• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവില്വാമലയിൽ പൊട്ടിത്തെറിച്ചത് 3 വർഷം മുൻപ് വാങ്ങിയ ഫോൺ; കുട്ടിയുടെ മുഖത്ത് ഗുരുതര പരിക്ക്

തിരുവില്വാമലയിൽ പൊട്ടിത്തെറിച്ചത് 3 വർഷം മുൻപ് വാങ്ങിയ ഫോൺ; കുട്ടിയുടെ മുഖത്ത് ഗുരുതര പരിക്ക്

കുട്ടിയുടെ അച്ഛന്റെ അനുജൻ മൂന്നു വർഷം മുൻപ് പാലക്കാട്ടുനിന്നു വാങ്ങി നൽകിയ ഫോണാണ് പൊട്ടിത്തെറിച്ചത്

ആദിത്യശ്രീ

ആദിത്യശ്രീ

  • Share this:

    തൃശൂർ: തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ച സംഭവത്തിൽ വിദഗ്ധ പരിശോധന നടത്തും. കുട്ടിയുടെ അച്ഛന്റെ അനുജൻ മൂന്നു വർഷം മുൻപ് പാലക്കാട്ടുനിന്നു വാങ്ങി നൽകിയ ഫോണാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ വർഷം ബാറ്ററി മാറ്റിയിരുന്നു. ഏറെ നേരം വിഡിയോ കണ്ടു ഫോൺ ചൂടായി പൊട്ടിത്തെറിച്ചതാകാമെന്നാണു പൊലീസ് നിഗമനം. മറ്റു വിവരങ്ങൾ ഫോറൻസിക് പരിശോധനയ്ക്കു ശേഷമേ വ്യക്തമാകൂ.

    പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെയും സൗമ്യയുടെയും മകൾ ആദിത്യശ്രീ (8) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. സംഭവം നടക്കുന്ന സമയം കുട്ടിയും മുത്തശ്ശിയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മുത്തശ്ശി ഭക്ഷണം എടുക്കാനായി അടുക്കളയിലേക്കു പോയ സമയത്തായിരുന്നു അപകടം. കുട്ടിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. വലതു കൈവിരലുകൾ അറ്റുപോകുകയും കൈപ്പത്തി തകരുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

    Also Read- തൃശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചു

    അപകടം നടക്കുമ്പോൾ ഫോൺ ചാർജിനിട്ടിരുന്നില്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. ഫോൺ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാൽ അപകടത്തിന്റെ ആഘാതം കൂടി. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. ഫോറൻസിക് സംഘം പ്രാഥമിക നിഗമനം പൊലീസിനെ അറിയിച്ചു. സംഭവം നടന്ന വീട്ടിൽ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. പൊട്ടിത്തെറിച്ച ഫോണിൽ നിന്നും തെറിച്ചുവീണ അവശിഷ്ടങ്ങൾ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചു.

    അപകട സമയത്ത് പുതപ്പിനടിയിൽ കിടന്ന് ഗെയിം കളിക്കുകയായിരുന്നു കുട്ടിയെന്നാണ് മുത്തശി പൊലീസിനോട് പറഞ്ഞത്. ഗുളികയെടുക്കാൻ താൻ പുറത്തുപോയി. വലിയ പൊട്ടിത്തെറി കേട്ടാണ് തിരിച്ചെത്തിയതെന്നും ഈ സമയത്ത് മകൾ ചോരയിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്നും അവർ പറഞ്ഞു.

    തിരുവില്വാമല ക്രൈസ്റ്റ്‌ ന്യൂ ലൈഫ്‌ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായിരുന്നു ആദിത്യശ്രീ.

    Published by:Rajesh V
    First published: