• HOME
 • »
 • NEWS
 • »
 • kerala
 • »
 • Ration | റേഷന്‍ കിട്ടിയില്ലേ? ന്നാ പോയി കേസ് കൊട്

Ration | റേഷന്‍ കിട്ടിയില്ലേ? ന്നാ പോയി കേസ് കൊട്

ഭക്ഷ്യസുരക്ഷാ അലവന്‍സ് എന്ന് പേരിട്ടിരിക്കുന്ന ഈ നഷ്ടപരിഹാരം ദേശീയ ഭക്ഷ്യസുരക്ഷാ നിയമം, 2003 പ്രകാരം ഒരു വ്യക്തിക്ക് നല്‍കിയിരിക്കുന്ന അവകാശമാണ്

Ration-shop

Ration-shop

 • Last Updated :
 • Share this:
  തിരുവനന്തപുരം: റേഷന്‍ കടയില്‍ (Ration Shop) നിന്ന് പ്രതിമാസം (monthly ration) അനുവദിക്കുന്ന റേഷൻ ലഭിച്ചില്ലെങ്കില്‍ സര്‍ക്കാരിനോട് നഷ്ടപരിഹാരം (compensation) ആവശ്യപ്പെടാം. പലര്‍ക്കും ഇതൊരു പുതിയ വാര്‍ത്തയായിരിക്കും. എന്നാല്‍ കേരളത്തിലെ 24 പേര്‍ക്ക് റേഷൻ ലഭിക്കാത്തതിന് ഇതിനകം നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ടെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

  ഭക്ഷ്യസുരക്ഷാ അലവന്‍സ് എന്ന് പേരിട്ടിരിക്കുന്ന ഈ നഷ്ടപരിഹാരം ദേശീയ ഭക്ഷ്യസുരക്ഷാ നിയമം, 2003 പ്രകാരം ഒരു വ്യക്തിക്ക് നല്‍കിയിരിക്കുന്ന അവകാശമാണ്. എന്നാല്‍ മുന്‍ഗണനാ വിഭാഗത്തില്‍ പെടുന്ന കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തിയിട്ടുണ്ട്.

  സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെ 92.78 ലക്ഷം പിഡിഎസ് ഗുണഭോക്താക്കള്‍ ഉണ്ട്. ഇവരില്‍ അന്ത്യോദയ അന്ന യോജന (എഎവൈ) പരിധിയില്‍ വരുന്ന 5.89 ലക്ഷം കുടുംബങ്ങളും മുന്‍ഗണനാ കുടുംബം (പിഎച്ച്എച്ച്) എന്ന വിഭാഗത്തിന് കീഴിലുള്ള 34.93 ലക്ഷം കുടുംബങ്ങളും ഭക്ഷ്യസുരക്ഷാ അലവന്‍സിന് അര്‍ഹരാണ്.

  ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ മുന്‍ഗണനാ കാര്‍ഡ് ഉടമകള്‍ക്ക് ജില്ലാ പരാതി പരിഹാര ഓഫീസര്‍ക്ക് പരാതി നല്‍കാവുന്നതാണ്. സര്‍ക്കാര്‍ നിയോഗിക്കുന്ന ഒരു അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആയിരിക്കും ഡിജിആര്‍ഒ. അതേസമയം, ഡിജിആര്‍ഒയുടെ വിധിയില്‍ ഹര്‍ജിക്കാരന്‍ തൃപ്തനല്ലെങ്കില്‍, സംസ്ഥാന ഭക്ഷ്യ കമ്മീഷനില്‍ അപ്പീല്‍ നല്‍കാവുന്നതാണ്.

  എന്നാല്‍, ഭൂരിഭാഗം ആളുകള്‍ക്കും ഭക്ഷ്യസുരക്ഷാ അലവന്‍സ് വ്യവസ്ഥയെക്കുറിച്ച് അറിവില്ലെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മോഹന്‍ കുമാര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ പലര്‍ക്കും ഇത് നഷ്ടമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  ഇതേതുടര്‍ന്ന്, ഇത്തരം കേസുകള്‍ ഡിജിആര്‍ഒമാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും ഡിജിആര്‍ഒമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

  അതാത് വിപണന സമയങ്ങളിലെ ഭക്ഷ്യധാന്യത്തിന്റെ ഏറ്റവും കുറഞ്ഞ താങ്ങുവിലയുടെ 1.25 മടങ്ങും വിതരണം ചെയ്യാത്ത ഭക്ഷ്യധാന്യത്തിന്റെ അളവിന്റെ എന്‍എഫ്എസ്എ, 2003ലെ ഷെഡ്യൂള്‍ ഒന്നില്‍ വ്യക്തമാക്കിയിരിക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസം ഗുണിച്ചാണ് അലവന്‍സ് കണക്കാക്കുന്നത്. അതേസമയം, ഇത്തരത്തിലൂള്ള നഷ്ടപരിഹാര തുക തൊട്ടടുത്ത മാസം മൂന്നാമത്തെ ആഴ്ച അവസാനിക്കുന്നതിന് മുമ്പ് പരാതിക്കാരന്‌ അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

  അതേസമയം, റേഷന്‍ കടയില്‍ നിന്ന് സാധനം വാങ്ങാത്തവര്‍ക്കും ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി വിഹിതം നിരസിച്ചവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കില്ലെന്നും അധികൃതര്‍ കൂട്ടിച്ചേർത്തു.

  അതേസമയം, സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റുകള്‍ ഓഗസ്റ്റ് 10ന് ശേഷം വിതരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുണി സഞ്ചി ഉള്‍പ്പെടെ 14 ഉല്‍പ്പന്നങ്ങളാണ് കിറ്റിലുള്ളത്. ഓണക്കിറ്റ് വിതരണം റേഷന്‍ കടയുടമകള്‍ സേവനമായി കാണണമെന്നും ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞിരുന്നു. ഓണത്തിന് മുമ്പ് മുഴുവന്‍ കിറ്റുകളുടെയും വിതരണം പൂര്‍ത്തിയാക്കുമെന്നാണ് മന്ത്രി പറഞ്ഞത്. പതിമൂന്ന് നിത്യോപയോഗ സാധനങ്ങള്‍ക്ക് സപ്ലൈകോ ജി.എസ്.ടി. ഒഴിവാക്കിയെന്നും സപ്ലൈകോക്ക് ഇതുകാരണം 25 കോടിയുടെ അധിക ബാധ്യത ഉണ്ടാവുമെന്നും മന്ത്രി അറിയിച്ചു.
  Published by:Anuraj GR
  First published: