തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും തീവെച്ചു കൊന്ന കേസിലെ പ്രതി ഹമീദിന്റെ ചോദ്യം കെട്ട നടുക്കത്തിലാണ് പോലീസ്. 'എല്ലാരും തീര്‍ന്നോ' എന്നായിരുന്നു കസ്റ്റഡിയിലുള്ള ഹമീദ് പോലീസിനോട് ആദ്യം ചോദിച്ചത്. മകനോടും കുടുംബത്തോടുമുള്ള കടുത്ത പകയിലാണ് പിതാവ് ഹമീദ് കൊച്ചു മക്കള്‍ അടക്കം നാല് പേരെ തീവെച്ചു കൊന്നത്.
മകനുമായുള്ള സ്വത്ത് തര്‍ക്കമാണ് കൂട്ടക്കൊലയ്ക്ക് കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം, പോലീസ് കസ്റ്റഡിയിലും യാതൊരു കൂസലുമില്ലാതെയായിരുന്നു ഹമീദിന്റെ പെരുമാറ്റം.ഇടുക്കി ചീനിക്കുഴി മുഹമ്മദ് ഫൈസൽ (ഷിബു–45), ഭാര്യ ഷീബ (40), മക്കളായ മെഹ്റിൻ (16), അസ്ന (13) എന്നിവരാണു മരിച്ചത്. ഫൈസലിന്റെ പിതാവ് ആലിയക്കുന്നേൽ ഹമീദ് മക്കാറിനെ (79) പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിൽ ഇരിക്കുമ്പോഴും പ്രതി രാവിലെയും ഉച്ചയ്ക്കും വയറുനിറച്ചു ഭക്ഷണം കഴിച്ചു.
മട്ടനും മീനും അടങ്ങിയ ഭക്ഷണം വേണമെന്നായിരുന്നു പ്രതിയുടെ ഡിമാൻഡ്. തെളിവെടുപ്പിന് എത്തിച്ചപ്പോഴും ഭാവവ്യത്യാസമില്ലാതെ നടന്ന കാര്യങ്ങള്‍ പ്രതി വിശദീകരിച്ചെന്നു പൊലീസ് പറഞ്ഞു. സ്വത്തു തർക്കത്തിന്റെ പേരിൽ ഫൈസലിനെയും കുടുംബത്തെയും ജീവനോടെ കത്തിക്കുമെന്നു ഹമീദ് പലപ്പോഴും ഭീഷണി മുഴക്കിയിട്ടുണ്ട്.
എന്നാല്‍ ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്നു നാട്ടുകാരും ബന്ധുക്കളും പൊലീസും കരുതിയുമില്ല. ഹമീദ് വധഭീഷണി മുഴക്കിയെന്നു കാണിച്ചു ഫെബ്രവരി 25നു ഫൈസൽ തൊടുപുഴ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പ്രശ്നം പരിഹരിച്ചുവിട്ടു. പക്ഷേ ഹമീദിന്റെ മനസ്സിലെ പക കെട്ടടങ്ങിയില്ല. ഇവരെ കൊല്ലാന്‍ ഹമീദ് പദ്ധതികള്‍ തയാറാക്കി.
സ്വത്ത് തര്‍ക്കത്തിന് പുറമേ മറ്റുപലകാര്യങ്ങളെച്ചൊല്ലിയും ഹമീദ് വീട്ടില്‍ നിരന്തരം വഴക്കിട്ടിരുന്നതായാണ് വിവരം. എല്ലാദിവസവും മീനും ഇറച്ചിയും വേണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. ഇതേച്ചൊല്ലിയും വീട്ടില്‍ വഴക്ക് പതിവായിരുന്നു. ജയിലിലാണെങ്കില്‍ രണ്ടുദിവസമെങ്കിലും മട്ടണ്‍ കിട്ടുമെന്നും പ്രതി സമീപത്തെ കടകളിലെത്തി പറഞ്ഞിരുന്നു.
മകനും കുടുംബവും മരിക്കണമെന്ന് ഉറപ്പിച്ചു രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അടച്ചാണ് ഹമീദ് കൂട്ടക്കൊല നടത്തിയത്. തെളിവെടുപ്പിനെത്തിച്ച പ്രതിക്കു നേരെ വന്‍ പ്രതിഷേധമുണ്ടായി. കൊടും കുറ്റവാളികള്‍ നടത്തുന്ന മുന്നൊരുക്കള്‍ പോലെ മകനെയും കുടുംബത്തെയും കൊല്ലാന്‍ ഹമീദ് തയാറാക്കിയ പദ്ധതികള്‍ അന്വേഷണ സംഘത്തെ ഞെട്ടിച്ചു. മകനെയും കുടുംബത്തെയും തീയിട്ടു കൊന്നെന്ന്, സംഭവത്തിനുശേഷം ബന്ധുവീട്ടിൽ എത്തിയപ്പോൾ അവരോട് ഇയാൾ തുറന്നു പറഞ്ഞെന്നു പൊലീസ് പറയുന്നു. തുടർന്നു പൊലീസ് സ്റ്റേഷനിലേക്ക് പോവുകയാണെന്ന് അറിയിച്ച് അവിടെനിന്ന് ഇറങ്ങുകയായിരുന്നു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.