ഇന്റർഫേസ് /വാർത്ത /Kerala / ചെന്നിത്തലയ്ക്ക് തിരുവഞ്ചൂരിന്റെ മറുപടി; 'ഉമ്മൻചാണ്ടിക്ക് പിന്നിൽ ഒളിക്കരുത്; പറഞ്ഞതിൽ പശ്ചാത്തപിക്കേണ്ടിവരും'

ചെന്നിത്തലയ്ക്ക് തിരുവഞ്ചൂരിന്റെ മറുപടി; 'ഉമ്മൻചാണ്ടിക്ക് പിന്നിൽ ഒളിക്കരുത്; പറഞ്ഞതിൽ പശ്ചാത്തപിക്കേണ്ടിവരും'

രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ

രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ

'തീ കെടുത്താൻ വരുന്നവർ പന്തംകൊളുത്തി ആളി കത്തിക്കരുത്'

  • Share this:

കോട്ടയത്ത് ഡിസിസി വേദിയിലെത്തി സംസ്ഥാന നേതൃത്വത്തെ മുൾ മുനയിൽ നിർത്തിയാണ് ഇന്നലെ  മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗിച്ചത്. ആ വേദിയിൽ നേരിട്ടുള്ള തിരിച്ചടിക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ തയ്യാറായിരുന്നില്ല. ഒരു ദിവസം പിന്നിടുമ്പോൾ നേരിട്ട് രമേശ് ചെന്നിത്തലക്കെതിരെ ആഞ്ഞടിക്കുകയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പറഞ്ഞതിൽ ചെന്നിത്തലയ്ക്കു പശ്ചാത്തപിക്കേണ്ടി വരുമെന്ന് കോട്ടയത്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തുറന്നടിച്ചു.

ഉമ്മൻചാണ്ടിയെ അവഗണിക്കുന്ന പ്രശ്നമില്ല. അക്കാര്യത്തിൽ ആരും തർക്കിക്കേണ്ട കാര്യമില്ല. കേരളത്തിലെ മുഴുവൻ നേതൃത്വത്തിലും പ്രവർത്തകർക്കും ഇക്കാര്യത്തിൽ ഒരേ അഭിപ്രായം ആകും ഉണ്ടാവുക. എന്നാൽ ഉമ്മൻചാണ്ടിയുടെ പിന്നിൽ ഒളിക്കുന്ന നിലപാടും ആരും എടുക്കണ്ട എന്ന് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ കുറിച്ച് ഉള്ള ചോദ്യത്തിന് മറുപടിയായി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

രമേശ് ചെന്നിത്തല ഇന്നലെ കോട്ടയം ഡിസിസിയിൽ നടത്തിയ പ്രതികരണം എല്ലാ അതിരുകളും ലംഘിക്കുന്നതാണ് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ്  തിരുവഞ്ചൂർ രാധാകൃഷ്ണൻ. എല്ലാ പാർട്ടിയിലും പ്രതികരിക്കുന്നതിന് പരിധിയുണ്ട്. ഞാനാ പരിധിക്ക് അപ്പുറത്തേക്ക് പോകുന്നില്ല. പ്രവർത്തകരുടെ മനസ്സിൽ മുറിവേൽപ്പിക്കുന്ന നടപടി നേതാക്കളുടെ ഭാഗത്ത് ഉണ്ടാകാൻ പാടില്ല. ഉമ്മൻചാണ്ടിയുടെ പേര് പറഞ്ഞു ഇന്നലെ പറഞ്ഞ കാര്യങ്ങളൊന്നും അംഗീകരിക്കാനാവില്ല എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ തുറന്നടിച്ചു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read- കെപിസിസിക്ക് ചെന്നിത്തലയുടെ മുന്നറിയിപ്പ്; 'ഞാൻ നാലണ മെമ്പർ; ഉമ്മൻ‌ചാണ്ടിയെ അവഗണിച്ച് മുന്നോട്ട് പോകാൻ ആകില്ല'

രമേശ് ചെന്നിത്തലക്കെതിരെ നേരിട്ടുള്ള ആക്രമണത്തിന് തയ്യാറാക്കുമ്പോഴും ഉമ്മൻചാണ്ടിയെ പുകഴ്ത്താൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ മടിക്കുന്നില്ല. ഉമ്മൻചാണ്ടി അറിഞ്ഞാണ് ഇന്നലെ ചെന്നിത്തല പ്രസംഗിച്ചത് എന്ന് വിശ്വസിക്കുന്നില്ല. ആർക്കും നാവില്ലാത്തതുകൊണ്ടോ വാക്ക് ഇല്ലാത്തതുകൊണ്ടല്ല കൂടുതൽ പറയാത്തത് എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മുന്നറിയിപ്പു നൽകുന്നു.

ഇന്നലത്തെ ചടങ്ങ് ഒരു പുതിയ തുടക്കം ആയിരുന്നു. അവിടെ പ്രോത്സാഹനം നൽകേണ്ടത് പകരം ഈ രൂപത്തിൽ സംസാരിച്ചാൽ എവിടെ പോയി നിൽക്കും. ഇതിനൊരു അന്ത്യം ഉണ്ടാകണ്ടെ. പുതിയ നേതൃത്വത്തിന് പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കുക അല്ലേ വേണ്ടത് എന്നും തിരുവഞ്ചൂർ ചോദിക്കുന്നു. അതിനുപകരം കണ്ണുകെട്ടി കല്ലെടുത്ത് എറിയുക അല്ല വേണ്ടത് എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. അവിടെ കൂടിയ മുഴുവനാളുകളുടെയും അഭിപ്രായം അതായിരുന്നു എന്നും തിരുവഞ്ചൂർ പറയുന്നു. തീ കെടുത്താൻ വരുന്നവർ പന്തംകൊളുത്തി ആളി കത്തിക്കരുത് എന്നും അദ്ദേഹം വ്യക്തമാക്കി.

രമേശ് ചെന്നിത്തലയെ തള്ളിപ്പറഞ്ഞു സംസാരിക്കുമ്പോഴും  കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ പൂർണ്ണമായും പിന്തുണയ്ക്കുകയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പ്രതിപക്ഷ നേതാവ് പറഞ്ഞ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഇത്തരം സ്ഥലങ്ങൾ  കലാപവേദികളാക്കുകയല്ല ചെയ്യേണ്ടത്. തുടക്കത്തിൽ തന്നെ കല്ലുകടി എന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലായിരുന്നു.

അവിടെ കൂടിയിരുന്ന ഒരു കൊച്ചുകുട്ടി പോലും അങ്ങനെയൊരു സാഹചര്യം ആഗ്രഹിക്കുന്നില്ല. അവർ ആഗ്രഹിക്കാത്ത സാഹചര്യം അവരുടെ തലയിൽ കെട്ടി വയ്ക്കുന്നത് ശരിയാണോ എന്നും തിരുവഞ്ചൂർ ചോദിക്കുന്നു.

Also Read- 'കഴിഞ്ഞ സർക്കാരിനെ മുൾമുനയിൽ നിർത്തിയ രമേശ് ചെന്നിത്തലയെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ആർക്കും വേണ്ട': കെ.സി. ജോസഫ്

ഇക്കാര്യം ചെന്നിത്തല തന്നെ തീരുമാനിക്കേണ്ടതാണ് എന്നും പേരെടുത്ത് പറയാതെ തിരുവഞ്ചൂർ മറുപടി നൽകുന്നു. കോൺഗ്രസ് ഇത്രയും ദുർബലമായിരിക്കുന്ന കാലത്ത് പിന്നെയും പക വെച്ചുപുലർത്തുന്നത് പ്രവർത്തകരോടുള്ള വെല്ലുവിളി ആണ്. ഹൈക്കമാൻഡിലും ഇപ്പോഴത്തെ സംസ്ഥാന നേതൃത്വത്തിലും എനിക്ക് പരിപൂർണ്ണ വിശ്വാസം ആണെന്ന് പറഞ്ഞ തിരുവഞ്ചൂർ പരസ്യമായി കെ സുധാകരനും വിഡി സതീശനും പിന്തുണ പ്രഖ്യാപിക്കുന്നു. അവർ പ്രശ്നം പരിഹരിക്കാൻ പ്രാപ്തരാണ്. ഉമ്മൻചാണ്ടി ദുരുദ്ദേശത്തോടെ നിലപാടെടുക്കും എന്ന വിശ്വാസം എനിക്കില്ല.

ചെറുപ്പം മുതൽ ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനം കണ്ടതാണ്. ഗ്രൂപ്പ് പ്രവർത്തനത്തിൽ സർവാധിപത്യ ത്തിൽ ഉണ്ടായിരുന്ന ആളാണ് ഞാൻ. അന്ന് പാർട്ടിക്ക് നല്ല ശക്തി ഉണ്ടായിരുന്നു. അന്ന് ഗ്രൂപ്പ് പ്രവർത്തനം നടത്തിയാലും പാർട്ടിക്ക് വലിയ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. ഉമ്മൻ ചാണ്ടി വലിയ നേതാവാണ് അദ്ദേഹത്തെ ഈ വിവാദത്തിലേക്ക് ഞാൻ ഞാൻ വലിച്ചിഴക്കില്ല എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. ഉമ്മൻചാണ്ടിയെ പബ്ലിസിറ്റിക്ക് ഉള്ള ഐറ്റം ആക്കി മാറ്റാൻ ഞാനില്ല എന്നും അദ്ദേഹം പറഞ്ഞു.

First published:

Tags: Congress, DCC president, Kottayam, Kpcc, Oommen Chandy, Ramesh chennithala, Thiruvanchoor radhakrishnan kottayam