തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം അവസാന മണിക്കൂറുകളിലെ പ്രചാരണം കൊഴുപ്പിക്കാന്‍ തൃക്കാക്കരയിലെത്തിയിരുന്നു. വാഹനപ്രചരണ ജാഥകളും റോഡ് ഷോകളുമായി രാവിലെ മുതല്‍ സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് പാലാരിവട്ടം ജംഗ്ഷനിലെ കൊട്ടിക്കലാശ സ്ഥലത്തേക്ക് എത്തി.
യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ്, എന്‍ഡിഎ സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന് ഉള്‍പ്പെടെ 8 സ്ഥാനാര്‍ത്ഥികളാണ് തൃക്കാക്കരയില്‍ ജനവിധി തേടുന്നത്. നിയമസഭയില്‍ 100സീറ്റ് തികയ്ക്കുക എന്ന ലക്ഷ്യത്തിലാണ് എല്‍ഡിഎഫ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് നേരിട്ടെത്തിയിരുന്നു.
Also Read- 'മുഖ്യമന്ത്രി തൃക്കാക്കരയില്‍ തീവ്രവാദ-വര്‍ഗീയ സംഘടനകളുമായി കൂടിക്കാഴ്ച നടത്തുന്നു'; കെ സുരേന്ദ്രന്
ഉറച്ച കോട്ടയായ മണ്ഡലത്തില്‍ പിടി തോമസിന്റെ പിന്തുടര്ച്ച ഉറപ്പാക്കാനാണ് യുഡിഎഫിന്റെ ശ്രമം. സിനിമാതാരം രമേഷ് പിഷാരടി, ഷാഫി പറമ്പില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഉമാ തോമസിനൊപ്പം അവസാനഘട്ട പ്രചാരണത്തിനെത്തിയിരുന്നു. പിസി ജോര്‍ജ് എന്‍ഡിഎ സ്ഥാനാര്‍ഥിക്കൊപ്പം വാഹനപ്രചരണത്തില് പങ്കെടുത്തു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് എല്‍ഡിഎഫ് ക്യാമ്പിന് നേതൃത്വം നല്കി തൃക്കാക്കരയില്‍ സജീവമായിരുന്നു.
Also Read- 'ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ക്യാമറ വച്ച വിരുതന്മാർ; പ്രളയ ഫണ്ടും തട്ടി'; സിപിഎമ്മിനെതിരെ വി ഡി സതീശൻ
പരസ്യപ്രചാരണം പൂര്‍ത്തിയാക്കി മണ്ഡലത്തില്‍ ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്കാണ് മുന്നണികള്‍ പ്രവേശിക്കുന്നത്. മെയ് 31 നാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പോളിങ് നടക്കുക.
തൃക്കാക്കരയിൽ ആയിരത്തോളം പൊലീസുകാർ സുരക്ഷയൊരുക്കും; ഒരുക്കങ്ങൾ പൂർത്തിയായി
തൃക്കാക്കര ഉപ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ സി.നാഗരാജുവിന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ പഴുതടച്ച സുരക്ഷയൊരുക്കി പോലീസ്. ഉപതിരഞ്ഞെടുപ്പ് സമാധാനപരവും സുരക്ഷിതവുമാക്കുന്നതിന് ആയിരത്തോളം പോലീസുകാരെയാണ് വിന്യസിക്കുന്നത്. കൂടാതെ അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ രംഗത്തിറക്കുന്നതിന് ഒരു കമ്പനി സായുധ പോലീസും ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ് എന്നിവയുടെ ഓരോ കമ്പനികളും പൂര്‍ണ്ണ സജ്ജരാണ്.
മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തിലും വോട്ടെടുപ്പിന് തലേന്നും വോട്ടെടുപ്പ് ദിവസവും (മെയ് 30, 31) സുരക്ഷയ്ക്ക് പോലീസ് ഉണ്ടാകും. അഞ്ച് ബൂത്തുകളില്‍ കൂടുതലുള്ള പോളിംഗ് സ്റ്റേഷനുകളില്‍ പോലീസ് പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തും. എസ്.ഐ യും അഞ്ച് പോലീസുകാരും ഉള്‍പ്പെട്ടതാണ് പോലീസ് പിക്കറ്റ്. ഇത്തരത്തില്‍ 14 പിക്കറ്റ് പോസ്റ്റുകളാണ് തൃക്കാക്കര മണ്ഡലത്തിലുണ്ടാകുക. പ്രായമായവരേയും ഭിന്നശേഷിക്കാരേയും സഹായിക്കുന്നതിനായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകളേയും നിയോഗിക്കും.
Also Read- 'എന്തും വിളിച്ചുപറയാവുന്ന നാടല്ല കേരളം, വർഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ല'; മുഖ്യമന്ത്രി
10 ബൂത്തുകള്‍ക്ക് വീതം ഓരോ ഗ്രൂപ്പ് പട്രോളിംഗ് സംഘവും ഉണ്ടാകും. എസ്.ഐ യും രണ്ടു സിവില്‍ പോലീസുകാരും ഉള്‍പ്പെട്ട ഗ്രൂപ്പ് പട്രോളിംഗ് സംഘം അര മണിക്കൂര്‍ ഇടവിട്ട് ബൂത്തുകള്‍ സന്ദര്‍ശിക്കും. ഇത്തരത്തില്‍ 16 ഗ്രൂപ്പുകള്‍ ഉണ്ടാകും. കൂടാതെ ക്രമസമാധാന പാലനത്തിന് മണ്ഡലത്തിലെ ഓരോ പോലീസ് സ്റ്റേഷന് പരിധിയിലും രണ്ടു വീതം ലോ ആന്റ് ഓര്‍ഡര്‍ പട്രോളിംഗ് സംഘവും ഉണ്ടാകും.
പാലാരിവട്ടത്തും തൃക്കാക്കരയിലും മൂന്നു വീതം ഉള്‍പ്പെടെ 14 സംഘങ്ങളുണ്ടാകും. മണ്ഡലത്തിലെ ഏഴു പോലീസ് സ്റ്റേഷന് പരിധിയിലും എസ്എച്ച്ഒ(സ്റ്റേഷന് ഹൗസ് ഓഫീസര്‍)യുടെ നേതൃത്വത്തില്‍ സ്ട്രൈക്കിംഗ് ഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ട്. മൂന്നു സബ് ഡിവിഷനുകളിലും സ്ട്രൈക്കിംഗ് ഫോഴ്സ് ഉണ്ടാകും.
തിരഞ്ഞെടുപ്പ് ദിവസം മഴക്കെടുതി ഉണ്ടായാല്‍ നേരിടുന്നതിന് ഫയര്‍ഫോഴ്സ്, സിവില്‍ ഡിഫന്‍സ് എന്നിവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. കൂടാതെ 24 മണിക്കൂര്‍ കണ്ട്രോള് റൂം പോലീസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.