• HOME
  • »
  • NEWS
  • »
  • kerala
  • »
  • THIS IS THE SECOND RETIREMENT FOR U ABDUL KAREEM IPS TV ACV

യു അബ്ദുൽ കരീം ഐപിഎസ്സിന് ഇത് രണ്ടാം വിരമിക്കൽ; പടിയിറങ്ങുന്നത് മലപ്പുറത്തിന്റെ മനസ്സറിഞ്ഞ പോലീസ്

മലപ്പുറത്തുകാരുടെ മനസറിഞ്ഞ് മലപ്പുറത്തുകാരനായ എസ്പി, അങ്ങനെ ആണ് യു അബ്ദുൽ കരീം ഐപിഎസ് നാട്ടിൽ അറിയപ്പെടുന്നത്.

U Abdul Kareem

U Abdul Kareem

  • Share this:
ഇന്ന് വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ എംഎസ്പി കമാൻഡന്റ് യു അബ്ദുൽ കരീമും ഉണ്ട്. പ്രളയം, കവളപ്പാറ മണ്ണിടിച്ചിൽ ദുരന്തം, കരിപ്പൂർ വിമാന അപകടം തുടങ്ങി കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ അനവധി പ്രതിസന്ധി ഘട്ടങ്ങളിൽ മലപ്പുറത്തെ പോലീസിനെ നയിച്ച ഉദ്യോഗസ്ഥൻ ആണ് യു അബ്ദുൽ കരീം ഐപിഎസ്. മറ്റൊരു പ്രത്യേകത കൂടി ഉണ്ട്, ഇത് ഇദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നുള്ള രണ്ടാം വിരമിക്കൽ ആണ്.

മലപ്പുറത്തുകാരുടെ മനസറിഞ്ഞ് മലപ്പുറത്തുകാരനായ എസ്പി, അങ്ങനെ ആണ് യു അബ്ദുൽ കരീം ഐപിഎസ് നാട്ടിൽ അറിയപ്പെടുന്നത്. 2017 ൽ എസ്പി ആയിരിക്കെ സേനയിൽ നിന്നും വിരമിച്ച അദ്ദേഹം ഐപിഎസ് ലഭിച്ചതോടെ തിരിച്ചെത്തുകയായിരുന്നു. തുടർന്ന് എംഎസ്പി കമാൻഡന്റ് കോഴിക്കോട് റൂറൽ എസ്പി ചുമതലകൾ. മലപ്പുറം എസ്പിയുടെ ഉത്തരവദിത്വത്തോടൊപ്പം എംഎസ്പി കമാൻഡന്റ്. കഴിഞ്ഞ വർഷം അവസാനത്തോടെ ജില്ലാ പോലീസ് മേധാവിയുടെ ചുമതല ഒഴിഞ്ഞു. ഇപ്പൊൾ എംഎസ്പി കമാൻഡന്റ് ആയി സേനയിൽ നിന്നും വിരമിക്കുന്നു. സംഭവബഹുലമായിരുന്നു യു അബ്ദുൽ കരീം പോലീസ് തലവൻ ആയിരുന്ന സമയത്ത് മലപ്പുറം ജില്ല. കവളപ്പാറ മണ്ണിടിച്ചിൽ ദുരന്ത സമയത്തെ സേവനത്തെ കേന്ദ്ര സര്ക്കാർ വരെ അംഗീകരിച്ചു.

ഏറെ ദുഷ്കരം ആയിരുന്നു കവളപ്പാറ ദുരന്ത സമയത്തെ ചുമതലകൾ. ഇത്തരം ഒരു പ്രതിസന്ധി ഔദ്യോഗിക ജീവിതത്തിൽ തന്നെ ആദ്യം ആയിരുന്നുവെന്ന് യു അബ്ദുൽ കരീം ഓർത്തെടുക്കുന്നു.

"അവിടെ ഒരു വലിയ അപകടം നടന്നു എന്ന് രാത്രി തന്നെ അറിഞ്ഞിരുന്നു. വൈദ്യുതി, ടെലഫോൺ ബന്ധങ്ങൾ എല്ലാം വിഛേദിക്കപ്പെട്ട നിലയിൽ ആയിരുന്നു. അവിടേക്ക് എത്തി ചേരുക എന്നത് ആയിരുന്നു പ്രധാന വെല്ലുവിളി. മുൻപൊരിക്കലും നേരിടാത്ത പ്രതിസന്ധികൾ ആണ് ആ സമയത്ത് മുൻപിൽ ഉണ്ടായിരുന്നത്. തിരച്ചിലിന് സൗകര്യം ഒരുക്കുകയായിരുന്നു പിന്നീട് വെല്ലുവിളി ആയത്. ഏറ്റവും വലിയ മണ്ണുമാന്തി യന്ത്രങ്ങൾ കൊണ്ട് വന്ന് തെരച്ചിൽ നടത്താൻ സാധിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയുക എന്നത് ആയിരുന്നു നേരിട്ടതിലേറ്റവും വിഷമമേറിയ ദൗത്യം.

