തിരുവനന്തപുരം:കിഫ് ബി അക്ഷയഖനി അല്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. 50,000 കോടിയുടെ പദ്ധതിയാണ് കിഫ്ബിയിലൂടെ ലക്ഷ്യമിട്ടത്. പരിധി കഴിഞ്ഞതിനാൽ കിഫ്ബിയിലൂടെ ഇനി പദ്ധതികൾ അനുവദിക്കരുതെന്നും തോമസ് ഐസക് ന്യൂസ് 18 നോട് പറഞ്ഞു. സംസ്ഥാനത്തിന്റെ പൊതു കടം മൂന്നു ലക്ഷത്തി തൊണ്ണൂറായിരം കോടി പിന്നിടുകയും കിഫ്ബിക്കെതിരായി പ്രതിപക്ഷം വ്യാപക വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നതിന് പിന്നാലെയാണ് ആശയത്തിന് രൂപം നൽകിയ മുൻ ധനമന്ത്രി തോമസ് ഐസക്ക് തന്നെ വ്യത്യസ്ത നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, കിഫ് ബി യുടെ പ്രസക്‌തി തന്നെ നഷ്ടപ്പെട്ടിരിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കിഫ് ബി അടച്ചുപൂട്ടണം. ഇതുവരെ 20,000 കോടി രൂപയുടെ പദ്ധതി മാത്രമാണ് പൂർത്തിയാക്കിയത്. കിഫ്‌ബി വെള്ളാനയായി മാറിയെന്നും അധിക ബാധ്യതയായി നിലനിൽക്കുന്ന സ്ഥാപനമാണെന്നും വിഡി സതീശൻ പ്രതികരിച്ചു.
Also Read- ‘ആകാശ് തില്ലങ്കേരിയ്ക്ക് സിപിഎമ്മുമായി ബന്ധമില്ല; ആരോപണങ്ങൾ പാർട്ടി പരിശോധിക്കും’; കെ.കെ ശൈലജ
പ്രതിപക്ഷം ഇക്കാര്യം ആദ്യം പറഞ്ഞപ്പോൾ തോമസ് ഐസക് സമ്മതിച്ചില്ല. ഇപ്പോഴത്തെ ധനമന്ത്രി അക്കാര്യം പാതി സമ്മതിക്കുന്നു. സിപിഎമ്മിൽ കുറേ പേർക്ക് കിഫ് ബി ശരിയല്ല എന്ന് നേരത്തെ അറിയാമായിരുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.
തങ്ങൾ ഉന്നയിച്ച ആക്ഷേപങ്ങൾ മുൻ ധനമന്ത്രി ഇപ്പോഴെങ്കിലും അംഗീകരിക്കാൻ തയ്യാറായതിനെ സ്വാഗതം ചെയ്യുന്നതായി കോൺഗ്രസ് നേതാവ് വി ടി ബൽറാം പ്രതികരിച്ചു.
കിഫ്‌ബിയിലൂടെ ഇനി പദ്ധതികൾ അനുവദിക്കരുതെന്ന് മുൻ ധനമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ വരാനിരിക്കുന്ന സഭാ സമ്മേളനത്തിൽ അടക്കം വിഷയം വ്യാപകമായി ചർച്ചയാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷ കക്ഷികൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.