ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ കവിതയിലൂടെ ഇടം പിടിച്ച പാലക്കാട് കുഴൽമന്ദം സ്വദേശി സ്നേഹയ്ക്ക് അന്നത്തെ ധനമന്ത്രി തോമസ് ഐസക് നൽകിയ സ്നേഹ വാഗ്ദാനമാണ് യാഥാർത്ഥ്യമായത്. തന്റെ കവിത ചൊല്ലിയ തോമസ് ഐസക്കിനോട് താൻ പഠിക്കുന്ന സ്കൂളിന്റെ ശോചനീയാവസ്ഥ മാറ്റണമെന്നായിരുന്നു സ്നേഹയുടെ ആവശ്യം.
ഇതോടെ സ്നേഹയുടെ കവിതയും സ്കൂളുമെല്ലാം ചർച്ചയായി. സ്ക്കൂൾ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനത്തിന് തോമസ് ഐസക്ക് നേരിട്ടെത്തി. അവിടെ വെച്ച് തോമസ് ഐസക് നൽകിയ വാഗ്ദാനമായിരുന്നു സ്നേഹയ്ക്കൊരു വീട് നിർമ്മിച്ച് നൽകും എന്നത്. ആറുമാസത്തിനകം വീട് നിർമ്മാണം പൂർത്തിയാക്കി സ്നേഹയക്ക് കൈമാറുകയാണ്.
![]()
തോമസ് ഐസക്കിനൊപ്പം ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ പങ്കെടുത്തവരാണ് വീട് നിർമ്മിച്ച് നൽകിയത്. രണ്ടു കിടപ്പുമുറിയും അടുക്കളയും ഹാളും സിറ്റൗട്ടും ചേർന്ന സുന്ദരമായ വീട്ടിലിരുന്ന് ഇനി സ്നേഹയ്ക്ക് കവിത എഴുതാം. കോവിഡ് കാലത്തെ പ്രതിസന്ധി മുന്നിൽ കണ്ട് ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് സ്നേഹയുടെ കവിതയോടെയാണ് തുടങ്ങിയത്.
ആ കവിത ഇങ്ങനെ " എന്നും ഇരുട്ട് മാത്രമാവണമെന്നില്ല,
നേരം പുലരുകയും സൂര്യൻ സർവ്വ തേജസ്സോടെ ഉദിയ്ക്കുകയും
കനിവാർന്ന പൂക്കൾ വിരിയുകയും, വെളിച്ചം ഭൂമിയെ സ്വർഗമാക്കുകയും ചെയ്യും
നമ്മൾ കൊറോണക്കെതിരെ പോരാടി വിജയിയ്ക്കുകയും
അതേ ആനന്ദം നിറഞ്ഞ പുലരിയെ തിരികെ എത്തിയ്ക്കുകയും
പഴയ ലോകം പോലെ പുഞ്ചിരിക്കാം
നമുക്ക് ഒത്തുചേരാം , കോറോണയെ തുരത്താം
Also Read-
'വീട്ടിൽ നോട്ടീസ് ഒട്ടിക്കുന്നത് നാണക്കേടല്ലേ എന്ന് മക്കൾ ചോദിച്ചു'; ആത്മഹത്യ ചെയ്ത ഇരട്ട സഹോദരന്മാരുടെ ഉമ്മകുഴൽമന്ദം ഗവൺമെന്റ് ഹൈസ്ക്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിനിയായ സ്നേഹയുടെ ഈ കവിത ഏറെ ചർച്ചയായി. തന്റെ കവിത ചൊല്ലിയതിൽ നന്ദി പറഞ്ഞ സ്നേഹയ്ക്ക്, മന്ത്രിയോട് പറയാനുള്ളത് ഒരൊറ്റ കാര്യമായിരുന്നു. താൻ പഠിക്കുന്ന ഗവൺമെന്റ് സ്കൂൾ ഒന്നു നന്നാക്കണം.
![]()
വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിയ്ക്കുന്ന സ്കൂളിൽ പുതിയ കെട്ടിടവും സൗകര്യവും വരുമെന്ന് പറഞ്ഞിട്ടും ഒന്നുമായിട്ടില്ലെന്ന് സ്നേഹ പറഞ്ഞു. ഇനിയും നന്നാക്കിയില്ലെങ്കിൽ കുട്ടികൾ സ്കൂൾ വിട്ടുപോവുമെന്നായിരുന്നു സ്നേഹയുടെ ആശങ്ക. സ്നേഹയുടെ വാക്കുകൾ കേട്ട മന്ത്രി നേരിട്ടെത്തി പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു.
എന്നാൽ പരിമിതികളുണ്ടായിട്ടും വീടിനേക്കാൾ പ്രാധാന്യം സ്കൂളിന് നൽകിയ സ്നേഹയ്ക്ക് മന്ത്രി നൽകിയ സമ്മാനമായിരുന്നു പുതിയ വീട്. അതാണ് ഇപ്പോൾ യാഥാർത്ഥ്യമായത്. വീടിന്റെ താക്കോൽ വിതരണ ചടങ്ങിലും തോമസ് ഐസക്ക് പങ്കെടുക്കുന്നുണ്ട്.
ലളിതമായ ചടങ്ങായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം സ്നേഹയുടെ സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. ഇതിന്റെ സാങ്കേതിക നടപടികളെല്ലാം പൂർത്തിയായി.
പുല്ലുവെട്ട് തൊഴിലാളിയും ഡ്രൈവറുമാണ് സ്നേഹയുടെ അച്ഛൻ കണ്ണൻ. അമ്മ രുമാ ദേവിയും സഹോദരി രുദ്രയുമെല്ലാം നിറഞ്ഞ സന്തോഷത്തിലാണ്. മകളുടെ കവിതയിൽ പറഞ്ഞതുപോലെ ഇരുട്ട് മാറി തുടങ്ങിയിരിയ്ക്കുന്നു. ഇത്ര പെട്ടെന്ന് പുതിയ വീടാകുമെന്ന് കരുതിയില്ലെന്നും സന്തോഷമെന്നും ഇവർ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.