You may also like:Work From Home in Google | വർക്ക് ഫ്രം ഹോമിൽ ഗൂഗിളിന് ലാഭം 7412 കോടിയിലേറെ രൂപ

മണ്ണിനടിയിൽ പുതഞ്ഞു കിടന്ന മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു. ഒരു സംഭവം ഓർക്കുന്നു, ഒരു പെൺകുട്ടിയുടെ മൃതദേഹം കിട്ടിയപ്പോൾ ആദ്യം അച്ഛൻ ഇത് ഇന്ന ആളാണെന്ന് പറഞ്ഞു. കാലിലെ പാദസരം കണ്ടാണ് അങ്ങനെ പറഞ്ഞത്. പിന്നീട് മറ്റൊരു മൃതദേഹം കിട്ടിയപ്പോൾ അതല്ല ഇതാണ് മുൻപ് പറഞ്ഞ കുട്ടി എന്ന് പറഞ്ഞു. കുട്ടികൾ പാദസരം മാറ്റിയത് ആയിരുന്നു അന്ന് അച്ഛനെ വരെ തിരിച്ചറിയുന്നത് പ്രശ്നം ആയത്. ഇങ്ങനെ ഒട്ടനവധി അനുഭവങ്ങൾ ആണ് അന്ന് സംഭവിച്ചത്. "മലപ്പുറത്തിന്റെ മുക്കും മൂലയും മാത്രമല്ല ഓരോ മേഖലയിലെ ആളുകളെ വരെ അത്ര പരിചിതം ആണ് ഇദ്ദേഹത്തിന്. അത് പ്രതിസന്ധി ഘട്ടങ്ങൾ കൈകാര്യം ചെയ്യാൻ ഏറെ സഹായകം ആയി എന്ന് അദ്ദേഹം ഓർത്തെടുക്കുന്നു

You may also like:Covid 19 | അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മെയ് 31 വരെ നീട്ടി; ഡിജിസിഎ

"ആദ്യം വിവരം ലഭിക്കുക എന്നത് ആണ് പോലീസിനെ സംബന്ധിച്ച് നിർണായകം. എനിക്ക് എല്ലാ മേഖലയിൽ നിന്നും വിവരം ലഭിച്ചിരുന്നു. കവളപ്പാറ ദുരന്ത സമയത്തും വിമാനത്താവളത്തിൽ അപകടം ഉണ്ടായപ്പോഴും ആദ്യം തന്നെ എനിക്ക് വിവരം ലഭിച്ചിരുന്നു. അത് എല്ലാം ഈ ബന്ധങ്ങൾ കൊണ്ടാണ്."

" തീരദേശ മേഖലകൾ എപ്പോഴും കലാപ കലുഷിതം ആണ്. ഞാൻ എസ് പി ആയിരിക്കുമ്പോൾ രണ്ട് കൊലപാതകങ്ങൾ ഈ മേഖലയിൽ ഉണ്ടായി. പക്ഷേ അത് മറ്റ് കലാപങ്ങളിലേക്ക് നീങ്ങിയില്ല. തുടർന്ന് കൊലപാതകങ്ങളോ അക്രമങ്ങളോ ഉണ്ടായില്ല. ഇത് ആ മേഖലയിൽ നടത്തിയ സമാധാന ശ്രമങ്ങൾ വിജയം കണ്ടത് കൊണ്ടാണ്. അത് ഏറെ ആശ്വാസം നൽകുന്നതാണ്."

മുൻപ് ശീലിച്ച കാര്യങ്ങളെ എല്ലാം മാറ്റുന്നത് ആയിരുന്നു കോവിഡ് കാലത്തെ ഉത്തരവാദിത്വങ്ങൾ എന്ന് യു അബ്ദുല് കരീം പറയുന്നു.

