എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ ഒളിയമ്പുമായി കെ.മുരളീധരന്‍. ഹിന്ദി അറിയാവുന്നവർ കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിലേക്ക് വരേണ്ടത് ആവശ്യമാണ്. തനിക്ക് ആ ഭാഷ വഴങ്ങാത്തത് കൊണ്ടാണ് അവിടേക്ക് ശ്രദ്ധിക്കാത്തത്. എന്നാൽ രമേശ് ചെന്നിത്തലയെ പോലുള്ളവർക്ക് ഹിന്ദി നന്നായി വഴങ്ങുമെന്നും കെ മുരളീധരൻ പറഞ്ഞു.
കെ.സി വേണുഗോപാലിന് ഹിന്ദി അറിയില്ലെന്ന കോൺഗ്രസ് നേതാവ് ഭൂപിന്ദർ ഹൂഡയുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, രാജ്യസഭ സ്ഥാനാർത്ഥിയായി ജെബി മേത്തറിനെ തീരുമാനിച്ചതിനെ കെ മുരളീധരൻ സ്വാഗതം ചെയ്തു. രാജ്യസഭ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഹൈക്കമാന്‍റ് എടുത്തത് ഉചിതമായ തീരുമാനമാണെന്ന് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.
കെപിസിസി അധ്യക്ഷൻ ആരുടയും പേര് മുൻകൂട്ടി നൽകിയിരുന്നില്ല. ഹൈക്കമാൻഡിന് അയച്ച കത്തിൽ താൻ രണ്ട് കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു. അത് രണ്ടും പരിഗണിക്കപ്പെട്ടുവെന്ന് മുരളീധരൻ പറഞ്ഞു.
കഴിഞ്ഞ തവണ മത്സരിപ്പിച്ച വരെ ഒഴിവാക്കണം, കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള ആളാകണം എന്നിവയാണ് മുരളീധരന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍. ന്യൂനപക്ഷം, ചെറുപ്പം, വനിത എന്നീ മൂന്ന് ഘടകങ്ങളും ഹൈക്കമാൻഡ് പരിഗണിച്ചുവെന്ന് മുരളീധരൻ പറഞ്ഞു.
കോൺഗ്രസ് സൂക്ഷിച്ച് മുന്നോട്ട് പോകേണ്ട കാലഘട്ടമാണിത്. തെറ്റുകൾ ചൂണ്ടികാണിക്കാം, പക്ഷേ കപിൽ സിബിലിന്റെ നിലപാടിനോട് യോജിക്കാനാവില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേര്‍ത്തു.
ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കിയത് മുഖ്യമന്ത്രിയുടെ കഴിവെന്ന് കെ.വി തോമസ്; മറുപടി നല്‍കി വി.ഡി സതീശന്‍
കൊച്ചി: കെ റെയിൽ പദ്ധതിയുടെ പേരിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള യുഡിഎഫ് കക്ഷികൾ ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസിൻറെ പ്രതികരണം. നിരവധി മുഖ്യമന്ത്രിമാരുടെ കാലഘട്ടത്തിൽ നടപ്പിലാക്കാൻ നോക്കിയിട്ടും മുടങ്ങിക്കിടന്ന ഗെയിൽ വാതക പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞത് പിണറായി വിജയനെ കൊണ്ടാണെന്ന് കെ.വി തോമസ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിൻ്റേതായ ശൈലിയുണ്ട്. എന്നാൽ ജനങ്ങളെ വിശ്വാസത്തിൽ എടുത്ത് വേണം കെറെയിൽ പോലെയുള്ള വലിയ പദ്ധതികൾ നടപ്പിലാക്കേണ്ടത്. കൊച്ചി മെട്രോ, നെടുമ്പാശ്ശേരി വിമാനത്താവളം പോലെയുള്ള വൻകിട പദ്ധതികൾ നടപ്പാക്കാൻ ശ്രമിച്ചപ്പോൾ അതിനെതിരെ ശക്തമായ സമരങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. അന്ന് സമരത്തിന് നേതൃത്വം കൊടുത്തവർ പിന്നീട് വിമാനത്താവളത്തിന് നിർണായകമായ ചുമതലയും വഹിച്ചിട്ടുണ്ട്.
വൻകിട പദ്ധതികൾ ഉണ്ടാകുമ്പോൾ വലിയ എതിർപ്പുകൾ ഉണ്ടാകും. അവരെ വിശ്വാസത്തിലെടുത്തു വേണം സർക്കാരുകൾ മുൻപോട്ടു പോകുവാൻ, കെ കരുണാകരൻ്റെ ഇച്ഛാശക്തി കൊണ്ടാണ് അന്ന് നെടുമ്പാശ്ശേരി വിമാനത്താവളം യാഥാർഥ്യമായത്. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രയത്നഫലമായാണ് കൊച്ചി മെട്രോ യാഥാർഥ്യമായത്. കൊച്ചി വിമാനത്താവളത്തിനായി വിദേശ രാജ്യങ്ങളിൽ താനും, പി ജെ കുര്യനും സന്ദർശനം നടത്തിയപ്പോൾ ഉണ്ടായ അനുഭവങ്ങൾ ഇപ്പോഴും ഓർമ്മയിൽ ഉണ്ടെന്നും കെ വി തോമസ് പറഞ്ഞു.
അതേസമയം, പിണറായി വിജയനെ സ്തുതിച്ച് കെ.വി തോമസ് നടത്തിയ പരാര്‍ശനത്തിന് പരിഹാസ രൂപത്തിലാണ് വി.ഡി.സതീശൻ മറുപടി നൽകിത്. ഗെയിൽ വാതക പൈപ്പ് ലൈൻ ഭൂമിക്ക് അടിയിലെ ബോംബാണെന്ന് പറഞ്ഞ ഒരാൾ പിണറായി മന്ത്രി സഭയിലുണ്ട്. അതൊക്കെ തോമസ് മാഷിനോട് ചോദിച്ചാൽ മതിയെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പരിഹാസം.
യാതൊരു കൂടിയാലോചനകളും ഇല്ലാതെയാണ് കെ.റെയിൽ പദ്ധതി നടപ്പാക്കുവാൻ ശ്രമിക്കുന്നത്. നിയമ സഭയിൽ തൻ്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകുവാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല.
സർക്കാർ ഈ കാര്യത്തിൽ പിടിവാശി വെടിയണം.പൊലീസ് വലിച്ചിഴച്ച യുവതിക്കെതിരെ കേസെടുത്ത സംഭവം അംഗീകരിക്കുവാൻ കഴിയില്ല. ഇരയെ കോൺഗ്രസ് ചേർത്ത് പിടിക്കും.കേസെടുത്ത് ഭയപ്പെടുത്താൻ പിണറായി വിജയൻ നോക്കണ്ട. അവരെ വലിച്ചിഴച്ചപ്പോൾ എവിടെയായിരുന്നു കേരളത്തിലെ വനിതാ കമ്മീഷനെന്നും വി. ഡി. സതീശൻ ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Hindi, K muraleedharan, KC venugopal, Ramesh chennithala