കൊച്ചി: ദുബായിലെ ചെക്ക് കേസിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന ബിജെപിയുടെ വാദം തള്ളി ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും എസ്എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും. ചെക്ക് കേസിൽ രാഷ്ട്രീയമില്ലെന്നും സംഭവത്തിൽ സിപിഎമ്മിന് പങ്കില്ലെന്നും മുഖ്യമന്ത്രിയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും തുഷാർ വ്യക്തമാക്കി. ദുബായിൽ നിന്നും തിരിച്ചെത്തിയ തുഷാറിന് കൊച്ചിയിൽ ബിജെപി - ബിഡിജെഎസ് പ്രവർത്തകർ സ്വീകരണം നൽകി.
തുഷാറിനെതിരായ ചെക്ക് കേസിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരൻ പിള്ളയടക്കമുള്ള ബിജെപി നേതാക്കൾ പറഞ്ഞിരുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ തുഷാറിനെ സ്വീകരിക്കാനെത്തിയ പി.കെ. കൃഷ്ണദാസ് ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട തുഷാർ വെള്ളാപ്പള്ളി രാഷ്ട്രീയ ഗൂഢാലോചനയെന്ന വാദം പൂര്‍ണമായി തള്ളി.
ചെക്ക് കേസിൽ രാഷ്ട്രീയമില്ലെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പരാതിക്കാരനായ നാസിലിന് പിന്നിൽ ഗൂഢാലോചന നടത്തിയ ഒരാൾ കൂടി ഉണ്ടെന്നും അയാളെക്കുറിച്ച് പിന്നീട് പറയുമെന്നും തുഷാർ വ്യക്തമാക്കുകയും ചെയ്തു. തുഷാർ വെള്ളാപ്പള്ളിയും ബിഡിജെഎസും എൻഡിഎ വിടുമെന്ന വാർത്തകൾക്കിടെയാണ് ചെക്ക് കേസുമായി ബന്ധപ്പെട്ട നിലപാടിലെ ഭിന്നത. എന്നാൽ, ബിജെപിയുമായി ഭിന്നതയില്ലെന്നും പാലായിൽ പ്രചാരണത്തിന് പോകുമെന്നും തുഷാർ പറഞ്ഞു.
ബിജെപിയുടേയും ബിഡിജെഎസിന്‍റെയും നേതൃത്വത്തിൽ ആലുവയിൽ തുഷാറിന് സ്വീകരണം നൽകി. ആലുവയിലെ സ്വീകരണത്തിന് ശേഷം ചേർത്തല കണിച്ചുകുളങ്ങരയിലെത്തി വെള്ളാപ്പള്ളി നടേശനെ തുഷാർ സന്ദർശിച്ചു. സംഭവത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്ന വാദത്തെ വെളളാപ്പളളിയും ആവർത്തിച്ച് നിഷേധിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Thushar vellappalli, Thushar vellappally, Vellappalli Nadeshan, Vellappalli Natesan