കൊച്ചി: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപായാണോയെന്ന് സ്ഥിരീകരിക്കാൻ അയച്ച രക്തസാംപിളിന്റെ പരിശോധന റിപ്പോർട്ട് ഇന്ന്. പൂനെ വൈറോളജി ഇൻസ്റ്റിറ്യുട്ടിന്റെ പരിശോധന റിപ്പോർട്ട് ആണ് ഇന്ന് ആരോഗ്യവകുപ്പിന് കൈമാറുക. നിപായാണെന്നു തെളിഞ്ഞാൽ നേരിടാനുള്ള സജ്ജീകരണങ്ങൾ ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപായാണെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ച റിപ്പോർട്ടിൽ നിപായ്ക്ക് സമാനമായ വൈറസ് ആണ് യുവാവിന് പിടിപെട്ടിരിക്കുന്നതെന്നു വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ വിദഗ്ദ്ധ പരിശോധനക്കായി രക്തസാംപിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കു അയച്ചിരുന്നു. പൂനെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് ലഭിക്കുന്നതോടെ മാത്രമേ നിപായുടെ കാര്യത്തിൽ സ്ഥിരീകരണമുണ്ടാകു. ഏതായാലും നിപായാണെന്ന് തെളിഞ്ഞാൽ അത് നേരിടാനുള്ള മുന്നൊരുക്കങ്ങൾ ആരോഗ്യവകുപ്പ് നടത്തിയിട്ടുണ്ട്.
എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. യുവാവുമായി നേരിട്ട് ഇടപഴകിയിരുന്ന 83 പേരാണ് ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇൻക്യൂബേഷൻ വാർഡുകൾ ക്രമീകരിച്ചിട്ടുണ്ട്. നിപാ വൈറസ് ചികിത്സയ്ക്കുള്ള പരിശീലനം കളമശ്ശേരി മെഡിക്കൽ കോളേജ് ജീവനക്കാർക്ക് നൽകിയിട്ടുണ്ട്. കൂടാതെ, എറണാകുളം കളക്ടറേറ്റിൽ കൺട്രോൾ റൂമുകൾ തുറന്നു. കൊച്ചിയിൽ ക്യാമ്പ് ചെയ്യുന്ന ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ആരോഗ്യവിദഗ്ദ്ധ സംഘമാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.