"പണ്ടൊക്കെ ബന്ദും ഹർത്താലും ഉണ്ടാകുമ്പോൾ റോഡ് മുഴുവൻ കല്ലും ഇലക്ട്രിക് പോസ്റ്റുകളും എല്ലാം വച്ച് അടക്കും. ഇത് മാറ്റുന്നത് ആയിരുന്നു പോലീസിന്റെ പ്രധാന ജോലി. എന്നാൽ കോവിഡ് വ്യാപന സമയത്ത് നേരെ തിരിച്ചായി. കണ്ടയിൻമെന്റ് സോണുകൾ ആയി പ്രഖ്യാപിക്കുന്ന സ്ഥലങ്ങൾ അടച്ച് കെട്ടുക ."

എം എസ് പി കമാൻഡന്റ് ആയി ചുരുങ്ങിയ സമയം കൊണ്ട് നിരവധി കാര്യങ്ങൾ ചെയ്യാനായി എന്ന ചാരിതാർത്ഥ്യം ഉണ്ടെന്ന് അദ്ദേഹം പറയുന്നു.

"100 ാം വാർഷികം ആഘോഷിക്കുകയാണ് എംഎസ്പി. ഇവിടെ അടിസ്ഥാന സൗകര്യങ്ങളിൽ ഒരുപാട് മാറ്റവും നവീകരണവും നടത്താൻ ആയി. പരിശീലനം നടത്തുന്ന കുട്ടികൾക്ക് ഇത് എല്ലാം ഏറെ ആശ്വാസം ആണ് നൽകുന്നത്. ഒരുപാട് ചരിത്ര പ്രാധാന്യമുള്ള ശേഷിപ്പുകൾ ഉണ്ട് ഇവിടെ. അതെല്ലാം കണ്ടെടുത്ത് ഒരു ചരിത്ര മ്യൂസിയം തുടങ്ങാൻ ആണ് ശ്രമം. അതിനും തുടക്കം കുറിക്കാൻ സാധിച്ചു."

1987 ലാണ് യു അബ്ദുൽ കരീം പോലീസ് ആകുന്നത്. അതിന് മുമ്പ് പാരലൽ കോളേജ് അധ്യാപകൻ ആയിരുന്നു. ആദ്യമായി എസ് ഐയുടെ ചുമതല ഏറ്റെടുത്തത് തേഞ്ഞിപ്പലത്ത്. പിന്നീട് മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ. സിഐ ആയി വടകരയും കണ്ണൂരും വണ്ടൂരും താനൂരും. 2005 ൽ ഡിവൈഎസ്പി ആയി 2013 ൽ എസ്പി ആയി എങ്കിലും 2017 ൽ വിരമിക്കുന്നത് വരെ ഐപിഎസ് ലഭിച്ചില്ല. ഒരു വർഷത്തിന് ശേഷം ആണ് ഐപിഎസ് ലഭിച്ചതും സേനയിൽ തിരിച്ചെത്തുന്നതും. ഔദ്യോഗിക ജീവിതത്തിൽ ഏറെ തിളക്കമാർന്ന അധ്യായങ്ങൾ എഴുതി ചേർത്താണ് യു അബ്ദുൽ കരീം രണ്ടാം വട്ടം സേനയിൽ നിന്നും പടിയിറങ്ങുന്നത്. ഇനി എന്താണ് ചെയ്യാനുള്ളത്. അദേഹം പറയുന്നു

" എല്ലാം ഒരുമിച്ച് ചേർത്ത് ഒരു പുസ്തകം എഴുതണം എന്നുണ്ട്. ഏറെ വൈകാതെ ആരോഗ്യം അനുവദിക്കുക ആണെങ്കിൽ അത് പൂർത്തിയാക്കും. എനിക്ക് പുതിയ തലമുറയോട് പറയാൻ ഉള്ളത് പി എസ് സി യിൽ രജിസ്റ്റർ ചെയ്യാൻ വൈകരുത്. 22 വയസ് കഴിഞ്ഞാൽ അപേക്ഷിക്കാൻ പറ്റാത്ത പല ജോലികളും ഉണ്ട്. ഇപ്പൊൾ പലരും എല്ലാ പഠനവും കഴിഞ്ഞാണ് പിഎസ്.സിയെ പറ്റി ആലോചിക്കുന്നത് തന്നെ. "

കാത്തിരിക്കാം അദ്ദേഹത്തിന്റെ അനുഭവങ്ങൾ അച്ചടിമഷിയിലൂടെ അടുത്ത കാലങ്ങൾക്ക് വെളിച്ചം ആകുന്നതിനായി.നൽകാം മലപ്പുറത്തിന്റെ ഹൃദയത്തില് നിന്നൊരു സല്യൂട്ട്.
Published by:Naseeba TC
First published:
)}