• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM ശക്തികേന്ദ്രമായ പയ്യന്നൂരിൽ 2 വര്‍ഷത്തിനുള്ളില്‍ 3 ഏരിയാ സെക്രട്ടറിമാർ

CPM ശക്തികേന്ദ്രമായ പയ്യന്നൂരിൽ 2 വര്‍ഷത്തിനുള്ളില്‍ 3 ഏരിയാ സെക്രട്ടറിമാർ

വാട്സാപ്പ് വഴി അശ്ലീല സന്ദേശം അയച്ചു എന്ന് ആരോപണം നേരിട്ടതിനാലാണ് 2020 ജൂലൈയിൽ കെ പി മധുവിനെ പാർട്ടി ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കുന്നത്. 

  • Share this:
സംസ്ഥാനത്തെ സിപിഎം ശക്തികേന്ദ്രങ്ങളില്‍ പ്രധാന മേഖലയാണ് കണ്ണൂരിലെ പയ്യന്നൂര്‍. രണ്ടു വർഷത്തിനിടെ ഇത് മൂന്നാമത്തെ സിപിഎം നേതാവാണ് പയ്യന്നൂർ ഏരിയാ സെക്രട്ടറിയുടെ ചുമതല ഏറ്റെടുക്കുന്നത്. കെപി മധുവിനും വി കുഞ്ഞികൃഷ്ണനും പിന്നാലെയാണ് ടി വി രാജേഷിന് പയ്യന്നൂർ ഏരിയ സെക്രട്ടറിയുടെ ചുമതല ലഭിക്കുന്നത്.

വാട്സാപ്പ് വഴി അശ്ലീല സന്ദേശം അയച്ചു എന്ന് ആരോപണം നേരിട്ടതിനാലാണ് 2020 ജൂലൈയിൽ കെ പി മധുവിനെ പാർട്ടി ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കുന്നത്.
2017  ഡിസംബറിലാണ് കെ പി മധു പയ്യന്നൂർ ഏരിയാ സെക്രട്ടറിയായി ചുമതലയേറ്റത്. നിലവിലെ പയ്യന്നൂർ എംഎൽഎ ആയ ടി ഐ മധുസൂദനനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തി കൂടിയായിരുന്നു കെ പി മധു .

 Also Read- ഫണ്ട് തട്ടിപ്പ് നടന്നിട്ടില്ല; പയ്യന്നൂർ ഏരിയയിലെ കൂട്ട നടപടിയിൽ വിശദീകരണവുമായി സിപിഎം

നാട്ടുഗ്രാമം മുത്തത്തി എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വിവാദചിത്രം പ്രത്യക്ഷപ്പെട്ടത്. സിപിഎം പ്രാദേശിക നേതാക്കളും പോഷക സംഘടന അംഗങ്ങളും ഉൾപ്പെട്ടതാണ് ഗ്രൂപ്പ് . ചിത്രം കണ്ടു ഗ്രൂപ്പിലെ മറ്റ് അംഗങ്ങളാണ് പാർട്ടിയിൽ പരാതി ഉന്നയിച്ചത്. തുടർന്ന് പാർട്ടി വിഷയം ഗൗരവതരമായി ചർച്ച ചെയ്തു. ഒടുവിൽ ജില്ലാ സെക്രട്ടറിയേറ്റ് കെ പി മധുവിനെ ഏരിയ സെക്രട്ടറിയുടെ ചുമതലയിൽ നിന്നും മറ്റ് സ്ഥാനങ്ങളിൽ നിന്നും മാറ്റാൻ തീരുമാനിച്ചു.

ജൂലൈ അവസാന ആഴ്ചയിൽ ഒരു ദിവസം രാവിലെ 6.35നാണ്   വിവാദചിത്രം നാട്ടുഗ്രാമം മുത്തത്തി എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ എത്തിയത്. ചിത്രം ഡിലീറ്റ് ചെയ്യാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല എന്നാണ് പിന്നീട് വ്യക്തമായത്. ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ സ്ക്രീൻഷോട്ട് പുറത്തു  വിട്ടത്.

 Also Read- പയ്യന്നൂർ ഏരിയ സെക്രട്ടറിയെ മാറ്റിയത് ഐക്യം ഇല്ലായ്മ പരിഹരിക്കാൻ; വിശദീകരണവുമായി സിപിഎം

മധുവിനെ സെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കിയതോടെ 2020 ഓഗസ്റ്റിലാണ് വി.കുഞ്ഞികൃഷ്ണൻ പയ്യന്നൂർ ഏരിയാ സെക്രട്ടറിയായി ചുതമതലയേറ്റത്. വെള്ളൂർ സഹകരണ ബാങ്ക് സെക്രട്ടറിയായിരിക്കെയാണ്  ഏരിയാ സെക്രട്ടറി പദത്തിലേക്കെത്തുന്നത്. കഴിഞ്ഞവർഷം നവംബറിൽ നടന്ന സി.പി.എം. ഏരിയ സമ്മേളനത്തിൽ വി.കുഞ്ഞികൃഷ്ണൻ വീണ്ടും ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

പയ്യന്നൂര്‍ ഏരിയയിലെ പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുന്ന മാനസിക ഐക്യമില്ലായ്മ പരിഹരിക്കാന്‍ സ്വീകരിച്ച നടപടിയുടെ ഭാഗമായാണ് കുഞ്ഞികൃഷ്ണനെ ചുമതലയിൽനിന്ന് മാറ്റിയതെന്നാണ് സിപിഎമ്മിന്റെ ന്യായീകരണം. മാനസിക ഐക്യം വീണ്ടെടുക്കുന്നതിന് ആണ് ഉയർന്ന ഘടകമായ സംസ്ഥാന കമ്മിറ്റിയിലെ അംഗമായ ടി വി രാജേഷിന് ചുമതല നൽകിയത്. ഈ തീരുമാനം ഏരിയ കമ്മിറ്റി അംഗീകരിച്ചതായും പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. തീരുമാനം പിന്നീട് ലോക്കൽ കമ്മിറ്റികളിലും വിശദീകരിച്ചു.

പയ്യന്നൂരിലെ ഫണ്ട് വിവാദം പാർട്ടിക്കകത്ത് പ്രാദേശികതലത്തിൽ പൊട്ടിത്തെറിക്കാണ് വഴിവെച്ചത്. ഈ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ടി വി രാജേഷിന് പാർട്ടി ഏരിയാ സെക്രട്ടറിയുടെ ചുമതല നൽകുന്നത്. തിരഞ്ഞെടുപ്പ് ഫണ്ടിലോ, എ.കെ.ജി ഭവന്‍ നിര്‍മ്മാണത്തിലോ, ധനരാജ് കുടുംബ സഹായ ഫണ്ടിലോ യാതൊരുവിധ പണാപഹരണവും നടന്നിട്ടില്ല എന്ന് പാർട്ടി നേതൃത്വം തറപ്പിച്ച് പറയുന്നുണ്ട് . എന്നാൽ ഇത് പൂർണതോതിൽ വിശ്വസിക്കാൻ താഴെതട്ടിലുള്ള അണികൾക്ക് കഴിഞ്ഞിട്ടില്ല. ടി വി രാജേഷിനെ പോലെ ജനസമ്മതിയുള്ള ഒരു നേതാവിനെ മുന്നിൽനിർത്തി പ്രവർത്തകർക്ക് ഇടയിലെ ആശങ്കകൾ ദൂരികരിക്കുന്നതിന് ഉള്ള ശ്രമത്തിൽ കൂടിയാണ് സിപിഎം .
Published by:Arun krishna
First published: