• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആഴ്ചയില്‍ 48 മണിക്കൂറിലധികം ജോലി ചെയ്യേണ്ടിവരില്ല; ജീവനക്കാര്‍ക്ക് തച്ചങ്കരിയുടെ കത്ത്


Updated: September 10, 2018, 8:41 PM IST
ആഴ്ചയില്‍ 48 മണിക്കൂറിലധികം ജോലി ചെയ്യേണ്ടിവരില്ല; ജീവനക്കാര്‍ക്ക് തച്ചങ്കരിയുടെ കത്ത്

Updated: September 10, 2018, 8:41 PM IST
തിരുവനന്തപുരം: സിംഗില്‍ ഡ്യൂട്ടി പരിഷ്‌ക്കാരത്തിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തിറങ്ങിയതിനു പിന്നാലെ ജീവനക്കാര്‍ക്ക് കത്തയച്ച് കെ.എസ്.ആര്‍.ടി.സി സി.എം.ഡി ടോമിന്‍ ജെ. തച്ചങ്കരി.

സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായത്തെക്കുറിച്ച് ജീവനക്കാര്‍ക്കിടയില്‍ ചില പരാതികളും ആശങ്കകളും ഉയര്‍ന്നു വന്നിട്ടുണ്ടെന്നും എല്ലാദിവസവും ഡ്യൂട്ടിക്കായി എത്തിച്ചേരണമെന്ന ബുദ്ധിമുട്ട് താല്‍ക്കാലിക പ്രതിഭാസമാണെന്നും തച്ചങ്കരി കത്തില്‍ വ്യക്തമാക്കുന്നു.

മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ആക്ടിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ഒരു ജീവനക്കാരനെ ഒരാഴ്ചയില്‍ പരമാവധി 48 മണിക്കൂര്‍ മാത്രമേ ജോലിയ്ക്ക് നിയോഗിക്കുവാന്‍ സാധിക്കൂ. ഏതെങ്കിലും ദിവസം ഒരു ജീവനക്കാരനെ 10 മണിക്കൂറില്‍ കൂടുതല്‍ സമയം ഡ്യൂട്ടിക്കായി നിയോഗിയ്‌ക്കേണ്ട സ്ഥിതിവിശേഷം ഉണ്ടായേക്കാം; എന്നാല്‍ ഒരു ജീവനക്കാരനും ഒരാഴ്ചയിലെ എല്ലാദിവസവും ഇത്തരത്തില്‍ ജോലി ചെയ്യേണ്ടി വരില്ല. പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരാഴ്ചയില്‍ 48 മണിക്കൂറില്‍ അധികം ജോലി ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തും. അധികം ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ അധികവേതനം ലഭ്യമാക്കുമെന്നും തച്ചങ്കരി വ്യക്തമാക്കുന്നു.


 സി.പി.എമ്മിലെ മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദനും സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും പരസ്യമായി രംഗത്തെത്തിയതിനു പിന്നാലെയാണ് പിന്നോട്ടില്ലെന്ന സന്ദേശം നല്‍കി തച്ചങ്കരി ജീവനക്കാരുടെ പിന്തുണ തേടി രംഗത്തെത്തിയിരിക്കുന്നത്.


കത്തിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട സഹപ്രവര്‍ത്തകരെ,

09.09.2018 മുതല്‍ കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പിലാക്കിയ സിംഗിള്‍ ഡ്യൂട്ടിസമ്പ്രദായത്തെക്കുറിച്ച് ജീവനക്കാര്‍ക്കിടയില്‍ ചില പരാതികളും ആശങ്കകളും ഉയര്‍ന്നു വരുന്നു എന്നുള്ളത് എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ജീവനക്കാരെ സംബന്ധിച്ചിടത്തോളം നിലവിലുണ്ടായിരുന്ന മള്‍ട്ടിപ്പിള്‍ ഡ്യൂട്ടി സമ്പ്രദായത്തില്‍നിന്ന് സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായത്തിലേക്ക് പെട്ടെന്ന് മാറിയപ്പോള്‍ എല്ലാദിവസവും ഡ്യൂട്ടിക്കായി എത്തിച്ചേരണം എന്ന ഒരു ബുദ്ധിമുട്ട് ഒരു താല്‍ക്കാലിക പ്രതിഭാസമായി കണക്കാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ചില തൊഴിലാളി സംഘടനകളും ജീവനക്കാരും ബഹു: കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജികളെ തുടര്‍ന്ന് ബഹു: കേരള ഹൈക്കോടതി ഉത്തരവിന്‍ പ്രകാരമാണ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ആക്ട്,1961 പ്രകാരമുള്ള ഡ്യൂട്ടിസമ്പ്രദായം കോര്‍പ്പറേഷനില്‍ നടപ്പിലാക്കേണ്ടി വന്നത്. മേല്‍ ഹൈക്കോടതി വിധിയുടെയും കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണത്തെക്കുറിച്ച് പഠനം നടത്തിയ പ്രൊഫ: സുശീല്‍ ഖന്ന സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കണമെന്ന് സര്‍ക്കാരില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ജീവനക്കാരുടെ കാര്യക്ഷമമായ ഉപയോഗത്തിനും യാത്രക്കാരുടെ സുരക്ഷിതത്വത്തിനും സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായമാണ് അനുയോജ്യമെന്നു കണ്ടാണ് ബഹു: ഹൈക്കോടതിയും സര്‍ക്കാരും ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വച്ചിട്ടുള്ളത്.

സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കിയതിനെ തുടര്‍ന്ന് വിദൂര ഡിപ്പോകളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ വിദൂര ഡിപ്പോകളില്‍ ജോലിനോക്കുന്ന ജീവനക്കാര്‍ക്ക് സ്വന്തം വീടിനടുത്തുള്ള ഡിപ്പോകളിലേയ്ക്ക് സ്ഥലംമാറ്റം നല്‍കാം എന്ന് ഞാന്‍ വാഗ്ദാനം ചെയ്തിരുന്നതാണ്. ഇത് സംബന്ധിച്ചുള്ള വിവരശേഖരണം പൂര്‍ത്തിയായാലുടന്‍ തന്നെ അതിനനുസരിച്ചുള്ള പുനര്‍വിന്യാസം നടപ്പിലാക്കുന്നതാണെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു.

സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമ്പോള്‍ 'എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കുവാന്‍ പാടില്ല, Sign On, Sign Off-നും ഇടയിലുള്ള മുഴുവന്‍ സമയവും സ്റ്റിയറിംഗ് ഡ്യൂട്ടിയായി കണക്കാക്കണം', എന്നിത്യാദി വിവിധതരത്തിലുള്ള പ്രചാരണം ജീവനക്കാര്‍ക്കിടയില്‍ ചില തല്‍പരകക്ഷികള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു. ഇത്തരം പ്രചാരണങ്ങള്‍ പലതും നിയമത്തെക്കുറിച്ചുള്ള അജ്ഞതമൂലം ഉണ്ടായിട്ടുള്ളതാണ് എന്ന വിവരം ജീവനക്കാര്‍ ബോധ്യപ്പെടേണ്ടതാണ്.

മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ആക്ടിലെ 2,13,15,18 എന്നീ വകുപ്പുകളില്‍ ജോലിസമയത്തെ സംബന്ധിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. പ്രസ്തുത വകുപ്പുകളുടെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

Section 2(d) in The Motor Transport Workers Act, 1961

(d) 'day' means a period of twenty-four hours beginning at midnight: Provided that where a motor transport worker's duty commences before midnight but extends beyond midnight, the following day for him shall be deemed to be the period of twenty-four hours beginning when such duty ends, and the hours he has worked after midnight shall be counted in the previous day;

The Motor Transport Workers Act, 1961 Sec.16.Spread-over.

(1)The hours of work of an adult motor transport worker shall, except in any case referred to in the second proviso to section 13, be so arranged that inclusive of interval for rest under section 15, they shall not spread-over more than twelve hours in any day.
(2)The hours of work of an adolescent motor transport worker shall be so arranged that inclusive of interval for rest under section 14, they shall not spread-over more than nine hours in any day.

The Motor Transport Workers Act, 1961 Sec.17.Split duty.

Subject to the other provisions contained in this Act, the hours of work of a motor transport worker shall not be split into more than two spells on any day.

The Motor Transport Workers Act, 1961 Section 26.

Extra wages for overtime.-
(1) Where an adult motor transport worker works for more than eight hours in any day in any case referred to in the first proviso to section 13 or where he is required to work on any day of rest under sub-section (2) of section 19, he shall be entitled to wages at the rate of twice his ordinary rate of wages in respect of the overtime work or the work done on the day of rest, as the case may be.
(2) Where an adult motor transport worker works for more than eight hours in any day in any case referred to in the second proviso to section 13, he shall be entitled to wages in respect of the overtime work at such rates as may be prescribed.
(3) Where an adolescent motor transport worker is required to work on any day of rest under sub-section (2) of section 19, he shall be entitled to wages at the rate of twice his ordinary rate of wages in respect of the work done on the day of rest.
(4) For the purposes of this section, 'ordinary rate of wages' in relation to a motor transport worker means his basic wages plus dearness allowance.

മേല്‍ സൂചിപ്പിച്ചിരിക്കുന്ന മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ആക്ടിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ഒരു ജീവനക്കാരനെ ഒരാഴ്ചയില്‍ പരമാവധി 48 മണിക്കൂര്‍ മാത്രമേ ജോലിയ്ക്ക് നിയോഗിക്കുവാന്‍ കോര്‍പ്പറേഷന് സാധിക്കുകയുള്ളൂ. ഇത്തരത്തില്‍ ഡ്യൂട്ടികള്‍ ക്രമീകരിക്കുമ്പോള്‍ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഏതെങ്കിലും ദിവസം ഒരു ജീവനക്കാരനെ 10 മണിക്കൂറില്‍ കൂടുതല്‍ സമയം ഡ്യൂട്ടിക്കായി നിയോഗിയ്‌ക്കേണ്ട സ്ഥിതിവിശേഷം ഉണ്ടായേക്കാം; എന്നാല്‍ ഒരു ജീവനക്കാരനും ഒരാഴ്ചയിലെ എല്ലാദിവസവും ഇത്തരത്തില്‍ ജോലി ചെയ്യേണ്ടി വരില്ല എന്നകാര്യം ഉറപ്പുവരുത്തിയിട്ടുണ്ട്. ഒരു ജീവനക്കാരന്‍ പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരാഴ്ചയില്‍ 48 മണിക്കൂറില്‍ അധികം ജോലി ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തും. അത്തരത്തില്‍ ആഴ്ച്ചയില്‍ 48 മണിക്കൂറിലധികം ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ അധികസമയത്തിന് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ആക്ട് നിഷ്‌കര്‍ഷിക്കുന്ന വിധത്തിലുള്ള അധികവേതനം ലഭ്യമാക്കുകയും ചെയ്യും.

മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ആക്ടിന്റെ മേലുദ്ധരിച്ച പ്രസക്തഭാഗങ്ങള്‍ പരിശോധിച്ചാല്‍ ഡ്യൂട്ടിസമയത്തെക്കുറിച്ച് വളരെ വ്യക്തമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതായി കാണാം. ആയതു പ്രകാരം ഒരു ദിവസം 12 മണിക്കൂര്‍ വരെയുള്ള സ്‌പ്രെഡ് ഓവറില്‍ ഒരു ജീവനക്കാരനെ ആഴ്ച്ചയില്‍ 48 മണിക്കൂറില്‍ അധികരിക്കാത്ത വിധത്തില്‍, അനുവദനീയമായ വിശ്രമവും, ഡ്യൂട്ടി ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും ചെയ്യേണ്ട ജോലികള്‍ക്കുള്ള സമയവും കണക്കാക്കി ജോലി ചെയ്യിക്കാന്‍ വ്യവസ്ഥയുണ്ട്. എങ്കില്‍ത്തന്നെയും കോര്‍പ്പറേഷന്‍ വളരെ ചുരുക്കം ഷെഡ്യൂളുകളില്‍ മാത്രമേ ഇത്തരം ഡ്യൂട്ടി പാറ്റേണുകള്‍ നടപ്പിലാക്കിയിട്ടുള്ളൂ.

സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം കെഎസ്ആര്‍ടിസിയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാല്‍വെയ്പ്പാണ്. ഇത് ഒരു വലിയ മാറ്റത്തിലേയ്ക്കാണ് കെഎസ്ആര്‍ടിസിയെ കൊണ്ടെത്തിക്കുന്നത്, ഒപ്പം കെ.എസ്.ആര്‍.ടി.സി. യ്ക്ക് ഇത് അനിവാര്യതയും ആണ്. കെഎസ്ആര്‍ടിസിയുടെ നന്മയെക്കരുതിയാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ നടപ്പിലാക്കിയ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം ഏതു കോടതിയിലായാലും ഏതു വിചാരണയിലായാലും നിലനില്‍ക്കുന്നതുമാണ്. മാത്രമല്ല ടി സംവിധാനം പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള ഒരു പ്രതീക്ഷയുമാണ്.

സിംഗിള്‍ ഡ്യൂട്ടിസമ്പ്രദായം നടപ്പിലാക്കുന്നത് മൂലം ജീവനക്കാര്‍ക്ക് ഉണ്ടാകുന്ന വിഷമതകള്‍ പരമാവധി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. കൂടാതെ ഒരു മാസത്തിന് ശേഷം ഇത് സംബന്ധിച്ച് വിശദമായ പരിശോധന നടത്തി ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.

കോര്‍പ്പറേഷന്റെയും ജീവനക്കാരുടെയും നന്മയെക്കരുതി നടപ്പിലാക്കിയ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം വിജയകരമായി നടപ്പിലാക്കുന്നതിന് നിങ്ങളുടെ ഓരോരുത്തരുടെയും സഹായ സഹകരണങ്ങളും പങ്കാളിത്തവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

എന്ന്,
നിങ്ങളുടെ സ്വന്തം...
ടോമിന്‍ ജെ. തച്ചങ്കരി ഐ.പി.എസ്.
ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍
കെ.എസ്.ആര്‍.ടി.സി
First published: September 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