• HOME
  • »
  • NEWS
  • »
  • kerala
  • »
  • Thrikkakara By-Election | സുകുമാരന്‍ നായര്‍ അനുഗ്രഹിച്ചു; തൃക്കാക്കര LDF സ്ഥാനാര്‍ഥി ജോ ജോസഫ് പെരുന്നയിലെത്തി

Thrikkakara By-Election | സുകുമാരന്‍ നായര്‍ അനുഗ്രഹിച്ചു; തൃക്കാക്കര LDF സ്ഥാനാര്‍ഥി ജോ ജോസഫ് പെരുന്നയിലെത്തി

സുകുമാരൻ നായർ പിന്തുണയും അനുഗ്രഹവും നൽകിയോ എന്ന  ചോദ്യത്തിന് 'തീർച്ചയായും' എന്ന മറുപടിയാണ്  ഇടത് സ്ഥാനാര്‍ഥി നൽകിയത്

  • Last Updated :
  • Share this:
തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് (Thrikkakara By-Election) പോരാട്ടം വീറും വാശിയിലും എത്തി നിൽക്കുന്നതിനിടെ ഇടത് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് (Dr. Jo Joseph) ചങ്ങനാശേരി പെരുന്നയിലെ എൻഎസ്എസ് (Nair Service Society) ആസ്ഥാനത്ത് എത്തി.  രാവിലെ പത്തേകാലോടെ ആണ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി ജോ ജോസഫ് കൂടിക്കാഴ്ച നടത്തിയത്. ജി.സുകുമാരൻ നായരില്‍ നിന്നും അനുഗ്രഹം തേടുന്നതിന് വേണ്ടിയാണ് എത്തിയതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഡോ. ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിൽ എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജി.സുകുമാരൻ നായർ പിന്തുണയും അനുഗ്രഹവും നൽകിയോ എന്ന  ചോദ്യത്തിന് 'തീർച്ചയായും' എന്ന മറുപടിയാണ്  ഇടത് സ്ഥാനാര്‍ഥി നൽകിയത്. ചങ്ങനാശ്ശേരിയുമായി വൈകാരികമായ ബന്ധമാണ് തനിക്ക് ഉള്ളത് എന്നും ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ അമ്മയുടെ വീട് ചങ്ങനാശ്ശേരിയിൽ ആണ് ഉള്ളത്. എല്ലാവരെയും കാണുന്നതിന്റെ ഭാഗമായാണ് ചങ്ങനാശ്ശേരിയിൽ എത്തിയത് എന്നും ഡോ.ജോ ജോസഫ് വ്യക്തമാക്കി.

കൂടിക്കാഴ്ച അധികനേരം നീണ്ടുനിന്നില്ല. ജി സുകുമാരൻ നായരും ആയുള്ള ചിത്രങ്ങൾ എടുത്ത ശേഷമാണ് ജോ ജോസഫ് ചങ്ങനാശ്ശേരിയിൽ നിന്ന് മടങ്ങിയത്.

Also Read- തൃക്കാക്കരയില്‍ 19 സ്ഥാനാര്‍ത്ഥികള്‍; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു

ഇടത് സ്ഥാനാർത്ഥി ചങ്ങനാശ്ശേരി പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്ത് എത്തി പിന്തുണ അഭ്യർത്ഥിച്ച നീക്കത്തെ അതീവ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ചർച്ചചെയ്യുന്നത്. എൻഎസ്എസും ഇടതുപക്ഷവും തമ്മിൽ കടുത്ത ആശയ ഭിന്നതയാണ് കഴിഞ്ഞ കുറേക്കാലമായി ഉള്ളത്. ശബരിമല പ്രക്ഷോഭത്തെ തുടർന്ന് പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന പ്രതികരണമാണ് എൻഎസ്എസ് പലതവണയും നടത്തിയിട്ടുള്ളത്. സാമ്പത്തിക സംവരണം നടപ്പാക്കുന്ന വിഷയത്തിൽ അടക്കം സർക്കാർ അനാസ്ഥ കാട്ടുന്നു എന്ന് ചൂണ്ടിക്കാട്ടി എൻഎസ്എസ് പലതവണ രംഗത്തുവന്നിരുന്നു.

സാമ്പത്തിക സംവരണവും ആയി ബന്ധപ്പെട്ട സെൻസസ് വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനും എൻഎസ്എസ് തയ്യാറായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അടക്കം ഫലത്തിൽ യുഡിഎഫിന് അനുകൂലമായ നിലപാടാണ് എൻഎസ്എസ് സ്വീകരിച്ചു വന്നത്.

Also Read- 'വയനാട്ടിലെ അപരനിപ്പോൾ സാംസ്കാരിക വകുപ്പിൽ ഉയര്‍ന്ന ശമ്പളം വാങ്ങുന്നു'; സ്വരാജിന് മറുപടിയുമായി ശബരിനാഥന്‍

മന്നംജയന്തിയുമായി ബന്ധപ്പെട്ട് പാർട്ടി ദിനപത്രമായ ദേശാഭിമാനിയിൽ ലേഖനമെഴുതി സിപിഎം നിലപാടുകൾ മുന്നോട്ടുവച്ചപ്പോഴും  എൻഎസ്എസ് മറുപടിയുമായി രംഗത്ത് വന്നിരുന്നു. സാമുദായിക നേതാക്കളെ ആവശ്യത്തിന് ഉപയോഗിക്കുന്ന നടപടിയാണ് സിപിഎം സ്വീകരിച്ചുവരുന്നത് എന്ന് അന്ന് വാർത്താകുറിപ്പിലൂടെ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ മറുപടി നൽകിയിരുന്നു.

അതേസമയം, സിപിഎം സ്ഥാനാർത്ഥിയോട് എടുക്കുന്ന സമീപനത്തെക്കുറിച്ച് എൻഎസ്എസ് ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. സമദൂര നിലപാടും അതിനിടയിലെ ശരി ദൂരവും ഒക്കെയാണ് കഴിഞ്ഞ കുറെ കാലമായി എൻഎസ്എസ് തെരഞ്ഞെടുപ്പുകളിൽ സ്വീകരിച്ചുവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കെ.വി തോമസും ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് നടക്കാനിരിക്കെയാണ്  ജോ ജോസഫ് ചങ്ങനാശ്ശേരിയിൽ എത്തിയത്.

കഴിഞ്ഞദിവസം  എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ടു പിന്തുണ നേടാന്‍ ജോ ജോസഫ് കണിച്ചുകുളങ്ങരയിലെത്തിയിരുന്നു. നേരത്തെ കോൺഗ്രസ് സ്ഥാനാർഥി ഉമാ തോമസും,  ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണനും ചങ്ങനാശ്ശേരിയിൽ എത്തി ജി സുകുമാരൻ നായരെ കണ്ടിരുന്നു.
Published by:Arun krishna
First published: