തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ വി മുരളീധരനനെയും ബിജെപിയെയും വിമര്‍ശിച്ച് ധനമനന്ത്രി തോമസ് ഐസക് രംഗത്ത്. കുഴല്‍പ്പണക്കേസില്‍ ''തൊണ്ടയില്‍ തൂമ്പവച്ചു തൊണ്ടിയാലും ഒറക്ഷരം മിണ്ടില്ലെന്ന വാശിയിലാണ് കേന്ദ്രസഹമന്ത്രിയും സംഘവും' എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഫെയ്സ്ബുക് കുറിപ്പിലൂടെയായിരുന്ന് തോമസ് സൈകിന്റെ വിമര്‍ശനം.
കള്ളപ്പണം ഇല്ലാതാക്കന്‍ നോട്ടു നിരോധിച്ചവരുടെ കൈവശമാണ് മുഴുവന്‍ കള്ളപ്പണമെന്നും ബിജെപി കള്ളപ്പണക്കുത്തകയായി മാറിയെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഒരു നേട്ടവുമില്ലാതെ ഇത്രയും പണം ചെലവഴിക്കുന്നവരെ മണ്ടന്മാര് എന്നു വിളിക്കാനാവില്ലെന്നും സീറ്റുമില്ല വോട്ടുമില്ല എന്ന അവസ്ഥയിലാണ് ബിജെപിയെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും തോമസ് ഐസക് വിമര്‍ശിച്ചു. കേരളത്തില്‍ തെക്കുവടക്കു നടക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോലുള്ള ദേശീയ ഏജന്സ്കകളുടെ അടുത്തനീക്കമാണ് നാം ആകാഷയോടെ കാത്തിരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
തോമസ് ഐസകിന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം
കൊടകരയില്‍ വെച്ച് ഒരു ദേശീയ പാര്‍ടിയുടെ ഹവാലാപ്പണം തട്ടിയെടുത്ത കേസു സംബന്ധമായി, തൊണ്ടയില്‍ തൂമ്പ വെച്ചു തോണ്ടിയാലും ഒരക്ഷരം മിണ്ടില്ലെന്ന വാശിയിലാണ് നമ്മുടെ കേന്ദ്രസഹമന്ത്രിയും സംഘവും. ''കള്ളപ്പണ'' വിദഗ്ധരായിരുന്നല്ലോ ഇവരെല്ലാം. മിനിട്ടിനു മിനിട്ടിന് പ്രസ്താവനയും പത്രസമ്മേളനവുമായി സജീവമായിരുന്നവരെയൊന്നും ഇപ്പോള്‍ കാണാനേയില്ല. ആകെക്കൂടി ഒരു പ്രസ്താവനാസമാധി.
ഒരുകാര്യം വ്യക്തമായി. കള്ളപ്പണം ഇല്ലാതാക്കാന്‍ നോട്ടുനിരോധിച്ചവരുടെ കൈവശമാണ് ഇന്ന് മുഴുവന്‍ കള്ളപ്പണവും. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണക്കുത്തകയായി ബിജെപി മാറി. ഈ പണത്തിന്റെ കുത്തൊഴുക്കാണ് ഇലക്ഷനുകളില്‍ നാം കാണുന്നത്. കേരളത്തിലും വന്‍തോതിലാണ് ഇക്കുറി ബിജെപി പണമൊഴുക്കിയത്. അതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഈ കേസിലൂടെ പുറത്തു വന്ന പത്തുകോടി. യഥാര്‍ത്ഥ തുക ഇതിന്റെ എത്രയോ മടങ്ങ് ആയിരിക്കും?
ഒരു നേട്ടവുമില്ലാതെ ഇത്രയും പണം ചെലവഴിക്കുന്നവരെ മണ്ടന്മാര് എന്നുപോലും വിളിക്കാനാവില്ല. അത് നാളെ അറിയാം. എത്ര കോടി ചെലവഴിച്ചാലും സീറ്റുമില്ല വോട്ടുമില്ല എന്ന അവസ്ഥയിലാണ് ബിജെപി. അങ്ങനെ വെറുതേ കടലിലൊഴുക്കുന്ന പണത്തിന്റെ ഒരു വിഹിതം തങ്ങളുടെ പോക്കറ്റിലിലിരിക്കട്ടെ എന്ന് ദേശീയ പാര്‍ടിയിലെ ചില പ്രാദേശിക നേതാക്കള്‍ തീരുമാനിച്ചെങ്കില്‍ അവരെ കുറ്റപ്പെടുത്താനാവില്ല.
നടക്കാത്ത പ്രോജക്ടില്‍ നിക്ഷേപിക്കാന്‍ കോടിക്കണക്കിനു രൂപയുമായി വരുന്ന ആര്‍ക്കും സംഭവിക്കുന്നതേ ഇവിടെയും സംഭവിച്ചിട്ടുള്ളൂ. തൊണ്ണൂറു ശതമാനം പണവും അടിച്ചുമാറ്റപ്പെടും. ഇവിടെയും അതു തന്നെയാണ് സംഭവിച്ചത്. പത്തല്ല, ആയിരം കോടി വാരിയെറിഞ്ഞാലും കേരളത്തില്‍ ബിജെപിയ്ക്ക് ഒരു നേട്ടവുമുണ്ടാകില്ല. അതറിയാവുന്ന ബുദ്ധിമാന്മാര് കൈയില്‍ കിട്ടിയ പണം അടിച്ചു മാറ്റി. എന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസിലാകുന്നത്. അവര്‍ ആരൊക്കെയാണ് എന്ന് പോലീസ് അന്വേഷിക്കട്ടെ. ചോദ്യം ചെയ്യപ്പെടുന്നവരില്‍ പലര്‍ക്കും ഉന്നത ബന്ധങ്ങളുണ്ടെന്നും കനത്ത നിശബ്ദതയുടെ കാരണം അതാണ് എന്നുമൊക്കെ അശരീരിയുണ്ട്. ഞാനായിട്ട് അതൊന്നും വിശദീകരിക്കുന്നില്ല.
കേരളത്തില്‍ തെക്കുവടക്കു നടക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോലുള്ള ദേശീയ ഏജന്‍സികളുടെ അടുത്ത നീക്കമാണ് നാം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അവരുടെ മുന്നിലും പരാതിയെത്തിയിട്ടുണ്ട്. ഈ കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശേഷി അവര്‍ക്കുണ്ടോ എന്ന് സ്വാഭാവികമായും ആകാംക്ഷയുണ്ടാകും. കാരണം, കള്ളപ്പണത്തിനെതിരെയുള്ള കുരിശുയുദ്ധത്തിന്റെ ഭാഗമായിട്ടാണല്ലോ അവര്‍ കേരളത്തില്‍ തമ്പടിച്ചിരിക്കുന്നത്.
തൃശൂരില്‍ ഇതാണ് സ്ഥിതിയെങ്കില്‍ പാലക്കാട്ടേയ്ക്കും തിരുവനന്തപുരത്തേയ്ക്കുമൊക്കെ ഒഴുകിയെത്തിയത് എത്ര കോടിയായിരിക്കും? അന്വേഷിക്കാനുള്ള തണ്ടെല്ലുറപ്പ് ഇലക്ഷന് കമ്മിഷനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുമൊക്കെയുണ്ടോ?
ഉത്തരം കാത്തിരിക്കുകയാണ് കേരളം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Facebook post, Thomas issac