഇറക്കാനായത്.

  സംഭവത്തിൽ സി.എം.ഡി വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെന്ന് സ്വിഫ്റ്റ് മാനേജ്മെന്റ് അറിയിച്ചു. ബസ്സിന്റെ വലുപ്പം അറിയാത്തത് മൂലമുണ്ടായ സംഭവമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ടെർമിനൽ കെട്ടിടത്തിൽ ബസുകൾ പാർക്ക് ചെയ്യുന്ന ഇടത്ത് തൂണുകൾ നിർമ്മിച്ചത് കൃത്യമായ അകലം കണക്കാക്കാതെയാണെന്ന പരാതി നേരത്തെ തന്നെ ഉണ്ടായിരുന്നു.

  കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ അശാസ്ത്രീയവും അപാകതയുള്ളതുമായ നിര്‍മാണത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ബസ് കുടുങ്ങിയത്. സാധാരണ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് തന്നെ ഇവിടെ പാര്‍ക്ക് ചെയ്യുന്നതിനും മറ്റും ഏറെ ബുദ്ധിമുട്ടാണ്.

  നേരത്തെ ചെന്നൈ ഐഐടി നടത്തിയ പഠനത്തില്‍ ബസ് സ്റ്റാന്‍ഡ് സമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2015ലാണ് കോഴിക്കോട് കെ എസ് ആര്‍ ടി സി സമുച്ചയം നിര്‍മിച്ചത്. ബിഒടി അടിസ്ഥാനത്തില്‍ കെടിഡിഎഫ് സിയാണ് 76 കോടി രൂപയോളം ചെലവില്‍ സമുച്ചയം പണിതത്. അശാസ്ത്രീയമായ നിര്‍മാണം മൂലം മുന്‍പും നിരവധി അപകടങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്.

  കെഎസ്ആര്‍ടിസി  സ്വിഫ്റ്റ് ബസ്സുകളിലെ താത്കാലിക ജീവനക്കാരുടെ പരിചയക്കുറവും ഇത്തരം അപകടങ്ങൾക്ക് കാരണമായെന്ന ആക്ഷേപവും ശക്തമാണ്. സര്‍വീസ് തുടങ്ങിയ ശേഷം നിരവധി സ്വിഫ്റ്റ് സര്‍വീസുകളില്‍ ഉണ്ടായിട്ടുണ്ട്.
  Published by:Naseeba TC
  First published: