Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...

news18-malayalam
Updated: August 31, 2019, 10:43 PM IST
Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ
top news
  • Share this:
 

1. പാലായിലെ UDF സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ. മാണി

പാലായിലെ സ്ഥാനാർഥിയുടെ കാര്യത്തിൽ നാളെ പ്രഖ്യാപനം ഉണ്ടാകുമെന്ന് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. സ്ഥാനാർഥി പ്രഖ്യാപനം വൈകുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞതിന് പിന്നാലെയാണ് ജോസ് കെ മാണിയുടെ പ്രതികരണം. സ്ഥാനാർത്ഥിക്ക് ചിഹ്നം അനുവദിക്കണമെന്ന് യുഡിഎഫ് പിജെ ജോസഫിനോട് ആവശ്യപ്പെടും.

ചിഹ്നം സംബന്ധിച്ച് നിലപാടിൽ ജോസഫ് അയഞ്ഞില്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധിക്ക് കാരണമാകും. ഇരുഭാഗത്തെയും ഒന്നാക്കി കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളും യുഡിഎഫ് നടത്തും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അടക്കം തർക്കം ഒഴിവാക്കാൻ ഉള്ള ശ്രമങ്ങളാകും യുഡിഎഫ് നടത്തുക.

2. നെഹ്റു ട്രോഫി വള്ളംകളിയിൽ നടുഭാഗം ചുണ്ടൻ ജേതാവ്

നെഹ്റു ട്രോഫി വള്ളംകളിയിൽ നടുഭാഗം ചുണ്ടൻ ജേതാവ്. പുന്നമടക്കായലിനെ ത്രസിപ്പിച്ച പോരാട്ടത്തിൽ ചമ്പക്കുളം ചുണ്ടനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് നടുഭാഗം ജലരാജാവായത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് നടുഭാഗത്തിൽ തുഴയെറിഞ്ഞത്. പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിനും മത്സരത്തോടെ തുടക്കമായി.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ മുഖ്യാതിഥിതിയായെത്തിയത് ആവേശം ഇരട്ടിയാക്കി. മൂന്നു മാസം നീളുന്ന സി ബി എൽ സീസണിൽ 12 മത്സരങ്ങളാണുള്ളത്. കൊല്ലത്ത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെയാണ് സമാപനം.

3. ശബരിമല വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടനിലപാട്: ബിന്ദു അമ്മിണി

ശബരിമല വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടനിലപാടാണെന്ന വിമർശനവുമായി  ബിന്ദു അമ്മിണി. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരോട് സ്ത്രീകളെ പ്രവേശിപ്പിച്ചത് തങ്ങളാണെന്ന് അവകാശപ്പെടുന്ന സിപിഎം എതിര്‍ക്കുന്നവരോട് തങ്ങള്‍ ഭക്തര്‍ക്കൊപ്പമാണെന്നാണ് പറയുന്നത്. ഇത് രണ്ട് വള്ളത്തില്‍ സഞ്ചരിക്കുന്നതിന് തുല്യമാണെന്നും ബിന്ദു അമ്മിണി പറഞ്ഞു. ഡി സി കിഴക്കേമുറി ഫൗണ്ടേഷന്റെയും ഡി സി ബുക്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന സ്പേസസ് ഫെസ്റ്റില്‍ സ്ത്രീകളുടെ സ്വകാര്യവും സാമൂഹികവുമായ സ്ഥലങ്ങള്‍ എങ്ങനെ നിര്‍വചിക്കാം എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ബിന്ദു അമ്മിണി.

4. പാലാരിവട്ടം മേല്‍പ്പാലം അഴിമതി:  ഉത്തരവാദിത്വമില്ലെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്.

പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ ഉത്തരവാദിത്വമില്ലെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. ടി ഓ സൂരജിന്റെ അറസ്റ്റിനോട് പ്രതികരിക്കാനില്ലെന്നും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി. അതേസമയം ടി.ഒ.സൂരജ് അടക്കമുള്ള പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു

പാലാരിവട്ടം പാലം നിര്‍മ്മാണത്തിന് മുന്‍പ് കരാറുകാരന് 8.25 കോടി രൂപ അനുവദിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി.ഒ.സൂരജ് ഫയലില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയാണ് പണം അനുവദിച്ചത്.

5. സുനന്ദ പുഷ്ക്കർ കേസിൽ തരൂരിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പ്രോസിക്യൂഷൻ

സുനന്ദ പുഷ്‌കറിന്റെ മരണക്കേസില്‍ ശശി തരൂര്‍ എം.പിയ്‌ക്കെതിരെ കൊലക്കുറ്റമോ ആത്മഹത്യാപ്രേരണ കുറ്റമോ ചുമത്തണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍. കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ചുമത്തണം. അതിനുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും റോസ്അവന്യൂ കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. കുറ്റംചുമത്തലില്‍ പ്രോസിക്യൂഷന്റെ വാദം പൂര്‍ത്തിയായി.

മാധ്യമപ്രവര്‍ത്തക നളിനി സിങ്, സഹായി ശ്രീവാസ്തവ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് തരൂരിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. മരിക്കുന്നതിന് മുന്‍പ് ഐ.പി.എല്ലുമായി ബന്ധപ്പെട്ട് തരൂരിനെതിരെ സുനന്ദ വാര്‍ത്താസമ്മേളനം നടത്താനിരിക്കുകയായിരുന്നു. തരൂരും പാകിസ്താനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും ദുബായില്‍ മൂന്നുരാത്രികള്‍ ഒരുമിച്ച് ചിലവിട്ടിരുന്നെന്ന സുനന്ദയുടെ സുഹൃത്തിന്റെ മൊഴി പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ വാദിച്ചു.

6. 'പന്നിയുമായി ഗുസ്തി പിടിച്ചാൽ വൃത്തികേടാകുന്നത് നിങ്ങളായിരിക്കും'; പ്രസ്താവനാ യുദ്ധത്തിനുശേഷം ബർണാഡ് ഷായുടെ വാക്കുകളുമായി തരൂർ

അനാവശ്യകാര്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയ വിമർശിക്കേണ്ടതില്ലെന്ന പരാമർശത്തിന്റെ പേരിലുണ്ടാ വിവാദങ്ങൾക്കിടെ വിഖ്യാത നാടകകൃത്ത് ബർണാഡ്ഷായുടെ വാക്കുകൾ ട്വീറ്റ് ചെയ്ത് ഡോ. ശശി തരൂർ.

പന്നിയോട് നിങ്ങൾ മത്സരിക്കരുത്, നിങ്ങൾ വൃത്തികേടാകും. പക്ഷെ വൃത്തികേടാകുന്നത് പന്നികൾക്ക് ഇഷ്ടവുമാണ്. ബർണാഡ് ഷായുടെ ഈ വാക്കുകളാണ് തരൂർ ട്വീറ്റ് ചെയ്തിരിക്കുന്നത്.

7. 'ഓക്‌സ്‌ഫഡ് ഇംഗ്‌ളീഷ് അറിയാത്ത ചാള്‍സ് മൂന്നുതവണ ജയിച്ചു'; തരൂരിനെതിരെ വീണ്ടും മുരളീധരന്‍

ശശി തരൂര്‍ എം.പിക്കെതിരെ വീണ്ടും പരോക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ എം.പി. മോദിക്കെതിരായ ജനവികാരമാണ് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയത്തിനു കാരണം. ഓക്‌സ്‌ഫഡ്ഇംഗ്‌ളീഷ് അറിയാത്ത ചാള്‍സ് മൂന്നുതവണ ഇവിടെ നിന്ന് ജയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു
10 വര്‍ഷം പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനെ ഒരു ബിജെപിക്കാരനും പുകഴ്ത്തിയിട്ടില്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

8. എ.ആർ ക്യാമ്പിലെ കുമാറിന്റെ മരണം: 7 പൊലീസുകാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

എ.ആര്‍ ക്യാമ്പിലെ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ ഏഴ് പൊലീസ് ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി സ്‌പെഷല്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇവരില്‍ മൂന്നു പേര്‍ക്കെതിരെ ഭവനഭേദനത്തിനും കേസെടുത്തിരുന്നു. കുമാറിന്റെ അനുമതിയില്ലാതെ സാധനങ്ങള്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും മാറ്റിയതിനായിരുന്നു കേസ്.

അതേസമയം കേസില്‍ നേരത്തെ റിമാന്‍ഡിലായ മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് എല്‍. സുരേന്ദ്രനെ കഴിഞ്ഞ ദിവസം കോടതി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. കര്‍ശന ഉപാധികളോടെയാണ് അദ്ദേഹത്തിന് ജാമ്യം നല്‍കിയത്.

9. മോദിയുടെ തെറ്റായ വഴികളിലൂടെയാണ് പിണറായി വിജയന്‍ സഞ്ചരിക്കുന്നത്: ഉമ്മൻ ചാണ്ടി

അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയ ഡിജിപിയും അനുമതി നല്കിയ മുഖ്യമന്ത്രിയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വായ്മൂടിക്കെട്ടുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി.

പ്രോസിക്യൂട്ട് ചെയ്ത് കോണ്‍ഗ്രസിനെ നിശബ്ദമാക്കാം എന്നു കരുതിയാല്‍ അതു കേരളത്തില്‍ നടപ്പില്ല. വിമര്‍ശനങ്ങളെ ഭയക്കന്നുവരാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നത്. നരേന്ദ്രമോദിയുടെ തെറ്റായ അതേ വഴികളിലൂടെയാണ് പിണറായി വിജയന്‍ സഞ്ചരിക്കുതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

10. രണ്ടാം ഏകദിനത്തിൽ ഇന്ത്യ എയ്ക്ക് രണ്ട് വിക്കറ്റ് ജയം

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ രണ്ടാം ഏകദിനത്തിൽ ഇന്ത്യ എയ്ക്ക് രണ്ട് വിക്കറ്റ് ജയം. 163 റൺസ് വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യ എ എട്ട് വിക്കറ്റ് നഷ്ടത്തിൽ 1 ഓവർ ബാക്കി നിൽക്കെ വിജയറൺസ് കുറിക്കുകയായിരുന്നു. മോശം കാലാവസ്ഥയെ തുടർന്ന് മത്സരം 21 ഓവറാക്കി ചുരുക്കിയിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റസ്മാൻ ഇഷാൻ കിഷന്റെ അർധസെഞ്ച്വറി പ്രകടനമാണ് ഇന്ത്യൻ വിജയത്തിന്റെ നട്ടെല്ലായത്. 24 പന്തിൽ 55 റൺസെടുത്താണ് താരം പുറത്തായത്.
First published: August 31, 2019, 10:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading