തിരുവനന്തപുരം: കലോത്സവ വേദികളിൽ മാംസാഹാരം കഴിക്കണമെന്ന് നിർബന്ധമുള്ളവർക്ക് പുറത്ത് നിന്ന് വാങ്ങിക്കഴിക്കാമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. കോഴിക്കോട് കലോത്സവ സമയത്ത് ഉണ്ടായത് അനാവശ്യ വിവാദമാണെന്ന് ഷംസീർ പ്രതികരിച്ചു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു എഎൻ ഷംസീറിൻറെ പ്രതികരണം.
ചിക്കൻ ബിരിയാണി കഴിച്ച ശേഷം ഒരു കുട്ടി എങ്ങനെയാണ് വേദിയിൽ നൃത്തം ചെയ്യുമെന്ന് ഷംസീർ ചോദിക്കുന്നു. തനിക്ക് നോൺ വെജ് ഭക്ഷണത്തോടാണ് പ്രിയമെന്നും എന്നാൽ എല്ലാവർക്കും കഴിക്കാൻ പറ്റുന്ന ഭക്ഷണമെന്ന നിലയിൽ കലോത്സവം പോലെയുള്ള ഒത്തുച്ചേരലിൽ വെജിറ്റേറിയൻ ഭക്ഷണമാണ് നല്ലതെന്ന് ഷംസീർ പറയുന്നു.
അതേസമയം അടുത്ത വർഷത്തെ കലോത്സവത്തിൽ നോൺ വെജ് ഭക്ഷണവും ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരിക്കെയാണ് ഷംസീറിന്റെ ഭിന്നാഭിപ്രായം. കോഴിക്കോട് കലോത്സവ സമയത്ത് ഉണ്ടായ ഭക്ഷണവിവാദത്തെ തുടർന്ന് പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി സ്കൂൾ കലോത്സവങ്ങളിൽ ഭക്ഷണം പാകം ചെയ്യാനില്ലെന്ന് തീരുമാനമെടുത്തിരുന്നു.
Also Read-പഴയിടം വിവാദം; ഡോ. അരുണ്‍കുമാറിനെതിരെ യുജിസി അന്വേഷണം
കലോത്സവത്തില്‍ വെജിറ്റേറിയൻ ഭക്ഷണം മാത്രം ഉൾപ്പെടുത്തിയതിനെ തുടർന്നായിരുന്നു വിവാദം ഉടലെടുത്തത്. സ്കൂൾ കലോത്സവത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് മുൻമാധ്യമപ്രവർത്തകനും കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. അരുൺകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ നിന്നായിരുന്നു വിവാദം ഉടലെടുത്തത്. വിവാദങ്ങൾ വേദനിപ്പിച്ചുവെന്നും ഇനി സ്കൂൾ കലോത്സവത്തിൽ ഭക്ഷണം വിളമ്പാനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി പ്രതികരിച്ചിരുന്നു.
അടുത്ത വർഷത്തെ കലോത്സവം മുതൽ നോണ്‍ വെജ് വിഭവങ്ങള്‍ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. അടുത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിന് മാംസഭക്ഷണം വിളമ്പുന്നുണ്ടെങ്കിൽ ആവശ്യമായ കോഴിയിറച്ചി സൗജന്യമായി നൽകാൻ തയ്യാറാണെന്ന് പൗൾട്രി ഫാർമേഴ്സ് ട്രേഡേഴ്സ് സമിതി സംസ്ഥാന ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.