തൃശൂർ: കനത്ത മഴയെത്തുടര്‍ന്ന് മാറ്റിവച്ച തൃശൂര്‍ പൂരം (Thrissur Pooram) വെടിക്കെട്ട് ഇന്ന് രാത്രി ഏഴ് മണിക്ക് നടക്കും. ബുധനാഴ്ച വെളുപ്പിന് മൂന്ന് മണിക്ക് നടത്താനിരുന്ന വെടിക്കെട്ടാണ് മഴ മൂലം രാത്രിയിലേക്ക് മാറ്റിയത്. മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് വെടിക്കെട്ട് വൈകിട്ട് ഏഴ് മണിക്ക് നടത്താൻ ധാരണയായത്. ഘടക പൂരങ്ങളുടെ വരവ് തുടരും. പകല്‍പ്പൂരവും മാറ്റമില്ലാതെ തന്നെ നടക്കും.
വെടിക്കെട്ടിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നെങ്കിലും കുടമാറ്റത്തിനു ശേഷം ആരംഭിച്ച കനത്ത മഴ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഇതിനാലാണു പുലര്‍ച്ചെ നടക്കേണ്ടിയിരുന്ന വെടിക്കെട്ട് മാറ്റിവച്ചതെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. ചൊവ്വാഴ്ച കുടമാറ്റ സമയം മുതല്‍ തൃശ്ശൂരില്‍ നേരിയ മഴ ഉണ്ടായിരുന്നു. വൈകീട്ടോടെ മഴ ശക്തമായി. അത് രാത്രി വൈകിയും തുടര്‍ന്നതോടെയാണ് വെടിക്കെട്ട് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. പിന്നീട് അര്‍ദ്ധരാത്രിയോടെ ബുധനാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്നലെ നടന്ന കുടമാറ്റം വര്‍ണക്കുടകള്‍ക്കു പുറമെ എല്‍.ഇ.ഡി കുടകളും ഇക്കുറി സ്ഥാനം പിടിച്ചിരുന്നു. ഭദ്രകാളിയും ,ശിവനും, ശിവലിംഗവും, പാമ്പുമെല്ലാം. കുടമാറ്റത്തിന് മാറ്റ് കൂട്ടി. ഇലഞ്ഞിത്തറമേളത്തിനു ശേഷം തിരുവമ്ബാടി പാറമേക്കാവ് പൂരങ്ങള്‍ തമ്മില്‍ കാണുന്നതാണ് കുടമാറ്റം.
Also Read-
Thrissur Pooram | സ്വാതന്ത്ര്യ സമര നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പം സവർക്കറും; കുടമാറ്റത്തിനായി പുറത്തിറക്കിയ കുടയെ ചൊല്ലി വിവാദം
ഇത്തവണത്തെ പൂരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ പൂരപ്രേമികളുടെ മഹാ സാഗരത്തിനാണ് തൃശൂർ നഗരം സാക്ഷ്യം വഹിച്ചത്. പഞ്ചവാദ്യ അകമ്പടിയോടെയെത്തിയ മഠത്തില്‍ വരവ് പൂര പ്രേമികളുടെ ആവേശം വർദ്ധിപ്പിച്ചു.
സന്ധ്യയ്ക്ക് കുടമാറ്റ സമയത്ത് പെയ്ത മഴ പൂരാവേശം തെല്ലും ചോര്‍ത്തിയില്ല. തേക്കിൻകാട് മൈതാനിയിലും ആകാശത്തും നിറഞ്ഞ നിറച്ചാര്‍ത്തുകള്‍ക്കു നടുവില്‍ ഒഴുകിയെത്തിയ ജനക്കൂട്ടം ഒറ്റക്കെട്ടായി പൂരം ആസ്വദിച്ചു. 30 മണിക്കൂര്‍ വർണവിസ്മയങ്ങൾക്കൊടുവിൽ ബുധനാഴ്ച പകല്‍ പൂരത്തിനുശേഷം ഇരുവിഭാഗവും ഉപചാരം ചൊല്ലിപ്പിരിയും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.