കണ്ണൂര്‍: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പിണറായി വിജയൻ രാജിവെക്കണമെന്ന ആവശ്യവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തി. ക്യാപ്റ്റന്‍ നിലംപരിശായെന്ന് ഇതാണ് വരാൻ പോകുന്ന കോൺഗ്രസെന്നും പ്രസ്താവനയിൽ കെ സുധാകരൻ പറഞ്ഞു. ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നാണ് കോടിയേരി ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ പറഞ്ഞത്. തെരഞ്ഞെടുപ്പ് ഫലം ഇത് സര്‍ക്കാരിന്റെ വിലയിരുത്തലാണ്. ജനഹിതം മാനിച്ച് മുഖ്യമന്ത്രി രാജിവക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.
കേരളത്തിന്റെ ജനഹിതത്തിന്റെ പ്രതിഫലനമാണ് തൃക്കാക്കരയില്‍ കണ്ടതെന്നും കെ സുധാകരൻ പറഞ്ഞു. അന്തസും ആത്മാഭിമാനവും ഉണ്ടെങ്കില്‍ പിണറായി രാജിവയ്ക്കണം. മുഖ്യമന്ത്രി ക്യാംപ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ഒരിടത്തും മുന്നേറ്റം നടത്താന്‍ എൽഡിഎഫിന് സാധിച്ചിട്ടില്ല. ഉപതെരഞ്ഞടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രതികരണത്തിനായി ജനം കാതോര്‍ക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.
തൃക്കാക്കരയിലെ പ്രചരണത്തിനായി എൽഡിഎഫ് എല്ലാ അധികരദുര്‍വിനിയോഗവും നടത്തിയെന്ന് കെ സുധാകരൻ പറഞ്ഞു. കണ്ണൂരില്‍ നിന്ന് ഉള്‍പ്പെടെയാളുകള്‍ കള്ളവോട്ട് ചെയ്യാന്‍ തൃക്കാക്കരയിൽ പോയി. ഇതിനായി വ്യാജ ഐഡി കാര്‍ഡുകള്‍ നിർമ്മിച്ചതായും സുധാകരന്‍ ആരോപിച്ചു. വരാന്‍ പോകുന്ന കോണ്‍ഗ്രസ് ഇതാണ്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണ് ഇത് വ്യക്തമാക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ പുതിയ മുഖമാണെന്നും ഈ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പുതിയ പ്രവര്‍ത്തനശൈലി ജനം വീക്ഷിച്ചിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.
പിണറായുടെ വികസനമല്ല നാടിന് വേണ്ട വികസനമെന്ന് തൃക്കാക്കര ഫലം തെളിയിച്ചതായി കെ സുധാകരൻ പറഞ്ഞു. ഇത് തിരുത്താന്‍ എല്‍ഡിഎഫ് തയ്യാറാകണം. ഇതിനുള്ള അവസരമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം. പാര്‍ട്ടി പ്രവര്‍ത്തകകരുടെ കൂട്ടായ്മയാണ് ഈ വിജയം സമ്മാനിച്ചത്. എല്ലാ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായും അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ഭരണം തിരിച്ചുപിടിക്കാന്‍ ഈ പ്രവര്‍ത്തനം തുടരണമെന്നും കെ സുധാകരന്‍ പറഞ്ഞു.
സെഞ്ച്വറിയടിക്കാൻ ഇറങ്ങി ഇഞ്ചുറിയുമായി മടങ്ങി എൽഡിഎഫ്
കൊച്ചി: #ഉറപ്പാണ്100 #ഉറപ്പാണ്എൽഡിഎഫ് – തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മുന്നോട്ടുവെച്ച ടാഗ് ലൈൻ ആയിരുന്നു ഇത്. തൃക്കാക്കരയിൽ സെഞ്ച്വറിയടിക്കുമെന്ന അവകാശവാദങ്ങളായിരുന്നു പ്രചരണങ്ങളിലെല്ലാം നിറഞ്ഞുനിന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നുതുടങ്ങിയതോടെ യുഡിഎഫിന്‍റെ ബൌൺസർ തലയ്ക്കുകൊണ്ട് ഇഞ്ച്വറിയുമായി മടങ്ങേണ്ടിവന്ന അവസ്ഥയിലാണ് എൽഡിഎഫ്. പി.ടി തോമസ് നേടിയതിനേക്കാൾ മികച്ച ഭൂരിപക്ഷവുമായി ഉമ തോമസ് കളംനിറഞ്ഞപ്പോൾ കനത്ത തോൽവിയുടെ നിരാശയിലാണ് എൽഡിഎഫ് ക്യാംപ്.
പരമ്പരാഗതമായി യുഡിഎഫിനെ പിന്തുണയ്ക്കുന്ന മണ്ഡലമാണ് തൃക്കാക്കര. എന്നാൽ ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംഎൽഎമാരും മറ്റു ജില്ലകളിലെ മുതിർന്ന നേതാക്കളുമെല്ലാം തൃക്കാക്കരയിൽ ക്യാംപ് ചെയ്തുള്ള പ്രചരണത്തിലൂടെ അട്ടിമറി സൃഷ്ടിക്കാനായിരുന്നു എൽഡിഎഫിന്‍റെ പടപുറപ്പാട്. പക്ഷേ, ആ പ്രചാരണങ്ങളെ പാടെ അവഗണിക്കുന്നതായിരുന്നു തൃക്കാക്കരയിലെ ജനവിധി.
പ്രചരണത്തിന്‍റെ തുടക്കത്തിൽ കെ റെയിൽ ഉൾപ്പടെയുള്ള വിഷയങ്ങളാണ് തൃക്കാക്കരയിൽ സജീവ ചർച്ചയായതെങ്കിൽ, ഇടത് സ്ഥാനാർഥിയുടേതെന്ന് അവകാശപ്പെട്ട് പ്രചരിപ്പിച്ച വ്യാജ വീഡിയോയിൽ പ്രചരണം വഴിമാറിയിരുന്നു. വൻ വികസനം കൊണ്ടുവരുമെന്ന ഭരണമുന്നണിയുടെ വാഗ്ദാനങ്ങളും തിരഞ്ഞെടുപ്പ് വേദികളിൽ നിരന്തരം മുഴങ്ങി. എന്നാൽ അവയൊക്കെ തള്ളിക്കളയുന്നതായിരുന്നു ജനവിധി. വൻ പരാജയം ഏറ്റുവാങ്ങിയതോടെ കെ റെയിലിന് എതിരാണ് ജനവിധിയെന്ന പ്രതിപക്ഷത്തിന്‍റെ അവകാശവാദത്തിന് മുന്നിൽ സർക്കാരിന്‍റെ പ്രതികരണം എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പരാജയം സമ്മതിക്കുന്നുവെന്നും ജനവിധി അപ്രതീക്ഷിതമാണെന്നുമായിരുന്നു സിപിഎം എറണാകുളം ജില്ലാ നേതൃത്വത്തിന്‍റെ പ്രതികരണം. തോല്‍വിയുടെ കാരണം പാര്‍ട്ടി പരിശോധിക്കും, ഭരണവിരുദ്ധ വികാരമെന്ന് പറയാനാകില്ലെന്നുമായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പ്രതികരിച്ചത്. ഓരോ മേഖലയിലെയും വോട്ടുകള്‍ വന്ന ശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അവിശ്വസീയമായ ഫലമാണ് പുറത്ത് വന്നത്, തൃക്കാക്കരയില്‍ പ്രചാരണം നയിച്ചത് മുഖ്യമന്ത്രിയല്ല, തോല്‍വിയുടെ ഉത്തരവാദിത്വം അദ്ദേഹത്തിനെല്ലെന്നും ജില്ലാ സെക്രട്ടറി പ്രതികരിച്ചു.
എൽഡിഎഫ് വേദിയിലെത്തിയതിനെ തുടർന്ന് കോൺഗ്രസ് പുറത്താക്കിയ മുതിർന്ന നേതാവ് കെ വി തോമസിനെ സംബന്ധിച്ച് ഏറെ നിർണായകമായിരുന്നു ഈ ഉപതെരഞ്ഞെടുപ്പ് ഫലം. വൻ വിജയം നേടിയതോടെ കോൺഗ്രസ് പ്രവർത്തകരുടെ കെ വി തോമസ് വിരുദ്ധവികാരം അണപൊട്ടിയൊഴുകി. കെ വി തോമസിന്‍റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചും തിരുത മൽസ്യം വിൽപനം നടത്തിയുമാണ് കോൺഗ്രസ് പ്രവർത്തകർ വിജയാഘോഷം ഗംഭീരമാക്കിയത്. യുഡിഎഫിന്‍റെ ക്യാപ്റ്റനായി തെരഞ്ഞെടുപ്പ് പ്രചരണം മുന്നിൽനിന്ന് നയിച്ച പ്രതിപക്ഷനേതാവ് വി ഡി സതീശന് രാഷ്ട്രീയത്തിൽ വലിയ മൈലേജ് സമ്മാനിച്ച ഫലം കൂടിയാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.