• HOME
 • »
 • NEWS
 • »
 • kerala
 • »
 • Thrikkakara By-Election | 'ആ പഴയ കെഎസ്‍യുക്കാരിക്ക് മറ്റൊരു നിയോഗം കൂടി'; ഉമ തോമസിനായി ഓണ്‍ലൈന്‍ പ്രചാരണമാരംഭിച്ച് കോൺഗ്രസ്

Thrikkakara By-Election | 'ആ പഴയ കെഎസ്‍യുക്കാരിക്ക് മറ്റൊരു നിയോഗം കൂടി'; ഉമ തോമസിനായി ഓണ്‍ലൈന്‍ പ്രചാരണമാരംഭിച്ച് കോൺഗ്രസ്

യുവനേതാക്കളടക്കം പാര്‍ട്ടി സൈബര്‍ വിഭാഗത്തിനൊപ്പം ഉമാ തോമസിനായി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു

 • Share this:
  തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ (Thrikkakara By-Election) ഉമ തോമസിനെ (Uma Thomas) യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സജീവമായി കോണ്‍ഗ്രസ് (Congress) സൈബര്‍ ഇടങ്ങള്‍. സ്ഥാനാർഥിയെ സംബന്ധിച്ച ചർച്ചകൾ കോൺഗ്രസ് ഇത്രയും വേഗം പൂർത്തിയാക്കുന്നത് ഇതാദ്യം ആയതിനാല്‍ തന്നെ ആവേശത്തോടെയാണ് കോണ്‍ഗ്രസ് അണികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്. സീറ്റിന് അവകാശവാദവുമായി നിരവധിപേർ എത്തുന്നതോടെ സ്ഥാനാർഥി പ്രഖ്യാപനം നീളുന്ന പതിവ് രീതിക്ക് നേതൃത്വം ഇത്തവണ ഇടനല്‍കിയില്ല.

  യുവനേതാക്കളടക്കം പാര്‍ട്ടി സൈബര്‍ വിഭാഗത്തിനൊപ്പം ഉമാ തോമസിനായി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. മഹാരാജാസിലെ കോളേജ്‌ യൂണിയൻ വൈസ് ചെയർപേഴ്‌സണായിരുന്ന, ആ പഴയ കെഎസ്‍യുക്കാരിക്ക് മറ്റൊരു നിയോഗം കൂടി. തൃക്കാക്കരക്ക് വേണ്ടി,കോൺഗ്രസ്സിന് വേണ്ടി,കേരളത്തിന് വേണ്ടി ഉമാതോമസ് ജയിക്കും എന്നായിരുന്നു ഷാഫി പറമ്പില്‍ എംഎല്‍എ ഫെയ്സ്ബുക്കില്‍ കുറിച്ചത്.  ഒരു പേര്, ഒരേ നിലപാട്, തൃക്കാക്കരയിൽ ഉമ തോമസ് എന്നായിരുന്നു കെ.എസ് ശബരിനാഥന്‍ കുറിച്ചത്. പി ടി യുടെ നിലപാടുകൾ തൃക്കാക്കരയിൽ ഉമ ചേച്ചിയിലൂടെ തുടരുമെന്ന് പിസി വിഷ്ണുനാഥും കുറിച്ചു.

  മഹാരാജാസ് കാലം മുതലേ കെഎസ്‍യു പ്രവര്‍ത്തകയും നേതാവുമായിരുന്നെങ്കിലും പി.ടി. തോമസിന്‍റെ ഭാര്യയെന്ന നിലയില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും ഉമ തോമസ് സജീവമായിരുന്നില്ല . 1982ല്‍ മഹാരാജാസില്‍ പ്രതിനിധിയായി മത്സരിച്ചു ജയിച്ചു. 1984ല്‍ വൈസ് ചെയര്‍പേഴ്സനായി തിരഞ്ഞെടുക്കപ്പെട്ടു.

  Also Read- തൃക്കാക്കര സ്ഥാനാർഥി നിർണ്ണയത്തിൽ കോൺഗ്രസിൽ തർക്കം; ഉമ തോമസിനോടുള്ള എതിർപ്പ് പരോക്ഷമായി സൂചിപ്പിച്ച് നേതാക്കൾ

  തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ സ്വന്തം അനുഭവം അതുമാത്രമാണ് ഉമയ്ക്ക് കൈമുതലായിട്ടുള്ളത്. 1987ലായിരുന്നു പി.ടി തോമസുമായുള്ള വിവാഹം. ബിഎസ്‍സി സുവോളജി ബിരുദധാരിയാണെങ്കിലും എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടിങ് വിഭാഗത്തില്‍ അസിസ്റ്റന്‍റ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെ പി.ടി. തോമസ് രോഗബാധിതനായതോടെ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കേണ്ടി വന്നു.

  രാഷ്ട്രീയത്തില്‍ സജീവമായില്ലെങ്കിലും തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ പി.ടി.തോമസിനൊപ്പം മണ്ഡലത്തില്‍ സജീവമാകുന്നതായിരുന്നു ഉമയുടെ രീതി. എറണാകുളം സ്വദേശിനി എന്ന നിലയിലും മണ്ഡലത്തിലെ താമസക്കാരി എന്ന നിലയിലും വോട്ടര്‍മാര്‍ക്ക് സുപരിചിതയാണ്  ഉമ തോമസ്.

  മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.എം.ഹസ്സൻ, രമേശ് ചെന്നിത്തല എന്നിവർ തൃക്കാക്കരയിലെ സ്ഥാനാർഥിക്കായി ഇന്ദിരാഭവനിൽ യോഗം ചേരുമ്പോൾ ഉമാ തോമസിന്റെ പേരിനായിരുന്നു മുൻഗണന നല്‍കിയത്.

   'ഉമയും, പി.ടി. തൻ്റെ സുഹൃത്തുക്കൾ, പക്ഷേ തൃക്കാക്കരയിൽ വികസന രാഷ്ട്രീയത്തിനൊപ്പം': കെ വി തോമസ്


  കൊച്ചി: സി. പി. എം പാർട്ടി കോൺഗ്രസിൻ്റെ സെമിനാറിൽ പങ്കെടുത്തതിൻ്റെ പേരിൽ നടപടിക്ക് വിധേയനായ മുതിർന്ന കോൺഗ്രസ് നേതാവ് കെ. വി. തോമസ് (KV Thomas) തൃക്കാക്കര തിരഞ്ഞെടുപ്പിൽ (Thrikkakkara By-Election) താൻ ഇടതുപക്ഷ നിലപാടിനൊപ്പമാണെന്ന സൂചന നൽകി. ഉമ്മയും പി. ടി. തോമസും  തൻ്റെ കുടുംബ സുഹൃത്തുക്കളാണ്. ഞങ്ങൾ ഒരുമിച്ച്  ഒരുപാട് യാത്രകൾ പോയിട്ടുണ്ട്. പക്ഷേ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമാണ് പ്രധാനമായും ചർച്ചയാവുക. തിരഞ്ഞെടുപ്പിൽ താൻ വ്യക്തിക്കൊപ്പമല്ല വികസനത്തിനൊപ്പമാണെന്നും കെ. വി തോമസ് വ്യക്തമാക്കി.

  സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കണമെന്നാണ് തൻ്റെ നിലപാട്. രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു എക്സ്പ്രസ് ഹൈവേയും, സിൽവർ ലൈനും. അത് ഏറ്റെടുത്ത് നടപ്പാക്കുവാൻ കോൺഗ്രസിന് കഴിയുന്നില്ല. വികസന കാര്യങ്ങളിൽ രാഷ്ട്രീയം പാടില്ല. യോജിപ്പാണ് വേണ്ടത്. അതിനാൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ താൻ വികസന രാഷ്ട്രീയത്തിനൊപ്പമാണ്. തൃക്കാക്കരയിൽ മത്സരം കടുത്തതായിരിക്കും. താനോ തൻ്റെ കുടുംബത്തിൽ നിന്ന് ആരെങ്കിലുമോ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും കെ വി തോമസ് വ്യക്തമാക്കി.
  Published by:Arun krishna
  First published: