തിരുവനന്തപുരം: എൻഡിഎയുടെ കോഴിക്കോട് നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി ശബരിമലയെപ്പറ്റി പരാമർശിക്കാതിരുന്നതിനെ പ്രശംസിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത പ്രധാനമന്ത്രി ശബരിമല എന്ന വാക്ക് എവിടെയും പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയ ടിക്കാറാം മീണ ഈ ശൈലി എല്ലാവരും മാതൃകയാക്കണമെന്നും പറഞ്ഞു.
പെരുമാറ്റചട്ട ലംഘനത്തിനെതിരെ നിരവധി പരാതികൾ ഉയരുന്ന സാഹചര്യത്തിൽ സ്ഥാനാർഥികൾക്കും നേതാക്കൾക്കും മുന്നറിയിപ്പായാണ് മീണ ഇക്കാര്യം പറഞ്ഞത്. പെരുമാറ്റചട്ടത്തിന് ചില ലക്ഷ്മണ രേഖയുണ്ടെന്നും അത് എല്ലാവരും പാലിക്കണമെന്നും പറഞ്ഞ മീണ ലക്ഷ്മണ രേഖ കടന്നാൽ നടപടിയുണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകി. കാസർകോട്, തൃശ്ശൂർ, കൊല്ലം കലക്ടർമാർക്ക് ലഭിച്ച പെരുമാറ്റ ചട്ടലംഘന പരാതികളിൽ അവർക്ക് യുക്തമായ നടപടി സ്വീകരിക്കാമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. കർഷകരുടെ ലോണുകൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ ഇനി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയക്കില്ലെന്നും ടിക്കറാം മീണ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.