കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ (Thrikkakara By-Election) രാവിലെ 8 മണിയോടെ ആരംഭിക്കും. 8.30ഓടെ ആദ്യ ഫലസൂചന പ്രതീക്ഷിക്കാം. 11 മണിയോടെ അന്തിമഫലം പുറത്തുവന്നേക്കും. രാവിലെ 7.30 ന് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ എറണാകുളം മഹാരാജാസ് കോളജിലെ സ്‌ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങള്‍ പുറത്തെടുക്കും. വോട്ടെണ്ണാന്‍ 21 ടേബിളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ തൃക്കാക്കരയുടെ പുതിയ എംഎല്‍എ ആരെന്ന് അറിയാം. ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളുമാണ്. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ ചിത്രം വ്യക്തമാകും തെളിയും.
കൊച്ചി കോർപറേഷനിലെ ഇടപ്പളളി മേഖലയിലെ ബൂത്തുകളാവും ആദ്യം എണ്ണുക. ഈ ബൂത്തുകളിലെ വോട്ടുകള്‍ എണ്ണി കഴിയുമ്പോള്‍ തന്നെ ചിത്രം തെളിയും. കഴിഞ്ഞ തവണ ഈ മേഖലയില്‍ പി ടി തോമസ് നേടിയത് 1258 വോട്ടുകളുടെ ലീഡാണ്. ആദ്യ റൗണ്ടില്‍ ഉമയുടെ ലീഡ് ഇതിനോട് അടുത്താൽ യുഡിഎഫ് ജയിക്കുമെന്നതിന്‍റെ കൃത്യമായ സൂചനയാകും അതെന്നാണ് വിലയിരുത്തപ്പെടുന്നത്. പാലാരിവട്ടം, പാടിവട്ടം, അഞ്ചുമന മേഖലകളിലൂടെയാവും പിന്നെ കൗണ്ടിംഗ് കടക്കുക. അഞ്ചാം റൗണ്ടോടെ വൈറ്റില വരെയുളള കോര്‍പറേഷന്‍ പരിധിയിലെ ബൂത്തുകള്‍ എണ്ണി തീരും.
വോട്ടെണ്ണല്‍ 5 റൗണ്ട് പിന്നിടുമ്പോള്‍ ഉമയുടെ ലീഡ് 5000 കടന്നുവെങ്കില്‍ യുഡിഎഫിന് വിജയം ഉറപ്പിക്കാം. ഭൂരിപക്ഷം മൂവായിരത്തില്‍ താഴെയെങ്കില്‍ കടുത്ത മത്സരമാണ് നടക്കുന്നതെന്ന് വിലയിരുത്തേണ്ടി വരും. ജോ ജോസഫ് നേരിയ ലീഡ് സ്വന്തമാക്കിയാല്‍ പോലും ഇടതുമുന്നണി ജയിക്കുമെന്നതിന്‍റെ സൂചനയാകും അത്. അങ്ങനെ വന്നാല്‍ തൃക്കാക്കര മുനസിപ്പാലിറ്റിയിലെ വോട്ടുകള്‍ നിര്‍ണായകമാകും. എട്ടാം റൗണ്ട് മുതലാണ് തൃക്കാക്കരയിലെ വോട്ടുകള്‍ എണ്ണി തുടങ്ങുക. ഇഞ്ചോടിഞ്ച് മല്‍സരമാണ് നടക്കുന്നതെങ്കില്‍ തൃക്കാക്കര വെസ്റ്റ്, സെന്‍ട്രല്‍ മേഖലകളിലെ വോട്ടുകള്‍ എണ്ണുന്ന 9,10,11 റൗണ്ടുകള്‍ പിന്നിടുന്നതോടെ ഇരു സ്ഥാനാര്‍ഥികളും ഏതാണ്ട് ഒപ്പത്തിനൊപ്പമെത്തും.
അങ്ങനെ എങ്കിൽ ഇടതുമുന്നണി സ്ഥാനാർഥിക്ക് പ്രതീക്ഷയോടെ അവസാന നാലു റൗണ്ടുകളിലേക്ക് കടക്കാം. ഇടതു ശക്തികേന്ദ്രമായ തൃക്കാക്കര ഈസ്റ്റ് മേഖല ഈ ഘട്ടത്തിലാവും എണ്ണുക. അവസാന വട്ട കണക്കുകൂട്ടലുകളും നടത്തിയ ശേഷവും വിജയം ഉറപ്പാണെന്ന് തന്നെയാണ് ഇടത് വലത് ക്യാമ്പുകൾ പ്രതികരിക്കുന്നത്.
നാടിളക്കി പ്രചാരണം നടത്തിയിട്ടും തൃക്കാക്കരയില്‍ ഏറ്റവും കുറഞ്ഞ പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഇറങ്ങി നടത്തിയ വൻ പ്രചാരണവും മഴമാറിയ തെളിഞ്ഞ അന്തരീക്ഷവും പോളിംഗ് ദിവസത്തെ രാവിലത്തെ ട്രെൻഡ്, റെക്കോർഡ് ശതമാനത്തിലേക്കത്തിക്കുമെന്നായിരുന്നു മുന്നണികളുടെ കണക്ക്. എന്നാല്‍, വോട്ടെടുപ്പ് തീർന്നപ്പോൾ കണക്ക് കൂട്ടലുകളെല്ലാം തെറ്റി. കൊച്ചി കോർപറേഷനിലാണ് തൃക്കാക്കര നഗരസഭയെ അപേക്ഷിച്ച് മുന്നണികളുടെ പ്രതീക്ഷ തെറ്റിച്ചത്. കോർപ്പറേഷനിലെ പല ബൂത്തുകളിലും 50 ശതമാനത്തിൽ താഴെയാണ് പോളിംഗ്. ഇതിൽ പലതും യുഡിഎഫ് ശക്തികേന്ദ്രങ്ങളാണ്. എന്നാൽ സാധാരണ 40 പോലും എത്താത്ത ബൂത്തുകളിൽ 50 ശതമാനം എത്തിയത് തന്നെ നേട്ടമാണെന്നും ഈ ബൂത്തുകളിൽ ചെയ്ത വോട്ടുകൾ അധികവും നേട്ടമാകുമെന്നും യുഡിഎഫ് പറയുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന തൃക്കാക്കര മുൻസിപ്പാലിറ്റിയിലെ മിക്ക ബൂത്തുകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. 75 % വരെ കടന്ന പോളിംഗ് കടന്ന ബൂത്തുകളുണ്ട്. തൃക്കാക്കര സെൻട്രലിലെയും ഈസ്റ്റിലെയും വെസ്റ്റിലെയും പോളിംഗിൽ യുഡിഎഫും എൽഡിഎഫും പ്രതീക്ഷ വെക്കുന്നു. ഈസ്റ്റിൽ കഴിഞ്ഞ തവണ കരുത്ത് കാട്ടിയ ട്വൻറി ട്വൻറി വോട്ട് ഇത്തവണ ഒപ്പം നിൽക്കുമെന്ന പ്രതീക്ഷ യുഡിഎഫിനുണ്ട്. പോളിംഗ് ശതമാനം കുറഞ്ഞ സാഹചര്യത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിലെ നേർക്ക് നേർ പോരിൽ ബിജെപി പിടിക്കുന്ന വോട്ട് വളരെ നിർണ്ണായകമാണ്.
എല്ലാം ഒത്തുവന്നാല്‍ കുറഞ്ഞ വോട്ടിന് ജയമെന്നതാണ് സിപിഎമ്മിന്റെ കണക്ക്. അത് നാലായിരം വരെ എത്താമെന്ന മനക്കണക്കിലാണ് ഇടതുമുന്നണി. ജയം ഉറപ്പിക്കുന്നുണ്ടെങ്കിലും വന്‍ ഭൂരിപക്ഷം യുഡിഎഫ് പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ടി തോമസിനു ലഭിച്ച ഭൂരിപക്ഷം ഇക്കുറി കിട്ടുമെന്ന് ഉറപ്പിക്കാന്‍ നേതാക്കള്‍ക്ക് കഴിയുന്നില്ല. ട്വന്റി 20 വോട്ടുകള്‍ വരുമെന്ന് പറഞ്ഞിട്ടും പതിനായിരത്തിനു മുകളില്‍ ഭൂരിപക്ഷം പോകുമെന്ന് ഉറപ്പിച്ചു പറയാന്‍, പോളിങ് കുറഞ്ഞ സാഹചര്യത്തില്‍ നേതാക്കള്‍ക്ക് ആത്മവിശ്വാസമില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.