ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷ ചടങ്ങിൽ പദ്ധതിക്ക് ചുക്കാൻ പിടിച്ച മുൻ ധനമന്ത്രി തോമസ് ഐസക്കിന് കടുത്ത അവഗണന. പദ്ധതി രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച തോമസ് ഐസക്കിന് 35 പേരുള്ള പ്രാംസിഗകരുടെ പട്ടികയിൽ 31-ാം സ്ഥാനം മാത്രമാണ് നൽകിയിരിക്കുന്നത്. സിഎംപിയുടെയും നിയമസഭയിൽ പ്രാതിനിധ്യമില്ലാത്ത ജനാധിപത്യ കേരള കോൺഗ്രസ്(സ്കറിയ തോമസ്) പ്രതിനിധികൾക്കും താഴെയാണ് തോമസ് ഐസക്കിന്‍റെ സ്ഥാനം.
ഓഗസ്റ്റ് 17 ചൊവ്വാഴ്ച വൈകിട്ട് 4.30ന് ഗോർഖി ഭവനിലെ സി ഡിറ്റ് സ്റ്റുഡിയോയിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. സ്പീക്കർ എം ബി രാജേഷ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജു, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി കെ രാമചന്ദ്രൻ എന്നിവർക്കൊപ്പം 1996ൽ പദ്ധതി നടപ്പാക്കുമ്പോൾ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയായിരുന്ന പാലൊളി മുഹമ്മദ് കുട്ടിയും മുഖ്യ പ്രാസംഗകരിൽ ഇടംനേടിയിട്ടുണ്ട്.
പദ്ധതി ആവിഷ്ക്കരിച്ച ഡോ. ടി എം തോമസ് ഐസക്കിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും 35 പ്രാസംഗകരിൽ 31-ാംസ്ഥാനമാണ് നൽകിയിരിക്കുന്നത്. മുൻ ആസൂത്രണ ബോർഡ് അംഗം എന്ന നിലയിൽ മാത്രമാണ് ഐസക്കിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.
1996ൽ ജനകീയാസൂത്രണ പദ്ധതി ആവഷിക്കരിക്കുന്നത് തോമസ് ഐസക് അധ്യക്ഷനായ സമിതിയാണ്. മുൻ ആസൂത്രണ ബോർഡ് അംഗം ഇ എം ശ്രീധരനും ഈ സംഘത്തിലുണ്ടായിരുന്നു. പിന്നീട് പത്തു വർഷത്തോളം സംസ്ഥാനത്തെ ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക് ജനകീയാസൂത്രണത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പദ്ധതിയുടെ രജതജൂബിലി ആഘോഷ ചടങ്ങിൽ വേണ്ടത്ര പ്രാധാന്യം അദ്ദേഹത്തിന് നൽകുന്നില്ല എന്നതാണ് ശ്രദ്ധേയം. ധനമന്ത്രിയെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ തോമസ് ഐസക്കിനെ ഇത്തവണ തെരഞ്ഞെടുപ്പിൽ മൽസരിപ്പിക്കാതിരുന്നതും വിവാദമായിരുന്നു.
കേരളത്തിന്റെ വികസനചരിത്രം മാറ്റിയെഴുതിയ ജനകീയാസൂത്രണത്തിന് 25 വയസ്; രജതജൂബിലി ഉദ്ഘാടനം ഓഗസ്റ്റ് 17 ന്ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളിലൂടെ സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സംഘടനകളെയും വിശിഷ്ട വ്യക്തികളെയും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിപുലമായ സംഘാടക സമിതി ഇതിനകം രൂപീകരിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 17ന് വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനകീയായൂത്രണം രജതജൂബിലിയുടെ ഭാഗമായുള്ള ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍ തുടങ്ങിയവരെല്ലാം ഈ ചടങ്ങില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് ഗോര്‍ക്കിഭവനിലുള്ള സി-ഡിറ്റ് സ്റ്റുഡിയോയിലാണ് ഉദ്ഘാടന ചടങ്ങ്.
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷം ഓഗസ്റ്റ് 17ന് സംഘടിപ്പിക്കുന്നുണ്ട്. ഉച്ച തിരിഞ്ഞ് 2 മണിക്ക് അവിടങ്ങളില്‍ പരിപാടികള്‍ ആരംഭിക്കും. 1996 മുതല്‍ ഇതുവരെയുള്ള അധ്യക്ഷന്മാരെയും ജനപ്രതിനിധികളെയും ജനകീയാസൂത്രണത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച സന്നദ്ധപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആദരിക്കും. കഴിഞ്ഞ 25 വര്‍ഷത്തെ നേട്ടങ്ങളെക്കുറിച്ചുള്ള അവതരണവും ഉണ്ടാവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വേദികളില്‍ സജ്ജമാക്കിയ സ്ക്രീനുകളില്‍ സംസ്ഥാനതല ഉദ്ഘാടന പരിപാടികള്‍ തത്സമയം പ്രദര്‍ശിപ്പിക്കും.
സംസ്ഥാനതല ഉദ്ഘാടന വേദിയില്‍ വൈകുന്നേരം 4.15ന് ജനകീയാസൂത്രണത്തിന്റെ ആരംഭഘട്ടത്തില്‍ ജനതയെ ബോധവല്‍ക്കരിക്കാനായി സംഘടിപ്പിച്ച ജനാധികാര കലാജാഥയിലെ, 'അധികാരം ജനതയ്ക്ക്' എന്ന സംഗീതശില്‍പ്പം പുനരാവിഷ്‌കരിക്കും. 1996ല്‍ രംഗാവതരണം നടത്തിയ അതേ കലാകാരന്‍മാരാണ് 25 വര്‍ഷത്തിന് ശേഷം കലാജാഥാവതരണം നടത്തുന്നത്. ഉദ്ഘാടന വേദിയില്‍ വെച്ച് ജനകീയാസൂത്രണത്തിനെക്കുറിച്ചുള്ള പുസ്തക പരമ്പരയിലെ ആദ്യ പുസ്തകം പ്രകാശനം ചെയ്യും.
ജനകീയാസൂത്രണത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് വരുന്ന ഒരു വര്‍ഷക്കാലം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിപുലമായ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.
ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ സ്മാരകമെന്ന നിലയില്‍ മിയോവാക്കി മാതൃകയില്‍ ജനവനം പച്ചതുരുത്തുകള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലും നിര്‍മ്മിക്കും. ജനവനങ്ങളുടെ സുസ്ഥിര പരിപാലനം പ്രാദേശിക സര്‍ക്കാരുകള്‍ ഉറപ്പുവരുത്തും.
രജത ജൂബിലി വേളയില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വയോജനങ്ങള്‍ക്ക് ഉല്ലാസവും മാനസീകാരോഗ്യവും ഉറപ്പുവരുത്താനായി വയോജന ക്ലബ്ബുകള്‍ രൂപീകരിക്കും. തദ്ദേശ സ്വയംഭരണ സംവിധാനവുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും അവബോധമുണ്ടാക്കാന്‍ നിയമ സാക്ഷരതാ പരിപാടികള്‍ സംഘടിപ്പിക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തെ മുന്നേറ്റങ്ങള്‍ പ്രതിപാദിച്ചുകൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കും. രജതജൂബിലിയുടെ ഭാഗമായി ഗ്രാമ/വാര്‍ഡ് സഭകള്‍ നല്ല ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കും.
ജനകീയാസൂത്രണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 25 പുസ്തകങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രസിദ്ധീകരിക്കും. അക്കാദമിക് സ്വഭാവമുള്ള ഗ്രന്ഥങ്ങളും ഇവയില്‍ ഉണ്ടാവും. കേന്ദ്ര-സംസ്ഥാന-പ്രാദേശിക സര്‍ക്കാര്‍ ബന്ധങ്ങളെ സംബന്ധിച്ച ദേശീയ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. രജതജൂബിലി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് അധികാര വികേന്ദ്രീകരണവും തദ്ദേശ ഭരണവും സംബന്ധിച്ച അന്തര്‍ദേശീയ കോണ്‍ഗ്രസിന് കേരളം ആതിഥ്യം വഹിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.