• HOME
  • »
  • NEWS
  • »
  • kerala
  • »
  • Zika Virus | സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് കൂടി സിക; നിലവിൽ ചികിത്സയിലുള്ളത് ആറുപേർ

Zika Virus | സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് കൂടി സിക; നിലവിൽ ചികിത്സയിലുള്ളത് ആറുപേർ

സംസ്ഥാനത്ത് ആകെ 44 പേര്‍ക്കാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്. ആറു പേരാണ് നിലവില്‍ രോഗികളായുള്ളത്. ഇവരാരും തന്നെ ആശുപത്രിയില്‍ അഡ്മിറ്റല്ല.

News18 Malayalam

News18 Malayalam

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പി.ടി. ചാക്കോ നഗര്‍ സ്വദേശി (27), പേട്ട സ്വദേശി (38), ആനയറ സ്വദേശി (3), എന്നിവര്‍ക്കാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്.

    ഇതോടെ സംസ്ഥാനത്ത് ആകെ 44 പേര്‍ക്കാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്. ആറു പേരാണ് നിലവില്‍ രോഗികളായുള്ളത്. ഇവരാരും തന്നെ ആശുപത്രിയില്‍ അഡ്മിറ്റല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

    കോട്ടയത്തും സിക വൈറസ്; രോഗം ബാധിച്ചത് വൈറസ് പഠനത്തിനു തിരുവനന്തപുരത്ത് പോയ ആരോഗ്യ പ്രവര്‍ത്തകയ്ക്ക്

    ഇതാദ്യമായാണ് കോട്ടയം ജില്ലയില്‍ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിക്കുന്നത്. കോട്ടയം ജില്ലയില്‍ നിന്ന് തിരുവനന്തപുരത്ത് സിക വൈറസ് പഠനത്തിന് പോയ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് രോഗം ബാധിച്ചത്. ജില്ലയില്‍ തിരിച്ചെത്തിയ ശേഷം തിങ്കളാഴ്ച്ച(ജൂലൈ 19) രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് രക്ത പരിശോധന നടത്തുകയായിരുന്നു. രോഗിയെ ഐസൊലേഷനില്‍ പാര്‍പ്പിച്ച് നിരീക്ഷിച്ചു വരികയാണ് എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.





    നേരിയ പനി, ശരീരത്തില്‍ തിണര്‍പ്പ് എന്നിവയാണ് സാധാരണ സിക വൈറസ് രോഗത്തിന് കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍. ചിലരില്‍ കണ്ണുകളില്‍ ചുവപ്പു നിറം, പേശി വേദന, ക്ഷീണം എന്നീ ലക്ഷണങ്ങളും ഉണ്ടാകാം. ലക്ഷണങ്ങള്‍ രണ്ടു മുതല്‍ ഏഴു ദിവസം വരെ നീണ്ടുനില്‍ക്കാം. സ്ത്രീകള്‍ക്ക് ഗര്‍ഭാവസ്ഥയുടെ ആദ്യ മൂന്നു മാസങ്ങളില്‍ സിക വൈറസ് ബാധിച്ചാല്‍ കുഞ്ഞിന് മൈക്രോസെഫാലി എന്ന അവസ്ഥക്ക് കാരണമായേക്കും.

    ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളാണ് സികയ്ക്കും കാരണമാകുന്നത്. അതുകൊണ്ടുതന്നെ രോഗപ്രതിരോധത്തിന് ഉറവിട നിര്‍മാര്‍ജ്ജനം അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു.

    വീടുകളുടെ സണ്‍ ഷേഡ്, വീട്ടു പരിസരത്ത് ഉപേക്ഷിക്കപ്പെട്ട ചെറിയ പാത്രങ്ങള്‍, ചെടിച്ചട്ടികള്‍, ഫ്രിഡ്ജിനു പിന്നിലെ ട്രേ, ഉപയോഗിക്കാത്ത കക്കൂസുകളിലെ ഫ്ളഷ് ടാങ്കുകള്‍, ക്ലോസെറ്റുകള്‍ തുടങ്ങിവയിലൊന്നും വെള്ളം കൂടുതല്‍ ദിവസം കെട്ടിനിന്ന് കൊതുകു പെരുകുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു.
    Published by:Anuraj GR
    First published: