HOME » NEWS » Kerala » TODAY MARKS THE 44TH DEATH ANNIVERSARY OF AKG THE FIRST LEADER WHO LED THE OPPOSITION IN THE INDIAN PARLIAMENT

AKG Day| എകെജി ഓർമയായിട്ട് ഇന്ന് 44 വർഷം; ഇന്ത്യൻ പാർലമെന്റിലെ പ്രതിപക്ഷത്തെ നയിച്ച ആദ്യ നേതാവിനെ അറിയാം

1977 മാർച്ച് 22നായിരുന്നു എകെജി മരിച്ചത്. കമ്മ്യൂണിസ്റ്റുകാർക്ക് എക്കാലവും അഭിമാനിക്കാവുന്ന നവോത്ഥാന ചരിത്രത്തിലെ ഒളിമങ്ങാത്ത ഒരേടാണ് എകെജി.

News18 Malayalam | news18-malayalam
Updated: March 22, 2021, 12:01 PM IST
AKG Day| എകെജി ഓർമയായിട്ട് ഇന്ന് 44 വർഷം; ഇന്ത്യൻ പാർലമെന്റിലെ പ്രതിപക്ഷത്തെ നയിച്ച ആദ്യ നേതാവിനെ അറിയാം
AK Gopalan
  • Share this:
സംസ്ഥാനത്ത് പിണറായി വിജയൻ നയിക്കുന്ന ഇടതുമുന്നണി സർക്കാർ ഭരണത്തുടർച്ച ലക്ഷ്യമിടുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവെയാണ്  ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ എന്ന എകെജിയുടെ ഓർമദിനം വരുന്നത്. സ്വതന്ത്ര ഇന്ത്യയിൽ പ്രതിപക്ഷത്തെ നയിച്ച ആദ്യ നേതാവും സാമൂഹ്യ പരിഷ്കർത്താവും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എകെജി ഓർമയായിട്ട് ഇന്ന് 44 വർഷം പൂർത്തിയാവുകയാണ്.

1977 മാർച്ച് 22നായിരുന്നു എകെജി മരിച്ചത്. കമ്മ്യൂണിസ്റ്റുകാർക്ക് എക്കാലവും അഭിമാനിക്കാവുന്ന നവോത്ഥാന ചരിത്രത്തിലെ ഒളിമങ്ങാത്ത ഒരേടാണ് എകെജി. 1904 ഒക്ടോബര്‍ ഒന്നിന് കണ്ണൂരിലെ പെരളശ്ശേരിക്കടുത്ത് മക്രേരി ഗ്രാമത്തിലെ ആയില്യത്ത്‌ കുറ്റ്യാരി എന്ന ജന്മി തറവാട്ടിൽ വെള്ളുവക്കണ്ണോത്ത് രൈരുനായരുടേയും, ആയില്യത്ത് കുറ്റ്യാരി മാധവിയമ്മയുടേയും മകനായി ജനിച്ചു. പൊതുപ്രവര്‍ത്തകനായ പിതാവിന്റെ പാതയിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം അധ്യാപകനായിട്ടായിരുന്നു. മഹാത്മാ ഗാന്ധിയിൽ നിന്ന് പ്രചോദിതനായി അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമായി. ജോലി രാജിവെച്ച് 1930ലെ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത അദ്ദേഹം ജയിലിലാകുകയും ചെയ്തു.

Also Read- രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 12ന് ; പി.സി. ചാക്കോ ഇടതുമുന്നണിയുടെ സ്ഥാനാർഥിയാകുമോ?

ഗുരുവായൂർ സത്യഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റനായിരുന്നു അദ്ദേഹം. എല്ലാ ഹിന്ദുക്ഷേത്രങ്ങളിലും ജാതിഭേദമില്ലാതെ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് അക്കാലത്ത് കോൺഗ്രസ് നിലപാടെടുത്തിരുന്നു. സത്യഗ്രഹത്തിന് മുന്നോടിയായി ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രചാരണ പരിപാടിയും സംഘടിപ്പിക്കപ്പെട്ടു. ഇതിന്റെ ഭാഗമായി പയ്യന്നൂരിലെ കണ്ടോത്തിൽ എകെജിയുടെ നേതൃത്വത്തിൽ ഹരിജനങ്ങളെയും കൂട്ടി ഒരു ഘോഷയാത്രയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. സമീപത്ത് ഒരു ക്ഷേത്രമുണ്ടെന്ന പേരിൽ ഈ നിരത്തിലൂടെ താഴ്ന്ന ജാതിക്കാരെ നടക്കാൻ അനുവദിച്ചിരുന്നില്ല. കെ കേളപ്പനും എ കെ ഗോപാലനും അടങ്ങുന്ന സംഘം താഴ്ന്ന ജാതിക്കാരെ ഉള്‍പ്പെടെ കൂട്ടി ഈ വഴിയിലൂടെ ജാഥ നടത്തുകയായിരുന്നു. എന്നാൽ ഘോഷയാത്ര റോഡിലേയ്ക്ക് പ്രവേശിക്കവേ സ്ത്രീകളും യുവാക്കളും ഉള്‍പ്പെടെയുള്ള ഒരു സംഘമെത്തി ഘോഷയാത്രയിൽ പങ്കെടുത്തവരെ മര്‍ദ്ദിക്കുകായയിരുന്നു. ഉലക്ക ഉപയോഗിച്ചായിരുന്നു എകെജി അടക്കമുള്ളവരെ മര്‍ദ്ദിച്ചതെന്ന് ചില ഗ്രന്ഥങ്ങളില്‍ പറയുന്നു. കണ്ടോത്തെ കുറുവടി ഗുരുവായൂര്‍ സത്യാഗ്രഹത്തിന് വലിയ പ്രചാരം നേടിക്കൊടുത്തതിന് പുറമെ ഈ വഴിയിലൂടെ എല്ലാവര്‍ക്കും നടക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് മലബാര്‍ ജില്ലാ ബോര്‍ഡ് അധികാരി സ്ഥലത്ത് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.

പൊലീസുമായുള്ള ഏറ്റുമുട്ടലും ലാത്തിച്ചാര്‍ജും സമരങ്ങളും തന്‍റെ ജീവിതചര്യയുടെ ഭാഗമായിരുന്നുവെന്ന് എകെജി തന്നെ ആത്മകഥയിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കര്‍ഷക പ്രസ്ഥാനത്തിന്റെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും ഭാഗമായ എകെജി കേരളത്തിൽ നിലനിന്നിരുന്ന ജന്മിത്തത്തിനെതിരെ ശക്തമായി പോരാടി. ജയിൽവാസകാലത്തായിരുന്നു എകെജി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ആകൃഷ്ടനായത്. 1939ൽ രൂപം കൊണ്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിൽ അംഗമായ അദ്ദേഹം പാര്‍ട്ടിയ്ക്ക് നിരോധനം വന്നപ്പോള്‍ ഒളിവിൽ പോകുകയും ചെയ്തു. 1937ൽ തിരുവിതാംകൂറിൽ ഉത്തരവാദിത്ത സര്‍ക്കാരിനു വേണ്ടിയുള്ള പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയ എകെജി മലബാര്‍ മുതൽ മദിരാശി വരെ പട്ടിണിജാഥയും നടത്തി. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരെ സമരം ചെയ്ത് ജയിലിലായ അദ്ദേഹം പിന്നീട് ജയിലിൽ നിന്നു രക്ഷപെട്ടു. എന്നാൽ പിന്നീടും തടവിലായ അദ്ദേഹം ഇന്ത്യ സ്വതന്ത്രമാകുന്നതു വരെ ജയിലിലായിരുന്നു. ഇന്ത്യൻ റിപബ്ലിക് രൂപം കൊണ്ടതിനു ശേഷം തുടര്‍ച്ചയായ അഞ്ച് തെരഞ്ഞെടുപ്പുകളിൽ ലോക്സഭയിലേയ്ക്ക് മത്സരിച്ചു വിജയിച്ചു.

Also Read- കോൺഗ്രസ് വിട്ടുവന്ന പി സി ചാക്കോയെ സ്വീകരിക്കവേ പൊട്ടിക്കരഞ്ഞ് മന്ത്രി എ കെ ശശീന്ദ്രന്‍

1940 ലാണ് കോഫി ബോർഡ് ഇന്ത്യൻ കോഫി ഹൗസ് രാജ്യത്തൊട്ടാകെ ആരംഭിച്ചത്. 1950 കളിൽ ഇതിൽ പലതും യാതൊരു കാരണങ്ങളുമില്ലാതെ അടച്ചുപൂട്ടുകയും, തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു. എകെജി വിഷമവൃത്തത്തിലായ തൊഴിലാളികളുടെ നേതൃത്വം ഏറ്റെടുക്കുകയും അവരെ സംഘടിപ്പിച്ച് ഇന്ത്യ കോഫീ ബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി സ്ഥാപിക്കുകയും ചെയ്തു. 1957 ഓഗസ്റ്റ് 19ന് ബാംഗ്ലൂരിലാണ് ആദ്യത്തെ സൊസൈറ്റി സ്ഥാപിച്ചത്. ആദ്യത്തെ കോഫി ഹൗസ് സ്ഥാപിക്കപ്പെട്ടത് ഡൽഹിയിലാണ്.
Published by: Rajesh V
First published: March 22, 2021, 12:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories