• HOME
  • »
  • NEWS
  • »
  • kerala
  • »
  • Thrikkakara By-Election Result|  ചരിത്ര വിജയവുമായി ഉമാ തോമസ്; ഭൂരിപക്ഷം 25,016

Thrikkakara By-Election Result|  ചരിത്ര വിജയവുമായി ഉമാ തോമസ്; ഭൂരിപക്ഷം 25,016

25,016 വോട്ടുകളുടെ ലീഡോടെ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് ഉമ, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ പരാജയപ്പെടുത്തിയത്.

  • Share this:
    കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ (Thrikkakara By-Election Result) അവസാനിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന് (Uma Thomas) ഉജ്ജ്വല വിജയം. മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷം നേടിയാണ് ഉമ വിജയിച്ചത്. 25,016 വോട്ടുകളുടെ ലീഡോടെ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് ഉമ, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ പരാജയപ്പെടുത്തിയത്.

    തൃക്കാക്കര മണ്ഡലം രൂപീകരിച്ചശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ബെന്നി ബഹനാൻ നേടിയ 22,406 എന്ന ഭൂരിപക്ഷമാണ് ഉമാ തോമസ് പഴങ്കഥയാക്കിയത്. ആറു റൗണ്ട് കഴിഞ്ഞപ്പോഴേക്കും ഉമാ തോമസ് ഭർത്താവും മുൻ എംഎൽഎയുമായ പി ടി തോമസിന്റെ ഭൂരിപക്ഷം പിന്നിട്ടിരുന്നു. 14,239 ആയിരുന്നു പി ടി തോമസിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം. മണ്ഡലത്തിന്റെ ചരിത്രത്തെയെല്ലാം അപ്രസക്തമാക്കിയായിരുന്നു ഇത്തവണ ഉമ തോമസിന്റെ കുതിപ്പ്.

    വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിലും, ഒരിക്കല്‍പോലും ലീഡ് നേടാന്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന് സാധിച്ചില്ല. ഉമയുടെ കുതിപ്പിൽ എൽഡിഎഫ് തകർന്നടിഞ്ഞു. ബിജെപിക്കും ഉപതെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാണ്.

    തപാല്‍ വോട്ടുകളില്‍ ഉമാ തോമസ് ഒരു വോട്ടിന്റെ ലീഡാണ് നേടിയത്‌. ഉമ തോമസിന് മൂന്നും എൽഡിഎഫിന്റെ ജോ ജോസഫിനും ബിജെപിയുടെ എ എൻ രാധാകൃഷ്ണനും രണ്ടു വോട്ടു വീതവും ലഭിച്ചു. മൂന്ന് വോട്ട് അസാധുവുമായി. എറണാകുളം മഹാരാജാസ് കോളജില്‍ രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്.

    പി ടി തോമസിന്റെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

    ഫലം അപ്രതീക്ഷിതമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പ്രതികരിച്ചു. ജനവിധി അംഗീകരിക്കുന്നു. പരാജയം സമ്മതിക്കുന്നു. അവിശ്വസനീയമാണ്. തോൽവി സംബന്ധിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണിയപ്പോൾ 72,770 വോട്ടുകള്‍ ഉമാ തോമസിന് ലഭിച്ചു. 47,754 വോട്ടുകൾ ജോ ജോസഫിന് ലഭിച്ചു. ബിജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണന് 12,957 വോട്ടുകളും കിട്ടി.

    വോട്ടിംഗ് ശതമാനത്തില്‍ വന്‍കുതിപ്പാണ് കോണ്‍ഗ്രസ് നടത്തിയത്. 53.76 ശതമാനം വോട്ട് നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. കഴിഞ്ഞ തവണ 43.82 ശതമാനം വോട്ടാണ് ലഭിച്ചത്. 2021ലെ 14,239 വോട്ടുകളുടെ ഭൂരിപക്ഷം 25,016 ആയി ഉയര്‍ത്താനും കോണ്‍ഗ്രസിന് കഴിഞ്ഞു. കഴിഞ്ഞ തവണ പി ടി തോമസിന് 59,839 വോട്ടുകളാണ് ലഭിച്ചതെങ്കിൽ ഇത്തവണ ഉമയ്ക്ക് മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടുവിഹിതമാണ് ലഭിച്ചത്. 72,770 വോട്ടുകളാണ് ഉമ പിടിച്ചത്.

    ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ സിപിഎമ്മിന് കഴിഞ്ഞു. കഴിഞ്ഞ തവണ 33.32 ശതമാനം വോട്ടുകള്‍ ലഭിച്ച എല്‍ഡിഎഫിന് ഇത്തവണ കിട്ടിയത് 35.28 ശതമാനം വോട്ടുകളാണ്. 2244 വോട്ടുകളാണ് കഴിഞ്ഞതവണത്തേക്കാള്‍ അധികം ലഭിച്ചത്.

    എൻഡിഎക്ക് കിട്ടിയത് 10 ശതമാനത്തില്‍ താഴെ വോട്ട് മാത്രമാണ് ലഭിച്ചത്.  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി 11.34 ശതമാനം വോട്ട് നേടിയപ്പോള്‍ അത് ഇത്തവണ 9.57 ശതമാനമായി കുറഞ്ഞു. 2021ല്‍ ബിജെപി സ്ഥാനാര്‍ഥി എസ് സജി 15,483 വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണ എ എന്‍ രാധാകൃഷ്ണന് ലഭിച്ചത് 12,957 വോട്ടുകള്‍ മാത്രം.
    Published by:Rajesh V
    First published: