• HOME
  • »
  • NEWS
  • »
  • kerala
  • »
  • മാറ്റം ചോദിച്ചു വാങ്ങിയത്; പടിയിറക്കം സന്തോഷത്തോടെയും അഭിമാനത്തോടേയും; ടിക്കാറാം മീണ

മാറ്റം ചോദിച്ചു വാങ്ങിയത്; പടിയിറക്കം സന്തോഷത്തോടെയും അഭിമാനത്തോടേയും; ടിക്കാറാം മീണ

വോട്ടര്‍ പട്ടിക ശുദ്ധീകരിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്നുണ്ട്. ഇരട്ട വോട്ടുകള്‍ ഇല്ലാതാക്കാനാണ് ശ്രമം

tikaram-meena

tikaram-meena

  • Last Updated :
  • Share this:
തിരുവനന്തപുരം:  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥാനത്തു നിന്ന് മാറ്റിയത് താന്‍ ആവശ്യപ്പെട്ടതു പ്രകാരമെന്ന് ടിക്കാറാം മീണ. ഇരട്ട വോട്ട് വിവാദവുമായോ വോട്ടര്‍ പട്ടിക ചോര്‍ച്ചയുമായോ അതിനു ബന്ധമില്ലെന്നും ടിക്കാറാം മീണ ന്യൂസ് 18നോടു പറഞ്ഞു. സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ന്യൂസ് 18 കേരളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന്.

സ്ഥാനമാറ്റം ആവശ്യപ്പെട്ടത്; മാറ്റിയതല്ലെന്ന് മീണ
ഈ കസേരയില്‍ എത്രനാള്‍ ഇരിക്കണമെന്ന് തീരുമാനിക്കാന്‍ എനിക്ക് കഴിയുമായിരുന്നു. എന്റെ അപേക്ഷ അനുസരിച്ചാണ് സ്ഥലം മാറ്റം തന്നത്. എന്നെ വിട്ടുനല്‍കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആദ്യം തയാറല്ലായിരുന്നു. എന്റെ നിര്‍ബന്ധപ്രകാരമാണ വിടുതല്‍. അടുത്ത വര്‍ഷം വിരമിക്കും മുന്‍പ് സംസ്ഥാന സര്‍ക്കാരില്‍ ജോലി ചെയ്തിട്ടു വിരമിക്കണം എന്നാണ് ആഗ്രഹം. അത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ നിരന്തരം അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറിയോടും ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരും തിരിച്ചുവരാന്‍ നിരന്തരം ആവശ്യപ്പെടുമായിരുന്നു. നല്ലൊരു പകരക്കാരനെ നിര്‍ദേശിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച നടത്തിയാണ് സഞ്ജയ്് കൗളിനെ നിയമിച്ചത്. മറ്റു വ്യാഖ്യാനങ്ങള്‍ പാടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.

സന്തോഷം; അഭിമാനം; കേരളത്തിനും സര്‍ക്കാരിനും മീണയുടെ പ്രശംസ
39 മാസം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായി പ്രവര്‍ത്തിച്ചു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പും 2021 നിയമസഭാ തെരഞ്ഞെടുപ്പും മികച്ച രീതിയില്‍ നടത്തി. ചില വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. വലിയ സംരംഭങ്ങള്‍ നടക്കുമ്പോള്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകും. അത് വലിയ കാര്യമാക്കേണ്ട കാര്യമില്ല. കാരണം കേരളത്തിലെ ജനങ്ങളുടെ ജനാധിപത്യ ബോധവും അവരുടെ അറിവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത് അനുസരിക്കാനുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ ശീലവും എന്നും അഭിമാനിക്കാന്‍ കഴിയുന്നതാണ്. മറ്റു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് വലിയ ബുദ്ധിമുട്ടാണ്. പക്ഷേ കേരളത്തിലെ ഉദ്യോഗസ്ഥരുടെ മനോഭാവവും പ്രത്യേകമാണ്.

