• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'അസംബന്ധങ്ങള്‍ പ്രചരിപ്പിച്ച ഒരാളിന്റെ പേര് ഗവേഷണ സ്ഥാപനത്തിനു നല്‍കാന്‍ സംഘികള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് ധൈര്യമുണ്ടാവുക?' തോമസ് ഐസക്

'അസംബന്ധങ്ങള്‍ പ്രചരിപ്പിച്ച ഒരാളിന്റെ പേര് ഗവേഷണ സ്ഥാപനത്തിനു നല്‍കാന്‍ സംഘികള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് ധൈര്യമുണ്ടാവുക?' തോമസ് ഐസക്

നമ്മുടെ നാടിനെയും സ്ത്രീകളെയും ഹീനവും നീചവുമായി അപമാനിച്ച ആളിന്റെ പേരില്‍ ഈ നാട്ടിലൊരു ശാസ്ത്രഗവേഷണ സ്ഥാപനം അറിയപ്പെടാന്‍ പാടില്ല. അത് മലയാളികളെയും കേരളത്തെയും അപമാനിക്കുന്ന പ്രവൃത്തിയാണ്.

golwalkar

golwalkar

 • Share this:
  തിരുവനന്തപുരം: രാജീവ് ഗാന്ധി രാജീവ് ഗാന്ധി ബയോടെക്‌നോളജി കേന്ദ്രത്തിന്റെ രണ്ടാം കാമ്പസിന് ആർ.എസ്.എസ് ആചാര്യൻ ഗോള്‍വാള്‍ക്കറുടെ പേരിടുന്നതിനെതിരെ മന്ത്രി തോമസ് ഐസക്. രണ്ട് കാരണങ്ങള്‍ മൂലമാണ് കേരളത്തിന് വിയോജിപ്പുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

  "അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ഗവേഷണസ്ഥാപനമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം കേന്ദ്രസര്‍ക്കാരിനെ ഈ സ്ഥാപനം ഏല്‍പ്പിച്ചത്. അല്ലാതെ സംഘിനേതാക്കളുടെ പേരിട്ട് നാടിനെ അപമാനിക്കാനല്ല.
  എന്തു വിശ്വസിച്ചാണ് ഇതുപോലുള്ള സ്ഥാപനങ്ങള്‍ നാം കേന്ദ്രസര്‍ക്കാരിനെ ഏല്‍പ്പിക്കുക? പൊതുമേഖലാ സ്ഥാപനങ്ങളാണെങ്കില്‍ തുച്ഛവിലയ്ക്ക് വിറ്റു തുലയ്ക്കുകയാണ്. ഗവേഷണ സ്ഥാപനങ്ങളാണെങ്കില്‍ ഇതുപോലുളള പേരുകളിട്ട് അപമാനിക്കലും." ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

  ഫേസ്ബുക്ക് പേസ്റ്റ് പൂര്‍ണ രൂപത്തിൽ


  രാജീവ് ഗാന്ധി ബയോടെക്‌നോളജി ഗവേഷണ കേന്ദ്രത്തിന് ഗോള്‍വാള്‍ക്കറുടെ പേരിടുന്നതില്‍ കേരളത്തിന് രണ്ടു കാരണങ്ങളാല്‍ വിയോജിപ്പുണ്ട്. ഒന്ന്, കേന്ദ്രസര്‍ക്കാരിന് കേരളം വിട്ടുകൊടുത്ത സ്ഥാപനമാണിത്.  2007 ആഗസ്റ്റ് 2ന് അന്നത്തെ ശാസ്ത്രസാങ്കേതിക വകുപ്പു മന്ത്രി കപില്‍ സിബലാണ് സ്ഥാപനം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത പ്രഖ്യാപനം നടത്തിയത്.  അന്താരാഷ്ട്ര നിലവാരത്തില്‍ ഈ സ്ഥാപനത്തെ വികസിപ്പിക്കുന്നതിനുവേണ്ടി സ്ഥാപനം കേന്ദ്രസര്‍ക്കാരിനു കൈമാറിയതില്‍ സംസ്ഥാന സര്‍ക്കാരിന് നന്ദി പറയാനും അദ്ദേഹം  മറന്നില്ല.

  അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ഗവേഷണസ്ഥാപനമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം കേന്ദ്രസര്‍ക്കാരിനെ ഈ സ്ഥാപനം ഏല്‍പ്പിച്ചത്. അല്ലാതെ സംഘിനേതാക്കളുടെ പേരിട്ട് നാടിനെ അപമാനിക്കാനല്ല.
  എന്തു വിശ്വസിച്ചാണ് ഇതുപോലുള്ള സ്ഥാപനങ്ങള്‍ നാം കേന്ദ്രസര്‍ക്കാരിനെ ഏല്‍പ്പിക്കുക? പൊതുമേഖലാ സ്ഥാപനങ്ങളാണെങ്കില്‍ തുച്ഛവിലയ്ക്ക് വിറ്റു തുലയ്ക്കുകയാണ്. ഗവേഷണ സ്ഥാപനങ്ങളാണെങ്കില്‍ ഇതുപോലുളള പേരുകളിട്ട് അപമാനിക്കലും.

  പേരിടലിനെ എതിര്‍ക്കാന്‍ രണ്ടാമതൊരു കാരണവുമുണ്ട്. കേരളീയരെ പൊതുവിലും കേരളത്തിലെ സ്ത്രീകളെ വിശേഷിച്ചും പരസ്യമായി അപമാനിച്ച ഒരു ചരിത്രമുണ്ട് ഗോള്‍വാള്‍ക്കറിന്. വി മുരളീധരനും എം ടി രമേശുമൊക്കെ ആ ചരിത്രം മനസിലാക്കണം. അത്തരമൊരാളിന്റെ പേരിലല്ല നമ്മുടെ നാട്ടിലെ ഒരു ശാസ്ത്രഗവേഷണ സ്ഥാപനം അറിയപ്പെടേണ്ടത്.
  ശാസ്ത്രവിരുദ്ധവും സംസ്‌ക്കാരശൂന്യവും മനുഷ്യരാശിയുടെതന്നെ അന്തസു കെടുത്തുന്നതുമായ ആശയങ്ങളുടെ ഉടമയായിരുന്ന ഒരു വംശീയവാദിയുടെ പേരിലല്ല തിരുവനന്തപുരത്തെ ബയോളജി ഇന്‍സ്റ്റ്യൂട്ട് അറിയപ്പെടേണ്ടത്. ഈ തീരുമാനം തിരുത്തിക്കാന്‍ വി മുരളീധരനെപ്പോലുള്ളവരും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണം എന്നഭ്യര്‍ത്ഥിക്കട്ടെ.

  Also Read ആർഎസ്എസ് ആചാര്യൻ ഗോള്‍വാള്‍ക്കറുടെ പേരിലെ രാജ്യത്തെ ആദ്യ സർക്കാർ ഗവേഷണ കേന്ദ്രം തിരുവനന്തപുരത്ത്; വരുന്നത് ആര്‍ജിസിബി രണ്ടാം കേന്ദ്രമായി

  1960 ഡിസംബര്‍ 17ന് ഗുജറാത്ത് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഗോള്‍വാള്‍ക്കര്‍ കേരളത്തെ പേരെടുത്തു പറഞ്ഞ് അപമാനിച്ചത്. ആ പ്രഭാഷണത്തിന്റെ റിപ്പോര്‍ട്ട് 1961 ജനുവരി 2ന്റെ ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ ഒരു ഭാഗം താഴെക്കൊടുക്കുന്നു.

  In an effort to better the human species through cross-breeding, the Namboodri Brahamanas of the North were settled in Kerala and a rule was laid down that the eldest son of a Namboodri family could marry only the daughter of Vaishya, Kashtriya or Shudra communities of Kerala. Another still more courageous rule was that the first off-spring of a married woman of any class must be fathered by a Namboodri Brahman and then she could beget children by her husband. Today this experiment will be called adultery but it was not so, as it was limited to the first child.

  ഏതു ജാതിയിലെയും സ്ത്രീയുടെ ആദ്യത്തെ കുട്ടി നമ്പൂതിരി ബ്രാഹ്മണനില്‍ നിന്നായിരിക്കണമെന്ന ധീരമായ നിയമം കേരളത്തിലുണ്ടായിരുന്നു പോലും. മേന്മയുള്ള സങ്കരയിനം മനുഷ്യരെ സൃഷ്ടിക്കാനാണത്രേ വടക്കു നിന്ന് നമ്പൂതിരി ബ്രാഹ്മണര്‍ കേരളത്തിലേയ്ക്ക് കുടിയേറിയത്. ഇത്തരം അസംബന്ധങ്ങള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ഒരാളിന്റെ പേര് ഒരു ശാസ്ത്രഗവേഷണ സ്ഥാപനത്തിനു നല്‍കാന്‍ സംഘികള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് ധൈര്യമുണ്ടാവുക?

  എത്ര നീചവും അധമവുമായിരുന്നു ഗോള്‍വാള്‍ക്കറുടെ ചിന്തകള്‍ എന്നു നോക്കൂ. അങ്ങേയറ്റം സ്ത്രീവിരുദ്ധവും പിന്തിരിപ്പനുമായ ജല്‍പനങ്ങള്‍ ഒരു സര്‍വകലാശാലയില്‍ ചെന്ന് തട്ടിമൂളിക്കാന്‍ ആര്‍എസ്എസുകാര്‍ക്കേ കഴിയൂ. ഈ വംശശുദ്ധി വാദത്തെ വി മുരളീധരനും എം ടി രമേശും അംഗീകരിക്കുന്നുണ്ടോ? എങ്കിലത് ജനങ്ങളോട് പരസ്യമായി പറയാന്‍ അവരെ വെല്ലുവിളിക്കുകയാണ്. ഈ ആശയം ഉപ്പു ചേര്‍ത്താണോ പഞ്ചാര ചേര്‍ത്താണോ എം ടി രമേശിനെപ്പോലുള്ളവര്‍ വിഴുങ്ങുന്നത്?

  ജാതിയുടെ പേരില്‍ പടച്ചുവെച്ച ഉച്ചനീചത്വങ്ങളില്‍ അഗാധമായ വിശ്വാസമുള്ള വ്യക്തിയ്ക്കു മാത്രമേ മേല്‍പ്പറഞ്ഞ സങ്കരജാതി വങ്കത്തരം എഴുന്നെള്ളിക്കാന്‍ കഴിയൂ. കേരളത്തിലുള്ളവരെല്ലാം അധമവര്‍ഗമായിരുന്നുവെന്നാണ് ആര്‍എസ്എസ് നേതാവ് ധരിച്ചുവെച്ചിരുന്നത്. അവരില്‍ മേല്‍ത്തരം സങ്കരയിനം സന്തതികളെ ഉല്‍പാദിപ്പിക്കാന്‍ ഉത്തരേന്ത്യയിലെ മേന്മയേറിയ നമ്പൂതിരിമാര്‍ നിയോഗിക്കപ്പെട്ടുവത്രേ. ഈ വാദത്തിന്റെ വ്യാഖ്യാനങ്ങള്‍ ഞാന്‍ ട്രോളര്‍മാര്‍ക്കു വിടുന്നു.
  നമ്മുടെ നാടിനെയും സ്ത്രീകളെയും ഹീനവും നീചവുമായി അപമാനിച്ച ആളിന്റെ പേരില്‍ ഈ നാട്ടിലൊരു ശാസ്ത്രഗവേഷണ സ്ഥാപനം അറിയപ്പെടാന്‍ പാടില്ല. അത് മലയാളികളെയും കേരളത്തെയും അപമാനിക്കുന്ന പ്രവൃത്തിയാണ്. ഈ തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണം. കേന്ദ്രത്തിന് നാം വിട്ടുകൊടുത്ത സ്ഥാപനത്തില്‍ ഒരു രണ്ടാം കാമ്പസ് വരുന്നത്, കേരളീയരെ അപമാനിച്ചുകൊണ്ടാവരുത്.
  Published by:Aneesh Anirudhan
  First published: