കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് (സി.ഐ.സി.) ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള ഹക്കീം ഫൈസി അദൃശ്ശേരിയുടെ രാജിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു സമസ്തയുടെ പരമോന്നത നേതാക്കൾ മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. സാദിഖലി ശിഹാബ് തങ്ങൾ, ജിഫ്രി മുത്തുക്കോയ തങ്ങൾ, ആലിക്കുട്ടി മുസ്‌ലിയാർ എന്നിവർ ഒരുമിച്ചാണ് മാധ്യമങ്ങളെ കണ്ടത്.
സി.ഐ.സിക്കു കീഴിലെ വാഫി, വഫിയ്യ വിദ്യാർത്ഥികളുടെ ആശങ്കകൾക്ക് പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് പഠനത്തിന് ഒരു തരത്തിലും തടസ്സമുണ്ടാകില്ല. സ്ഥാപനങ്ങളിലെ കാര്യങ്ങളെല്ലാം ഒരു പ്രയാസവുമില്ലാതെ മുന്നോട്ടു പോകും. ഉന്നയിച്ച വിഷയങ്ങളിൽ തീരുമാനമെടുക്കാൻ സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
കഴിഞ്ഞ ദിവസം സി.ഐ.സി. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഹക്കീം ഫൈസി അദൃശ്ശേരി രാജി സമർപ്പിച്ചിരുന്നു. സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശ പ്രകാരമായിരുന്നു ഹക്കീം ഫൈസി അദൃശ്ശേരിയുടെ രാജി. അദൃശ്ശേരിക്കൊപ്പം സി.ഐ.സിയിലെ സ്ഥാപനങ്ങളിലെ 118 പേര് രാജി സമർപ്പിച്ചിരുന്നു. അദൃശ്ശേരിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു രാജി.
അതിന് ശേഷം സി.ഐ.സിയിലെ രണ്ട് വിദ്യാർത്ഥി യൂണിയനുകൾ പിരിച്ച് വിട്ടു. വാഫി, വഫിയ്യ വിദ്യാർത്ഥി യൂണിയനുകളാണ് പിരിച്ചുവിട്ടത്. അതേസമയം, ഹക്കീം ഫൈസിയെ തിരിച്ചു കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് സാദിഖലി ശിഹാബ് തങ്ങൾക്ക് വിദ്യാർത്ഥികൾ കത്ത് നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ സംഭവവികാസങ്ങൾ വിദ്യാഭ്യാസത്തെ ബാധിക്കുമോ എന്ന് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ ആശങ്ക അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് സമസ്ത നേതാക്കൾ തന്നെ മാധ്യമങ്ങളെ കണ്ടത്.
ഹക്കീം ഫൈസി അദൃശ്ശേരിയുടെ രാജിക്കുവേണ്ടി ആരും സാദിഖലി ശിഹാബ് തങ്ങൾക്കു മേൽ സമ്മർദം ചെലുത്തിയിട്ടില്ല എന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ ചൂണ്ടിക്കാട്ടി. സമസ്തയിലെ ഏതെങ്കിലും വിഭാഗത്തിന്റെയല്ല, സമസ്തയുടെ തന്നെ തീരുമാനമാണ് രാജി ആവശ്യം എന്നും അദ്ദേഹം പറഞ്ഞു.
സാദിഖലി ശിഹാബ് തങ്ങൾക്ക് മേൽ സമ്മർദം ചെലുത്തി തൻ്റെ രാജി വാങ്ങിക്കുകയായിരുന്നു എന്നായിരുന്നു ഹക്കീം ഫൈസി അദൃശേരിയുടെ ആരോപണം. നിയമപരമായി രാജി ആവശ്യപ്പെടേണ്ടത് സിഐസി ജനറൽ ബോഡിയാണെങ്കിലും, രാജി കൈമാറിയത് പാണക്കാട് കുടുംബത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് ഹക്കീം ഫൈസി അദൃശ്ശേരി പറഞ്ഞിരുന്നു.
സി.ഐ.സി. ജനറൽ ബോഡി ചേർന്നാണ് തന്നെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. അതുകൊണ്ട് രാജി ആവശ്യപ്പെടേണ്ടതും സിഐസി ജനറൽ ബോഡി ചേർന്നാണ്. അക്കാരണത്താൽ തന്നെ ഇപ്പോഴത്തെ നടപടികൾ നിയമപരമായി നിലനിൽക്കില്ല എന്നാണ് അദ്ദേഹത്തിൻ്റെ വാദം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.