• HOME
  • »
  • NEWS
  • »
  • kerala
  • »
  • Zika Virus | സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് കൂടി സിക; ചികിത്സയിലുള്ളത് അഞ്ച് പേർ

Zika Virus | സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് കൂടി സിക; ചികിത്സയിലുള്ളത് അഞ്ച് പേർ

സംസ്ഥാനത്ത് ആകെ 51 പേര്‍ക്കാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്. 5 പേരാണ് നിലവില്‍ രോഗികളായുള്ളത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം സ്വദേശി (53), പാലോട് സ്വദേശിനി (21), മെഡിക്കല്‍ കോളേജ് സ്വദേശിനി (30) എന്നിവര്‍ക്കാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്.

    തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 51 പേര്‍ക്കാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്. 5 പേരാണ് നിലവില്‍ രോഗികളായുള്ളത്. ഇവരാരും തന്നെ ഗര്‍ഭിണികളല്ല. ആശുപത്രിയില്‍ അഡ്മിറ്റുമല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.

    പകൽ പറക്കുന്ന ഈഡിസ്‌ ജനുസിലെ ഈഡിസ്‌ ഈജിപ്തി പോലുള്ള കൊതുകുകളാണ് സിക്ക വൈറസ് പകർത്തുന്നത്. 1950 -കൾ മുതൽ ആഫ്രിക്കയിലെയും ഏഷ്യയിലെയും ഒരു ചെറിയ മധ്യരേഖാപ്രദേശത്തുമെല്ലാം ഈ പനി കാണപ്പെട്ടിരുന്നു.

    2014 ആയപ്പോഴേക്കും ഈ വൈറസ് പസഫിക് സമുദ്രത്തിലെ ഫ്രഞ്ച് പോളിനേഷ്യയിലേക്കും പിന്നീട് ഈസ്റ്റർ ദ്വീപ് 2015 -ൽ മെക്സിക്കോ, മധ്യ അമേരിക്ക, കരീബിയൻ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കും പകർച്ചവ്യാധിയുടെ കണക്ക് വ്യാപിച്ചു.

    2016 -ന്റെ തുടക്കത്തിലാണ് സിക്ക വൈറസ് അമേരിക്കയിൽ വ്യാപകമായി പടരുന്നത്. 3 മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല.

    ഗര്‍ഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിത്രത്തിനും കാരണമായേക്കാം.

    Also Read- 18 കോടിയല്ല, മുഹമ്മദിന് മലയാളികൾ നൽകിയത് 46.78 കോടി രൂപ; ബാക്കിതുക എസ്എംഎ രോഗത്താല്‍ കഷ്ടപ്പെടുന്ന കുരുന്നുകൾക്ക്

    നേരിയ പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, സന്ധിവേദന , തലവേദന, പേശി വേദന എന്നിങ്ങനെയാണ് ലക്ഷണങ്ങൾ. രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്. സിക്ക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടേണ്ടതാണ്.

    കൊതുകു കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. പകല്‍ സമയത്തും വൈകുന്നേരവും കൊതുക് കടിയില്‍ നിന്ന് സംരക്ഷണം നേടുക എന്നത് വളരെ പ്രധാനമാണ്. ഗര്‍ഭിണികള്‍, ഗര്‍ഭത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കുക.
    Published by:Anuraj GR
    First published: