തിരുവനന്തപുരം: കോവിഡ് (Covid) പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ കടബാധ്യത (debt) മൂലം തലസ്ഥാനത്ത് 24 മണിക്കൂറിനിടെ മൂന്നു പേര് ജീവനൊടുക്കി. വെള്ളനാട് ഉറിയാക്കോട് കൃഷ്ണശ്രീയില്‍ ടി രാധാകൃഷ്ണന് നായര്‍, കരവാരം പനവിള പുത്തന്‍വീട്ടില്‍ വിജയകുമാര്‍, കാഞ്ഞിരംകുളം തന്‍പൊന്നന്‍കാല എപി നിലയത്തില്‍ പി അനില്‍കുമാര്‍ എന്നിവരാണ് ആത്മഹത്യ (suicide) ചെയ്തത്.
രാധാകൃഷ്ണന് നായരും, വിജയകുമാറും ഹോട്ടല്‍ ഉടമകളാണ്. വെങ്ങാന്നൂരില്‍ ഹോട്ടല്‍ നടത്തുന്ന രാധാകൃഷ്ണന് നായരെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്ക് 9 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇയാളുടെ മരുമകള്‍ 5 മാസം മുന്‍പ് പ്രസവം കഴിഞ്ഞ ഉടനെ മരണപ്പെട്ടിരുന്നു. ഇതിന്റെ മനോവിഷമവും ഇയാളെ അലട്ടിയിരുന്നതായി പോലീസ് പറഞ്ഞു.
പനവിളയില്‍ മരണപ്പെട്ട വിജയകുമാര്‍ കടുവാപ്പള്ളിയില്‍ ന്യൂലാന്‍ഡ് എന്ന പേരില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു. കോവിഡിനെ തുടര്‍ന്ന് വളരെക്കാലം ഹോട്ടല്‍ അടഞ്ഞുകിടന്നത് സാമ്പത്തികമായി തളര്‍ത്തിയിരുന്നു. ഇദ്ദേഹത്തിന് കടബാധ്യതകളും ഉണ്ടായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മിക്ക ദിവസവും രാത്രി ഇദ്ദേഹം ഹോട്ടലിലാണ് കിടന്നുറങ്ങാറുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഞായറാഴ്ച രാത്രി വീട്ടില്‍ വരാത്തതിനാല്‍ വീട്ടുകാര്‍ക്ക് സംശയമൊന്നും തോന്നിയില്ല. തിങ്കളാഴ്ച രാവിലെ ഹോട്ടല്‍ അടഞ്ഞുകിടന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അനില്‍കുമാര്‍ പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജിലെ ബസ് ഡ്രൈവര്‍ ആയിരുന്നു. കോളേജിലെ ബസ് ഡ്രൈവര്‍മാരുടെ വിശ്രമമുറിയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്.
ക്രിസ്മസ് അവധി ആയിരുന്നെങ്കിലും ഓഫീസ് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ അനില്‍കുമാര്‍ ശനിയാഴ്ച കോളേജില്‍ എത്തിയിരുന്നു. അനില്‍കുമാറിനും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.