തിരുവനന്തപുരം: പുനഃസംഘടനാ ചർച്ചകളുടെ ഭാഗമായി കോൺഗ്രസ് ക്യാമ്പിൽ നിന്ന് ഉയർന്നു കേൾക്കുന്നത് വിപ്ലവകരമായ ചിന്തകളാണ്. മൂന്നു ജില്ലകളിൽ ഡി.സി.സി. അധ്യക്ഷൻമാരായി വനിതകൾക്ക് ചുമതല നൽകുന്ന കാര്യം പരിഗണിക്കുന്നു. നിലവിൽ കൊല്ലം ജില്ലയിൽ പാർട്ടിയെ നയിക്കുന്നത് വനിതാ നേതാവ് ബിന്ദു കൃഷ്ണയാണ്. ഇതിനു പുറമേ രണ്ടിടങ്ങളിൽ കൂടി വനിതകളെ നിയമിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.
വനിതകൾക്ക് ഏറ്റവും കൂടുതൽ പ്രാതിനിധ്യം നൽകുന്ന ഇടതുപക്ഷ പാർട്ടികൾക്ക് പോലും ഒരു വനിത ജില്ലാ സെക്രട്ടറി ഇല്ല. കൂടുതൽ ജില്ലകളിൽ വനിതകൾക്ക് പ്രാധാന്യം നൽകിയാൽ പൊതുസമൂഹത്തിൽ തന്നെ കോൺഗ്രസിന് കൂടുതൽ സ്വീകാര്യത കിട്ടിയേക്കും എന്ന് ഈ ചർച്ചകൾ നയിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഒഴികെയുള്ള ഇടങ്ങളിലാണ് കൂടുതൽ വനിതകൾക്ക് പ്രാതിനിധ്യം നൽകാനുള്ള സാധ്യത കോൺഗ്രസ് പരിശോധിക്കുന്നത്.
ജനപ്രതിനിധികൾക്കും തടസ്സമില്ല
ജനപ്രതിനിധികളാണ് എന്നതിന്റെ പേരിൽ ഇത്തവണ കോൺഗ്രസ് പുനഃസംഘടനയിൽ പരിഗണന ലഭിക്കാതിരിക്കില്ല. എംപിമാരോ എംഎൽഎ മാരോ കെ.പി.സി.സി. ഭാരവാഹി സ്ഥാനങ്ങളിലോ ഡി.സി.സി. പ്രസിഡന്റുമാരായോ വന്നേക്കാം എന്ന് ചുരുക്കം. സി.പി.എം. ജില്ലാ സെക്രട്ടറിമാരുമായി നേർക്കുനേർ ഏറ്റുമുട്ടാൻ ശേഷിയുള്ളവരായിരിക്കണം പുതിയ ജില്ലാ അധ്യക്ഷൻമാർ എന്നാണ് കെ. സുധാകരന്റെ നിലപാട്.
ജില്ലകളിൽ അറിയപ്പെടുന്നവരും മാധ്യമങ്ങളിലൂടെ കാര്യങ്ങൾ അവതരിപ്പിക്കാൻ ശേഷിയുള്ളവർക്കും കൂടുതൽ പരിഗണന കിട്ടും. മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ജ്യോതി വിജയകുമാറിന്റെ പേരിനാണ് കൂടുതൽ പരിഗണന. ദീപ്തി മേരി വർഗീസിനും സാധ്യതയുണ്ട്. കെ.പി.സി.സി. ഭാരവാഹികളുടെ എണ്ണം അമ്പതിൽ കവിയാതിരിക്കാനാണ് പുതിയ അധ്യക്ഷന്റെ ശ്രമം. ജനറൽ സെക്രട്ടറിമാരുടെ എണ്ണം അഞ്ചിൽ താഴെ ആകും.
ഗ്രൂപ്പുകൾക്ക് അതൃപ്തി
നേതാക്കളുമായി ആലോചിച്ചാണ് തീരുമാനം എടുക്കുന്നത് എന്ന് പറഞ്ഞതിനുശേഷവും കെ. സുധാകരൻ സ്വന്തമായി തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിൽ ഗ്രൂപ്പുകൾക്ക് അതൃപ്തിയുണ്ട്. മാധ്യമങ്ങളിലൂടെ നിയുക്ത പ്രസിഡൻറ് പുനഃസംഘടന സംബന്ധിച്ച് മുന്നോട്ടുവെച്ച കാഴ്ചപ്പാടുകൾ ഒന്നും നേതാക്കളുമായി ചർച്ച ചെയ്തിട്ടില്ല എന്നാണ് ഇവരുടെ നിലപാട്.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി ആലോചിച്ച് തീരുമാനങ്ങൾ എടുക്കുമെന്ന് പറയുമ്പോഴും സ്വന്തം നിലയിൽ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനുള്ള അതൃപ്തിയാണ് ഗ്രൂപ്പുകൾക്കുള്ളത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എ, ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡിന് പരാതി നൽകും. പുനഃസംഘടന സംബന്ധിച്ച് എ.ഐ.സി.സി. നേരത്തെ തയ്യാറാക്കിയ മാനദണ്ഡങ്ങൾ കേരളത്തിലും പാലിക്കണമെന്ന് ഗ്രൂപ്പുകൾ ആവശ്യപ്പെടും.
നാളെ ചുമതലയേൽക്കും
കെ. സുധാകരൻ കെ.പി.സി.സി. അധ്യക്ഷനായി ചുമതലയേൽക്കുന്നത് നാളെയാണ്. എ.ഐ.സി.സി. പ്രതിനിധികളുടെയും സംസ്ഥാനത്തെ പ്രധാന നേതാക്കളുടെയും സാന്നിധ്യത്തിലായിരിക്കും ചുമതലയേൽക്കൽ. വർക്കിങ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ട പി.ടി. തോമസ്, ടി. സിദ്ദിഖ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരും എന്നിവരും ചുമതലയേൽക്കും.
രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തിയ ശേഷമായിരിക്കും ഇവർ ഇന്ദിരാഭവനിൽ എത്തുക. കെ. സുധാകരനും വി.ഡി. സതീശനും അടുത്ത ദിവസം തന്നെ ഡൽഹിക്ക് പോകും. സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും നടത്തുന്ന ചർച്ചകൾക്ക് ശേഷമായിരിക്കും പുനഃസംഘടന സംബന്ധിച്ച് അന്തിമ രൂപരേഖ തയ്യാറാക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K sudhakaran, Kpcc, KPCC President K. Sudhakaran, Kpcc reshuffle, Oommen Chandy