ആരോടും വൈരാഗ്യമോ താത്പര്യമോ കാട്ടാതെ നിഷ്പക്ഷമായാണ് അവര്‍ കാര്യങ്ങള്‍ ചെയ്യുന്നത്. സുതാര്യവും നിഷ്പക്ഷവും സ്വതന്ത്രവും നീതിപൂര്‍വുമായ തെരഞ്ഞെടുപ്പാണ് നടന്നത്. രാഷ്ട്രീയപാര്‍ട്ടികളും നന്നായി സഹകരിച്ചു. മാധ്യമങ്ങളുടെ പങ്കും നിര്‍ണായകമായിരുന്നു. എല്ലാവര്‍ക്കും ഹൃദയഗംമമായ നന്ദി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണകൂടം പൂര്‍ണമായും എന്നെ വിശ്വസിച്ച് ഒപ്പം നിന്നു. ഒരു ടീം ക്യാപ്ടനായാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. ടീം സ്പിരിറ്റ് നല്ലതായിരുന്നു. ചിലപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടികളുടെ ഇടപെടല്‍ ഉണ്ടാകാറുണ്ട്. ഇവിടെ ഭരിക്കുന്ന പാര്‍ട്ടിയും നന്നായി സഹകരിച്ചു. രാഷ്ട്രീയനേതാക്കള്‍ രാവും പകലും എന്നെ വിളിക്കാറുണ്ട്. ആരുടെ ഫോണ്‍ വന്നാലും ഞാനെടുക്കും. ഫോണ്‍ എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തിരിച്ചുവിളിക്കും. ഫോണ്‍ എടുത്തില്ലെങ്കില്‍ എനിക്ക് സങ്കടമാണ്. രാത്രിയായാലും സംസാരിക്കാറുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനും മറ്റും ആയിരക്കണക്കിന് വോട്ടര്‍മാര്‍ നേരിട്ട് വിളിച്ചിട്ടുണ്ടെന്നും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നും മീണ.

എന്തുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളില്‍ നിന്ന് അകന്നു നിന്നു
ആ സമയത്ത് വളരെ തിരക്കായിരുന്നു. വിവാദങ്ങള്‍ വരുമ്പോള്‍ അതു മറികടക്കാന്‍ നടപടികള്‍ എടുക്കണമായിരുന്നു. അതിന്റെ ജോലിത്തിരക്കാണ് മാധ്യമങ്ങളില്‍ നിന്ന് അകലമുണ്ടാകാന്‍ കാരണം. രാത്രിയും പകലും നിരന്തരം ജോലി ചെയ്തു. അതുകൊണ്ടുതന്നെ കള്ളവോട്ടില്ലാതെ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞു. ചില കാര്യങ്ങള്‍ പറയാനുണ്ട്. അത് വിരമിച്ചശേഷം പറയുമെന്നും ടിക്കാറാംമീണ വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ വിമര്‍ശനം സ്വാഭാവികം; കേരളത്തില്‍ കള്ളവോട്ട് നടന്നിട്ടില്ല.
വിമര്‍ശനം ജനാധിപത്യ പ്രകൃയയുടെ ഭാഗമാണ്. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്നുണ്ട്. ഇരട്ട വോട്ടുകള്‍ ഇല്ലാതാക്കാനാണ് ശ്രമം. അത് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഉണ്ട്. രമേശ് ചെന്നിത്തല പുറത്തുകൊണ്ടു വന്ന കാര്യങ്ങളില്‍ വലിയ പുതുമയില്ല. കേരളത്തില്‍ 1957 ലെ തെരഞ്ഞെടുപ്പ് മുതല്‍ ഇത്തരം ആരോപണങ്ങള്‍ വരാറുണ്ട്. ഇരട്ട വോട്ടും കള്ള വോട്ടും പാടില്ലെന്നു തന്നെയാണ് നിലപാട്. ശ്രമവും അതുതടയാന്‍ തന്നെയാണ്.

ഇരട്ടവോട്ട് വിവാദം ഉയര്‍ന്ന സമയം വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. തെരഞ്ഞെടുപ്പ് പ്രകൃയയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം സംരക്ഷിക്കേണ്ടതുണ്ട്. അതിനു കഴിഞ്ഞു എന്നുതന്നെയാണ് വിശ്വാസം. നല്ലരീതിയില്‍ തെരഞ്ഞെടുപ്പ് നടത്തി. കള്ളവോട്ട് ഉണ്ടായിട്ടില്ല. അതില്‍ അഭിമാനമുണ്ട്. കേരളം കാട്ടിയ മാതൃകയാണ്. ഒരിടത്തും കള്ളവോട്ട് നടന്നിട്ടില്ല. ഇരട്ട വോട്ട് പൂര്‍ണമായും ഇല്ലാതാക്കാന്‍ വലിയ ശ്രമങ്ങള്‍ തുടരുകയാണെന്നും ടിക്കാറാം മീണ പറഞ്ഞു.
Published by:Jayesh Krishnan
First published: