നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'K-Rail പദ്ധതിയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ വിളപ്പില്‍ശാലയില്‍ ആത്മഹത്യ ചെയ്ത രാജിയുടെ ഭവനം സന്ദര്‍ശിക്കണം': കെ എസ് ശബരീനാഥന്‍

  'K-Rail പദ്ധതിയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ വിളപ്പില്‍ശാലയില്‍ ആത്മഹത്യ ചെയ്ത രാജിയുടെ ഭവനം സന്ദര്‍ശിക്കണം': കെ എസ് ശബരീനാഥന്‍

  സ്വന്തം മണ്ണില്‍ ജീവിക്കാനുള്ള അവകാശം നഷ്ട്ടപ്പെട്ടു സ്വയം മനുഷ്യര്‍ എരിഞ്ഞടങ്ങാതിരിക്കാന്‍ ജനങ്ങള്‍ രംഗത്തുവരണമെന്നും ശബരീനാഥന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

  കെ.എസ്. ശബരിനാഥൻ

  കെ.എസ്. ശബരിനാഥൻ

  • Share this:
   കെ റെയില്‍ പദ്ധതിയെക്കുറിച്ചും കേരളത്തില്‍ സംരംഭകര്‍ക്ക് പട്ടു മെത്ത വിരിച്ചു കൊടുക്കുന്ന സര്‍ക്കാരിനെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്നവര്‍ വിളപ്പില്‍ശാലയില്‍ ആത്മഹത്യ ചെയ്ത രാജി എന്ന സംരംഭകയുടെ ഭവനം ഒന്ന് സന്ദര്‍ശിക്കണമെന്ന് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ കെ. എസ് ശബരീനാഥന്‍. ഇനിയൊരു രാജി ഉണ്ടാകാതിരിക്കാന്‍, സ്വന്തം മണ്ണില്‍ ജീവിക്കാനുള്ള അവകാശം നഷ്ട്ടപ്പെട്ടു സ്വയം മനുഷ്യര്‍ എരിഞ്ഞടങ്ങാതിരിക്കാന്‍ ജനങ്ങള്‍ രംഗത്തുവരണമെന്നും ശബരീനാഥന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

   കെ എസ് ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

   കെ റെയില്‍ പദ്ധതിയെക്കുറിച്ചും കേരളത്തില്‍ സംരംഭകര്‍ക്ക് പട്ടു മെത്ത വിരിച്ചു കൊടുക്കുന്ന സര്‍ക്കാരിനെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്നവര്‍ തിരുവനന്തപുരത്ത് വിളപ്പില്‍ശാലയില്‍ ആത്മഹത്യ ചെയ്ത രാജി എന്ന സംരംഭകയുടെ ഭവനം ഒന്ന് സന്ദര്‍ശിക്കണം.

   ഏഴ് വര്‍ഷം മുന്‍പ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (KFC) ല്‍ നിന്ന് 50 ലക്ഷം രൂപ ലോണെടുത്താണ് ശ്രീമതി രാജി സ്വയംതൊഴില്‍ പദ്ധതി ആരംഭിച്ചത്. ഹോളോബ്രിക്‌സും പേവിംഗ് യൂണിറ്റും അടങ്ങുന്ന സംരംഭം തരക്കേടില്ലാതെ നടക്കുമ്പോഴാണ് കോവിഡ് വ്യാപനം നടന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി രാജിയുടെ ബിസിനസ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയത്.

   ഇതിനിടയിലാണ് എ.പി.ജെ അബ്ദുല്‍ കലാമിന്റെ പേരിലുള്ള സാങ്കേതിക സര്‍വകലാശാലയുടെ ആസ്ഥാനം വിളപ്പിശാലയില്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. സര്‍വ്വകലാശാലയ്ക്ക് വേണ്ടി 100 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്ന് ആഘോഷത്തിമിര്‍പ്പില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍, നവമാധ്യമങ്ങളില്‍ ഇടതുപക്ഷ ബുദ്ധിജീവികള്‍ കാവ്യാത്മകമായ പോസ്റ്റുകള്‍ രചിച്ചപ്പോള്‍, പാവം രാജിയും കുടുംബവും സന്തോഷിച്ചു. പദ്ധതിക്കായി ഏകദേശം 100 ഏക്കര്‍ ഏറ്റെടുക്കുമ്പോള്‍ തന്റെ 23 സെന്റ് വസ്തു വളരെ നല്ല വിലയ്ക്ക് ഉടനെ ഏറ്റടുക്കും എന്ന് ജനപ്രതിനിധിയും തഹസില്ദാരും വാഗ്ദാനം ചെയ്തു. 2020 ല്‍ കയ്യിലുള്ള വസ്തുവിന്റ എല്ലാ രേഖകളും റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് കൈക്കലാക്കുകയും ചെയ്തു.

   KFC യില്‍ നിന്നെടുത്ത ലോണ്‍ ബാധ്യത രൂക്ഷമായതിനാല്‍, സര്‍ക്കാരില്‍ നിന്ന് സ്ഥലത്തിനായി ലഭിക്കുന്ന പണം ഉപയോഗിച്ച് ഒറ്റത്തവണ പദ്ധതിയില്‍ 30 ലക്ഷം രൂപ അടച്ചു ലോണ്‍ തീര്‍ക്കാമല്ലോ എന്ന് രാജി കണക്കുകൂട്ടിയിരുന്നു.

   Read also: Suicide | സാമ്പത്തിക പ്രതിസന്ധി; ഹോളോബ്രിക്‌സ് കമ്പനി ഉടമ ആത്മഹത്യ ചെയ്തു

   രണ്ടു മാസത്തിനുള്ളില്‍ പണം തരാമെന്ന് പറഞ്ഞ നേതാക്കളും അധികൃതരും എന്നാല്‍ പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയപ്പോള്‍ നിലപാട് മാറ്റി. സര്‍ക്കാരിന് പണമില്ലാത്തതുകൊണ്ട് സാങ്കേതിക സര്‍വ്വകലാശാലക്ക് വേണ്ടി 100 acre പൂര്‍ണ്ണമായും സ്ഥലം ഏറ്റെടുക്കുവാന്‍ പറ്റില്ലയെന്നും പദ്ധതി വെട്ടിച്ചുരുക്കുകയാണെന്നും അറിയിപ്പ് വന്നു . മറുവശത്ത് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലെ കടബാധ്യത എത്രയും പെട്ടെന്ന് അടച്ചുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ പാവപ്പെട്ട സംരംഭകയെ നിരന്തരം ശല്യപ്പെടുത്തി.

   വാക്ക് നല്‍കിയ സര്‍ക്കാര്‍ പറഞ്ഞു പറ്റിച്ചെന്ന് ബോധ്യമായപ്പോള്‍, ഡിസംബര്‍ മാസത്തിനു മുമ്പ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് പറഞ്ഞ തുക നല്‍കാന്‍ കഴിയില്ല എന്ന് മനസ്സിലായപ്പോള്‍ നിമിഷനേരംകൊണ്ട് രാജി തന്റെ ജീവിതം അവസാനിപ്പിച്ചു.

   ഇന്ന് മരണവീട്ടില്‍ രാജിയുടെ ചേതനയറ്റ ശരീരത്തിന്റെ മുന്നില്‍ വിങ്ങിപൊട്ടിയ ഭര്‍ത്താവ് ശിവനോടും മകനോടും എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ നില്‍ക്കേണ്ടി വന്നു. ഒരു നാടിനെ സാക്ഷിയാക്കി താന്‍ അഭിമാനത്തോടെ ആരംഭിച്ച സ്ഥാപനം പ്രവര്‍ത്തിക്കുന്ന അതേ മണ്ണില്‍ തന്നെ രാജിയുടെ അന്ത്യ കര്‍മ്മങ്ങള്‍ നടന്നു.

   ഒരു യൂണിവേഴ്‌സിറ്റി ആസ്ഥാനത്തിന് വേണ്ടി നാലു വര്‍ഷമായി 120 കുടുംബങ്ങള്‍ക്ക് പണം നല്‍കാന്‍ കഴിയാത്ത സര്‍ക്കാരാണ് പതിനായിരക്കണക്കിന് ആളുകളെ K-Rail നുവേണ്ടി കുടിയൊഴിപ്പിച്ച് അപ്പോള്‍ തന്നെ പണം നല്‍കുമെന്നു പറയുന്നത്. ഇരുട്ടിന്റെ മറവില്‍ K-റെയില്‍ സര്‍വ്വേകല്ലുകള്‍ അനുവാദമില്ലാതെ സ്ഥാപിക്കപ്പെടുമ്പോള്‍ നമ്മള്‍ ഭയക്കണം... കേരളത്തിലുടനീളം ഈ ചതി നടക്കാതെ പ്രതിരോധിക്കണം.

   ഇനിയൊരു രാജി ഉണ്ടാകാതെ ഇരിക്കാന്‍, സ്വന്തം മണ്ണില്‍ ജീവിക്കാനുള്ള അവകാശം നഷ്ട്ടപ്പെട്ടു സ്വയം മനുഷ്യര്‍ എരിഞ്ഞടങ്ങാതിരിക്കാന്‍, വികസനമെന്ന് പറഞ്ഞു പാവപ്പെട്ട മനുഷ്യരെ അധികാരം ഉപയോഗിച്ച് മരണത്തിലേക്ക് തള്ളി വിടുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ ജനങ്ങള്‍ രംഗത്ത് വരിക തന്നെ വേണം.
   Published by:Sarath Mohanan
   First published: