• HOME
 • »
 • NEWS
 • »
 • kerala
 • »
 • Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...

top news

top news

 • Share this:
  1. ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിന് സാധ്യത; കേരളത്തിൽ അതീവ ജാഗ്രത

  ന്യൂഡൽഹി: ദക്ഷിണേന്ത്യയിലും ഭീകരാക്രമണ സാധ്യതയെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്. കരസേനാ ദക്ഷിണേന്ത്യാ കമാൻഡന്റാണ് ഇക്കാര്യം അറിയിച്ചത്. ഗുജറാത്തിലെ കച്ച് മേഖലയിലെ സർക്രീക്കിൽ നിന്ന് ഉപേക്ഷിച്ച ബോട്ടുകൾ കണ്ടെത്തിയതോടെയാണിത്.

  അതേസമയം സൈന്യത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് കേരളത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. ബസ്സ് സ്റ്റാന്‍റുകള്‍, റെയിവേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

  2.  'വിക്രം ഇപ്പോഴും നിശ്ചലം'; ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തി ISRO

  ബെംഗലുരു: ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാൻ എല്ലാവിധ ശ്രമങ്ങളും നടത്തി ഐ.എസ്.ആര്‍.ഒ. പ്രഗ്യാന്‍ റോവറിനെയും വഹിച്ചുകൊണ്ടുള്ള വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ശനിയാഴ്ച ഇടിച്ചിറങ്ങിയതിനെ  തുടര്‍ന്നാണ് ഭൗമനിലയവുമായുള്ള ബന്ധം തകരാറിലായത്.

  ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ഇറക്കാന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലത്തിന് ഏറെ അടുത്താണ് വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയത്. ഇത് ഓർബിറ്റർ പകര്‍ത്തിയ ചിത്രങ്ങളില്‍ നിന്നും വ്യക്തമാണെന്ന് ഇസ്രോ വൃത്തങ്ങള്‍ അറിയിച്ചു.

  3. ഇനി വിട്ടുവീഴ്ചയില്ല; മരടിലെ ഫ്ളാറ്റുകൾ പൊളിക്കുമെന്ന് സർക്കാർ

  കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്ന കാര്യത്തിൽ ഇനി വിട്ടുവീഴ്ചയില്ലെന്ന് സംസ്ഥാന സർക്കാർ. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ഫ്ളാറ്റുകൾ സന്ദർശിച്ച ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. പ്രതിഷേധവുമായി എത്തിയ ഫ്ളാറ്റ് ഉടമകൾ ചീഫ് സെക്രട്ടറിയെ തടഞ്ഞു. അതേ സമയം ഫ്ലാറ്റുടമകൾ റിട്ട് ഹർജിയുമായി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു.

  ഈമാസം 20നകം മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കി റിപ്പോർട്ട് നൽകണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനം നടപ്പാക്കുന്നതിന‍്റെ ഭാഗമായാണ് ചീഫ് സെക്രട്ടറി ടോം ജോസ് സ്ഥലം സന്ദർശിച്ചത്.

  4. 'ചീഫ് സെക്രട്ടറി ഗോ ബാക്ക്'; മരട് ഫ്ളാറ്റ് സന്ദർശിക്കാനെത്തിയ ടോം ജോസിനെ തടഞ്ഞ് ഫ്ളാറ്റുടമകളുടെ പ്രതിഷേധം

  കൊച്ചി: മരട് ഫ്ലാറ്റ് സന്ദ‌ർശിക്കാനെത്തിയ ചീഫ് സെക്രട്ടറിക്കെതിരെ ഫ്ലാറ്റുടമകളുടെ പ്രതിഷേധം. ഹോളി ഫെയ്ത് അപ്പാർട്മെന്റുകളുടെ മുന്നിൽ വച്ചാണ് ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധം ഉണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘമാണ് 'ഗോ ബാക്ക്' മുദ്രാവാക്യം വിളികളോടെ ചീഫ് സെക്രട്ടറിയെ ഉപരോധിക്കാനെത്തിയത്. ഫ്ലാറ്റുടമകൾ ചീഫ് സെക്രട്ടറിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും തിരിച്ചു പോകാൻ ആവശ്യപ്പെടുകയും ചെയ്തു.

  വിഷയത്തിൽ സുപ്രീംകോടതിയെ സർക്കാരും നഗരസഭയും കൃത്യമായി കാര്യങ്ങൾ ധരിപ്പിച്ചില്ലെന്നാണ് ഫ്ലാറ്റുടമകൾ ആരോപിക്കുന്നത്. അപാ‌ർട്മെന്റുകളിൽ താമസക്കാരുണ്ടെന്ന് ആരും സുപ്രീം കോടതിയെ ധരിപ്പിച്ചെല്ലുന്നും ഫ്ലാറ്റുടമകൾ ആരോപിക്കുന്നു.

  5. അമ്മുവല്ല ഇത് 'അത്ഭുതക്കുട്ടി'; ജീപ്പിൽ നിന്ന് വീണ ഒന്നരവയസ്സുകാരിക്ക് രക്ഷയായത് വനപാലകരുടെ ഇടപെടൽ

  ഇടുക്കി രാജമലയിൽ‌ വാഹനത്തിൽ നിന്നും റോഡിലേക്ക് വീണ ഒന്നരവയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇഴഞ്ഞ് വനംവകുപ്പ് ചെക്ക്പോസ്റ്റിലെത്തിയ കുട്ടിയെ വനപാലകർ പൊലീസിന് കൈമാറി. കുട്ടി വീണതറിയാതെ മാതാപിതാക്കൾ 50 കിലോമീറ്ററോളം വാഹനത്തിൽ യാത്ര തുടർ‌ന്നു. ഞായറാഴ്ച രാത്രി പത്ത് മണിക്കായിരുന്നു സംഭവം. നിസാര പരിക്കേറ്റ കുട്ടിയെ പിന്നീട് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.

  6. യു.ഡി.എഫ് കണ്‍വീനര്‍ക്ക് എത്താനായില്ല; ജോസഫിനെ അനുനയിപ്പിക്കാനുള്ള യോഗം നാളത്തേക്കു മാറ്റി

  കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന പി.ജെ ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നിശ്ചയിച്ച യോഗം മാറ്റിവച്ചു. യു.ഡി.എഫ് കണ്‍വീനറുടെ സാന്നിധ്യത്തില്‍ മാത്രമെ ചര്‍ച്ചയ്ക്കുള്ളൂവെന്ന് ജോസഫ് വിഭാഗം നിലപാടെടുത്തതിനെ തുടര്‍ന്നാണ് ഇന്ന് ചേരാനിരുന്ന യോഗം അവസാന നിമിഷം മാറ്റിവച്ചത്. വിദേശത്തായിരുന്ന മുന്നണി കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് യോഗം നാളത്തേക്കു മാറ്റിയെന്നാണ് ഔദ്യോഗിക വിശദീകരണം.

   

  7. സിഖ് വിരുദ്ധ കലാപകേസുകള്‍ പുനരന്വേഷിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി

  ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം  അനുമതി നൽകിയെന്ന് 'ദി ട്രിബ്യൂൺ' റിപ്പോർട്ട് ചെയ്യുന്നു. കമല്‍ നാഥിനെതിരായ ആരോപണങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് മന്‍ജിന്ദര്‍ സിം സിര്‍സയെ ഉദ്ധരിച്ചാണ് ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  8. മുത്തൂറ്റ് സമരം: മന്ത്രി വിളിച്ച യോഗം പരാജയപ്പെട്ടു; കൂടുതല്‍ ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്ന് എം.ഡി

  കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ തൊഴില്‍ മന്ത്രി പി ടി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ച പരാജയം. അതേമസമയം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ഒരുവിഭാഗം ജീവനക്കാര്‍ നടത്തുന്ന സമരം തുടരും. ശമ്പള വര്‍ദ്ധനവടക്കമുള്ള കാര്യങ്ങളില്‍ മാനേജ്‌മെന്റ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്ന് ചർച്ചയ്ക്കു ശേഷം  സമരസമിതി പ്രതികരിച്ചു.

  9. വില്‍പന കുത്തനെ ഇടിഞ്ഞു; തമിഴ്നാട്ടിലെയും ഉത്തരാഖണ്ഡിലെയും പ്ലാന്റുകൾക്ക് അവധി നൽകി അശോക് ലെയ്‌ലന്‍ഡ്

  ചെന്നൈ: വാഹന നിര്‍മ്മാണശാലകള്‍ക്ക് അവധി നല്‍കി ഹിന്ദുജ ഗ്രൂപ്പിന് കീഴിലുള്ള രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്‌ലന്‍ഡ്. വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് സെപ്തംബറില്‍ നിര്‍മ്മാണശാലകള്‍ക്ക് അവധി നല്‍കിയിരിക്കുന്നതെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു.

  ചെന്നൈയിലെ പ്രധാന പ്ലാന്റിന് 16 ദിവസമാണ് അവധി നൽകിയിരിക്കുന്നത്.  തമിഴ്‌നാട്ടിലെ ഹൊസൂറിലെ പ്ലാന്റ് അഞ്ചും രാജസ്ഥാനിലെ ആല്‍വാര്‍, മഹാരാഷ്ട്രയിലെ ബന്ദാരാ പ്ലാന്റുകള്‍10 ദിവസം വീതവുമാണ് അവധി.

  10. ഇനി ക്രിക്കറ്റിലെ ശിശുക്കളല്ല; ടെസ്റ്റിൽ ബംഗ്ലാദേശിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ

  ധാക്ക: ചിറ്റഗോംഗ് ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് 224 റൺസ് ജയം. 398 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 173 റൺസിന് പുറത്തായി. ആറു വിക്കറ്റ് നേടിയ റാഷിദ് ഖാന്‍റെ തകർപ്പൻ പ്രകടനമാണ് ബംഗ്ലാദേശിനെ തകർത്തത്. വെറും 49 റൺസ് മാത്രം വഴങ്ങിയാണ് റാഷിദ് ആറ് വിക്കറ്റെടുത്തത്. 44 റൺസെടുത്ത ഷാകിബ് അൽ ഹസനും 41 റൺസെടുത്ത ഷദ്മാൻ ഇസ്ലാമിനും മാത്രമാണ് തിളങ്ങാനായത്.
  First published: