കൊച്ചി: സിൽവർലൈൻ (SilverLine) ഉൾപ്പെടെയുള്ള വികസനത്തിന് വോട്ട് ചെയ്യണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് (K V Thomas) ന്യൂസ് 18നോട്. വ്യക്തി ബന്ധം നോക്കിയല്ല വോട്ട് ചെയ്യേണ്ടതെന്നായിരുന്നു ഉമ തോമസിനോടുള്ള (Uma Thomas) നിലപാട് സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടി. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ടാകുമെന്നും കെ വി തോമസ് പറഞ്ഞു.
തൃക്കാക്കരയിലെ (Thrikkakara) നിലപാട് തുറന്നു പറഞ്ഞ് കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ് കെ വി തോമസ്. ഇടതു മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് പരസ്യമായി പറഞ്ഞില്ലെങ്കിലും സിൽവർലെെൻ വികസനത്തിന് വോട്ട് ചെയ്യണം എന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുമെന്നും കെ വി തോമസ് പറഞ്ഞു. ഒരു പദ്ധതിയെ അന്ധമായി എതിർക്കുന്നത് ശരിയല്ല. വിദേശത്ത് കഷ്ടപ്പെടുന്ന മലയാളികളുടെ പണമാണ്. അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാവുക തന്നെ വേണം
യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസ് കുടുംബ സുഹൃത്താണ്. പി ടി തോമസും താനും രണ്ട് വ്യത്യസ്ത ഗ്രൂപ്പുകാരായിരുന്നു. എങ്കിലും നല്ല അടുപ്പമുണ്ടായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് ശേഷം ഉമ ഭാര്യ ഷേർളിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. തനിക്ക് സംസാരിക്കാൻ സാധിച്ചില്ല. വ്യക്തി ബന്ധം നോക്കിയല്ല വോട്ട് ചെയ്യേണ്ടത്. തൃക്കാക്കരയിൽ പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകും. തൃക്കാക്കരയിലെ ജനങ്ങളെ തനിക്ക് അറിയാമെന്നും കെ വി തോമസ് വ്യക്തമാക്കി.
അതേസമയം, വികസനത്തിന് വോട്ട് ചോദിക്കുമെന്ന കെവി തോമസിന്റെ നിലപാട് സിപിഎം സ്വാഗതം ചെയ്തപ്പോൾ മാഷിന് പബ്ലിസിറ്റി മാനിയയാണെന്ന് വിപി സജീന്ദ്രൻ തുറന്നടിച്ചു. വികസനത്തിനൊപ്പമെന്ന കെ വി തോമസിന്റെ പ്രതികരണം എതിർപക്ഷം അയുധമാക്കും. തോമസിന്റെ നിലപാട് സിപിഎം സ്വാഗതം ചെയ്തു കഴിഞ്ഞതായി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
എന്നാൽ കെ വി തോമസിനെ തളളുകയാണ് കോൺഗ്രസ് നേതാക്കൾ കെ വി തോമസിന്റെ പരാമർശം പാർട്ടി പരിശോധിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കിയപ്പോൾ മറുപടി പറയാനില്ലെന്നാണ് പ്രതിപക്ഷ നേതാവായ വി ഡി സതീശന്റെ നിലപാട്.. എതിരാളികൾക്ക് അവസരമൊരുക്കുന്ന കെ വി തോമസിനെ തളളാനും കൊള്ളാനുമാകാത്ത അവസ്ഥയിലാണ് കോൺഗ്രസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: KV Thomas, Thrikkakara By-Election