• HOME
  • »
  • NEWS
  • »
  • kerala
  • »
  • വർക്കല ബീച്ചിലെ പാരാഗ്ലൈഡിങ് അപകടം: നിലവിളിച്ചിട്ടും താഴെ ഇറക്കിയില്ലെന്ന് യുവതി; മൂന്നു പേർ അറസ്റ്റിൽ

വർക്കല ബീച്ചിലെ പാരാഗ്ലൈഡിങ് അപകടം: നിലവിളിച്ചിട്ടും താഴെ ഇറക്കിയില്ലെന്ന് യുവതി; മൂന്നു പേർ അറസ്റ്റിൽ

ഇന്നലെ നാലരയോടെ കോയമ്പത്തൂർ സ്വദേശി പവിത്രയും ഇൻസ്ട്രക്ടറായ സന്ദീപും ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങുകയായിരുന്നു

  • Share this:

    അഭിലാഷ് ആറ്റിങ്ങൽ

    തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിലെ പാരാഗ്ലൈഡിങ് അപകടത്തിൽ മൂന്നു പേർ അറസ്റ്റിൽ. സ്ഥാപനത്തിലെ ജീവനക്കാരായ സന്ദീപ്, ശ്രേയസ്, പ്രഭുദേവ് എന്നിവരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനം ഉടമകളായ ആകാഷ്, ജിനേഷ് എന്നിവർ ഒളിവിലാണ്.

    അപകടത്തിൽപ്പെട്ട ഗ്ലൈഡറിൽ ഉണ്ടായിരുന്ന യുവതി പവിത്രയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഗ്ലൈഡർ പറന്നു തുടങ്ങി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും യുവതി നിലവിളിച്ചിട്ടും നിലത്തിറക്കാൻ കൂട്ടാക്കിയില്ല എന്നുമാണ് മൊഴി. ഇൻസ്ട്രക്ടർ സന്ദീപ് ഉൾപ്പെടെ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്.

    മനപ്പൂർവമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരുടെ സ്ഥാപനത്തിന് ലൈസൻസില്ലെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. എന്നാൽ ലൈസൻസുണ്ടെന്നാണ് സന്ദീപ് പറയുന്നത്.

    ഇന്നലെ നാലരയോടെ കോയമ്പത്തൂർ സ്വദേശി പവിത്രയും ഇൻസ്ട്രക്ടറായ സന്ദീപും ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങുകയായിരുന്നു. ശക്തമായ കാറ്റിൽ നിയന്ത്രണം നഷ്ടമായ പാരാ ഗ്ലൈഡിംഗ് സംവിധാനം ഹൈമാസ്റ്റ് ലൈറ്റിൽ കുരുങ്ങുകയായിരുന്നു.

    Also Read- ഒന്നരമണിക്കൂർ നീണ്ട പരിശ്രമം; വർക്കലയിൽ‌ പാരൈഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

    സംഭവത്തിന് പിന്നാലെ വർക്കല പൊലീസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് പ്രത്യേകം തയ്യാറാക്കിയ വലയിലേക്ക് ഇരുവരേയും ഇറക്കി. ഹൈമാസ്റ്റ് ലൈറ്റിന്റെ അഗ്രഭാഗം താഴേക്ക് താഴ്ത്തിയ ശേഷമാണ് താഴേക്ക് ഇറക്കിയത്.

    ഏതാണ്ട് ഒന്നേമുക്കാൽ മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇവരെ താഴെയിറക്കാനായത്. തുടർന്ന് ഇരുവരേയും വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ വലിയ പരിക്കില്ലാത്തതിനാൽ സന്ദീപിനെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

    Published by:Anuraj GR
    First published: