നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല: വിധിയിൽ വ്യക്തത വരുന്നതു വരെ പൊലീസ് സംരക്ഷണയിൽ സ്ത്രീകളെ കയറ്റില്ല

  ശബരിമല: വിധിയിൽ വ്യക്തത വരുന്നതു വരെ പൊലീസ് സംരക്ഷണയിൽ സ്ത്രീകളെ കയറ്റില്ല

  സ്ത്രീപ്രവേശനം സംബന്ധിച്ച 2018ലെ സുപ്രീംകോടതി വിധിയുടെ ഘട്ടത്തിലേതു പോലെ എടുത്തുചാടി തീരുമാനമൊന്നും വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം

  • News18
  • Last Updated :
  • Share this:
  തിരുവനന്തപുരം: സുപ്രീംകോടതി വിധിയില്‍ വ്യക്തത വരും വരെ ശബരിമലയില്‍ പൊലീസ് സംരക്ഷണയില്‍ സ്ത്രീകളെ കയറ്റില്ല. ലിംഗസമത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. വിധിയില്‍ അവ്യക്തതയുണ്ടെന്നും നിയമവിദഗ്ധരുടെ ഉപദേശം തേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ സംരക്ഷണയില്‍ സ്ത്രീകളെ കയറ്റില്ലെന്ന് നിയമമന്ത്രി എ.കെ.ബാലനും വ്യക്തമാക്കി.

  സ്ത്രീപ്രവേശനം സംബന്ധിച്ച 2018ലെ സുപ്രീംകോടതി വിധിയുടെ ഘട്ടത്തിലേതു പോലെ എടുത്തുചാടി തീരുമാനമൊന്നും വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടു കൂടിയാകും ഇത്തവണ സര്‍ക്കാര്‍ യുവതീപ്രവേശന വിഷയം കൈകാര്യം ചെയ്യുക. സുപ്രീം കോടതി വിധിയിലെ അവ്യക്തതയും പഴുതുകളും ഉപയോഗിച്ച് സ്ത്രീപ്രവേശനമെന്ന തലവേദനയില്‍ നിന്ന് തലയൂരാനാകുമെന്നും പ്രതീക്ഷിക്കുന്നു.

  ലിംഗസമത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സുപ്രീം കോടതി വിശാല ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തില്‍ വീണ്ടും യുവതീപ്രവേശം ഉണ്ടായാല്‍ അതു നിയമപരമായും രാഷ്ട്രീയമായും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തില്‍. വിധി അംഗീകരിക്കുന്നെന്നു പറയുമ്പോൾ തന്നെ വിധിയില്‍ അവ്യക്തതയും ആശങ്കയും തുറന്നു പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

  ശബരിമല; സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്ത് ആർ എസ് എസ്

  ലിംഗ സമത്വവുമായി ബന്ധപ്പെട്ട വിഷയം ഏഴംഗ ബെഞ്ച് പരിശോധിക്കുന്നുണ്ട്. നേരത്തേയുള്ള വിധിയാകെ ഏഴംഗ ബെഞ്ച് പരിശോധിക്കുമോയെന്ന് അറിയില്ല. ഇതില്‍ വ്യക്തത വേണം. വിധിയുടെ പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച നിയമോപദേശം തേടുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

  ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കാതിരുന്നാല്‍ അത് കോടതിയലക്ഷ്യമാകില്ലെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. നിയമമന്ത്രി എ.കെ.ബാലന്‍റെ പ്രതികരണം ഈ വിലയിരുത്തിലിന്‍റെ അടിസ്ഥാനത്തിലാണ്.
  നട തുറക്കുമ്പോള്‍ സ്ത്രീകള്‍ വന്നാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ പ്രതികരണം അതിനു മുന്‍പ് വിധിയില്‍ വ്യക്തതയുണ്ടാകും എന്നായിരുന്നു.

  അതേസമയം, വിധിയെക്കുറിച്ച് ഔദ്യോഗിക പ്രതികരണത്തിന് സിപിഎം ഇതുവരെ തയ്യാറായിട്ടില്ല. എങ്കിലും മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുമെന്ന് വ്യക്തം. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ക്കണ്ടാണ് വിശ്വാസികളെ ഒപ്പം നിര്‍ത്താനുള്ള സിപിഎം ശ്രമം.
  First published: