HOME » NEWS » Kerala » THOMAS ISAAC S FACEBOOK POST CRITICISING THE CENTRAL GOVERNMENT

'ബംഗാള്‍ വിഭജനത്തില്‍ ബ്രിട്ടീഷുകാര്‍ നേരിടേണ്ടി വന്നതിനേക്കാള്‍ വലിയ പ്രതിഷേധമായിരിക്കും തമിഴ്‌നാട്ടില്‍ ഉണ്ടാവുക'; തോമസ് ഐസക്

കൊംഗനാടിന് അനുകൂലവും പ്രതികൂലവുമായി തമിഴ്ജനത ചേരി തിരിയുന്നതില്‍ നിന്ന് രാഷ്ട്രീയനേട്ടം കൊയ്യാനാണ് പുതിയ ശ്രമമെന്ന് തോമസ് ഐസക് പറഞ്ഞു

News18 Malayalam | news18-malayalam
Updated: July 11, 2021, 7:54 PM IST
'ബംഗാള്‍ വിഭജനത്തില്‍ ബ്രിട്ടീഷുകാര്‍ നേരിടേണ്ടി വന്നതിനേക്കാള്‍ വലിയ പ്രതിഷേധമായിരിക്കും തമിഴ്‌നാട്ടില്‍ ഉണ്ടാവുക'; തോമസ് ഐസക്
തോമസ് ഐസക്
  • Share this:
തിരുവനന്തപുരം: തമിഴനാടിന്റെ പടിഞ്ഞാറന്‍ ഭാഗം കൊംഗനാട് രൂപീകരിക്കാന്‍ നീക്കമുണ്ടെന്ന് വാര്‍ത്തയോട് പ്രതികരിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന വിഭജനം എന്ന അജണ്ടയിലൂടെ തമിഴ്‌നാട്ടില്‍ കലാപത്തിനുള്ള വെടിമരുന്നിടുകയാണ് ബിജെപിയെന്ന് അദ്ദേഹം വിമര്‍ശിച്ചു. ബിജെപി തമിഴ്‌നാട് ഘടകം മുന്‍പ്രസിഡന്റായ എല്‍ മുരുകന്‍ കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് അദ്ദേഹം പറയുന്നു.

കൊംഗനാടിന് അനുകൂലവും പ്രതികൂലവുമായി തമിഴ്ജനത ചേരി തിരിയുന്നതില്‍ നിന്ന് രാഷ്ട്രീയനേട്ടം കൊയ്യാനാണ് പുതിയ ശ്രമമെന്ന് തോമസ് ഐസക് പറഞ്ഞു. വിഭജനരാഷ്ട്രീയത്തിലൂടെ ജനപിന്തുണ ആര്‍ജിക്കാനുള്ള ബിജെപിയുടെ കുറുക്കുവഴി രാജ്യത്തെ അസ്ഥിരപ്പെടുത്തുകയേയുഉള്ളൂവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നിപ്പോള്‍ തങ്ങളുടെ തന്നിഷ്ടപ്രകാരം ഏതു സംസ്ഥാനത്തെയും വെട്ടിമുറിക്കുന്നതിനും സംസ്ഥാന പദവിതന്നെ കളഞ്ഞ് കേന്ദ്രഭരണ പ്രദേശമാക്കുന്നതിനും തങ്ങള്‍ക്ക് അധികാരമുണ്ടെന്ന ഹുങ്കാണ് ബിജെപി കേന്ദ്രസര്‍ക്കാരിനുള്ളതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

Also Read-പ്രതിപക്ഷം അധോലോകറാക്കറ്റിന്റെ ഭാഗമാണെന്ന് വരുത്തി തീര്‍ക്കാനുള്ള പിണറായി വിജയന്റെ ശ്രമം വിലപ്പോവില്ല; കെ സുധാകരന്‍

തോമസ് ഐസകിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

സംസ്ഥാന വിഭജനം എന്ന അജണ്ടയിലൂടെ തമിഴ്‌നാട്ടില്‍ കലാപത്തിനുള്ള വെടിമരുന്നിടുകയാണ് ബിജെപി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കേന്ദ്രഭരണകക്ഷിയുടെ കൈയില്‍ ഭദ്രമല്ലെന്ന് നാള്‍ക്കുനാള്‍ തെളിയുകയാണ്. സമാധാനവും സൈ്വരജീവിതവും നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍പ്പോലും എങ്ങനെ കലാപത്തീയാളിക്കാമെന്ന് ചിന്തിക്കുന്ന രാജ്യദ്രോഹികളുടെ കൈകളിലാണ് ദൗര്‍ഭാഗ്യവശാല്‍ രാജ്യഭരണം. ഇത് രാജ്യത്തിനാകെയുള്ള മുന്നറിയിപ്പാണ്.

തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ ഭാഗം വിഭജിച്ച് കൊംഗനാട് രൂപീകരിക്കാന്‍ നീക്കമുണ്ടെന്ന വാര്‍ത്തയെത്തുടര്‍ന്ന് സംസ്ഥാനത്താകെ രാഷ്ട്രീയഭേദമെന്യേ പ്രതിഷേധം ജ്വലിക്കുകയാണ്. പ്രതിഷേധം കനക്കുമ്പോഴും കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന മൌനവും ദുരൂഹമാണ്. ഈ നീക്കത്തിന് അനുകൂലവും പ്രതികൂലവുമായി ഉയരുന്ന അഭിപ്രായങ്ങള്‍ നാട്ടില്‍ നിലനില്‍ക്കുന്ന ശാന്തമായ സാമൂഹ്യാന്തരീക്ഷമാണ് ആത്യന്തികമായി തകര്‍ക്കുക. ഇതു തന്നെയാണ് ബിജെപിയുടെ ലക്ഷ്യവും.

ബിജെപി തമിഴ്‌നാട് ഘടകം മുന്‍പ്രസിഡന്റായ എല്‍ മുരുകന്‍ കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. അദ്ദേഹത്തെ കൊംഗനാടിന്റെ പ്രതിനിധിയായാണ് കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിച്ചത്. നാമക്കല്‍ ആണ് ഇദ്ദേഹത്തിന്റെ സ്വദേശം.
തൊട്ടുപിന്നാലെ കൊംഗനാട് രൂപീകരണം സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുമായി ഒരു പ്രാദേശിക പത്രം രംഗത്തിറങ്ങി. ഈ ആവശ്യത്തിന് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തിറങ്ങിയത് ബിജെപി അനുഭാവികളായിരുന്നു. അതോടെയാണ് തമിഴ്‌നാട്ടിലെ സജീവമായ രാഷ്ട്രീയപ്രശ്‌നമായി ഇക്കാര്യം മാറിയത്.

തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ഒരു ശ്രമവും നാളിതുവരെ വിജയിച്ചിട്ടില്ല. എഐഡിഎംകെയുമായി സഖ്യമുണ്ടാക്കിയിട്ടുപോലും സംസ്ഥാനത്ത് കേവലം രണ്ടു ശതമാനം മാത്രമാണ് ബിജെപിയുടെ ശക്തിയെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിലും തെളിഞ്ഞതാണ്. കൊംഗനാടിന് അനുകൂലവും പ്രതികൂലവുമായി തമിഴ്ജനത ചേരി തിരിയുന്നതില്‍ നിന്ന് രാഷ്ട്രീയനേട്ടം കൊയ്യാനാണ് പുതിയ ശ്രമം.

ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കേണ്ട നീക്കമാണിത്. ഇടതുപാര്‍ടികളും ഡിഎംകെയും ഈ നീക്കത്തെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടുണ്ട്.

വിഭജനരാഷ്ട്രീയത്തിലൂടെ ജനപിന്തുണ ആര്‍ജിക്കാനുള്ള ബിജെപിയുടെ കുറുക്കുവഴി രാജ്യത്തെ അസ്ഥിരപ്പെടുത്തുകയേയുഉള്ളൂ. ഭാഷാ സംസ്ഥാനങ്ങളെ വിഭജിച്ച് ച്ഛിന്നഭിന്നമാക്കല്‍ ദേശീയപ്രശ്‌നത്തോടുള്ള ഭരണഘടനാ സമീപനത്തെ അട്ടിമറിക്കുന്നതാണ്. ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂണിയനായിട്ടാണ് ഭരണഘടന നിര്‍വ്വചിക്കുന്നത്.

ഇന്നിപ്പോള്‍ തങ്ങളുടെ തന്നിഷ്ടപ്രകാരം ഏതു സംസ്ഥാനത്തെയും വെട്ടിമുറിക്കുന്നതിനും സംസ്ഥാന പദവിതന്നെ കളഞ്ഞ് കേന്ദ്രഭരണ പ്രദേശമാക്കുന്നതിനും തങ്ങള്‍ക്ക് അധികാരമുണ്ടെന്ന ഹുങ്കാണ് ബിജെപി കേന്ദ്രസര്‍ക്കാരിനുള്ളത്. കശ്മീരില്‍ ഇതു നടപ്പാക്കി. ഇത് ഇനി മറ്റു പ്രദേശങ്ങളിലും ആവര്‍ത്തിക്കാനാണ് ഉദ്ദേശമെന്നു തോന്നുന്നു. തികച്ചും ദുരുപദിഷ്ഠിതവും രാഷ്ട്രീയലക്ഷ്യംവച്ചുകൊണ്ടുമുള്ള നീക്കമാണ് തമിഴ്‌നാട്ടില്‍ ബിജെപി സ്വീകരിച്ചിട്ടുള്ളത്. ബംഗാള്‍ വിഭജനത്തില്‍ ബ്രട്ടീഷുകാര്‍ നേരിടേണ്ടി വന്നതിനേക്കാള്‍ വലിയ പ്രതിഷേധമായിരിക്കും തമിഴ്‌നാട്ടില്‍ ഉണ്ടാവുക. കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യരുത്.
Published by: Jayesh Krishnan
First published: July 11, 2021, 7:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories