• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് ഫീസ് ഇളവ് നൽകാൻ ടൂറിസം വകുപ്പ്

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് ഫീസ് ഇളവ് നൽകാൻ ടൂറിസം വകുപ്പ്

ഫീസിൽ 50 ശതമാനം ഇളവ് നൽകാൻ ടൂറിസം വകുപ്പിന്റെ തീരുമാനം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
തിരുവനന്തപുരം: ആഭ്യന്തര ടൂറിസ്റ്റുകളെ (domestic tourists) ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ മുതിർന്ന പൗരന്മാർക്ക് (senior citizens) ഇളവ് നൽകാനൊരുങ്ങി ടൂറിസം വകുപ്പ്. സംസ്ഥാനത്ത് വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാൻ തീരുമാനിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന മുതിർന്ന പൗരന്മാർക്ക് ഇത് വലിയ ആശ്വാസമാകുമെന്ന് വിനോദസസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവുകള്‍ അനുവദിക്കണമെന്ന് മുതിര്‍ന്നപൗരന്മാരും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമടക്കം നേരത്തെ  സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിയമസഭയുടെ കീഴിലുള്ള മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിക്ക് മുൻപിൽ കോഴിക്കോട് ഹ്യൂമൺ റൈറ്റ്സ് ഫോറം സമർപ്പിച്ച ഹർജിയിലും ഈ ആവശ്യം ഉന്നയിക്കപ്പെട്ടു.

വിനോദസഞ്ചാര വകുപ്പ് ഇക്കാര്യം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി. നിയമസഭാ സമിതിയുടെ മുന്‍പാകെയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ്  50 ശതമാനം ഫീസ് ഇളവ് നൽകണമെന്ന് വകുപ്പ്  തീരുമാനിച്ചത്.

പ്രവേശന ഫീസിൽ മാത്രമാണ് ഇളവ്. റൂമുകൾക്ക് ഇളവ് ബാധകമല്ല.  സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലും കുറഞ്ഞത് ഒരു വിനോദ സഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിനോദ സഞ്ചാര വകുപ്പ് തയ്യാറാക്കിയ 'ഡെസ്റ്റിനേഷൻ ചലഞ്ജ്' പദ്ധതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടത്തും.

വിനോദസഞ്ചാര വികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. വിനോദ സഞ്ചാര വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പദ്ധതിക്കാവശ്യമായ തുക കണ്ടെത്തുക. സംസ്ഥാനത്താകെ പദ്ധതിയുടെ ആദ്യഘട്ട നടത്തിപ്പിനായി നേരത്തെ തന്നെ 50 കോടി രൂപയുടെ ഭരണാനുമതി സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്.

പദ്ധതിതുകയുടെ 60  ശതമാനം (പരമാവധി 50 ലക്ഷം രൂപ) ടൂറിസം വകുപ്പ് വഹിക്കും. ബാക്കി തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തനതു ഫണ്ടിൽ നിന്നോ സ്‌പോൺസർഷിപ് വഴിയോ കണ്ടെത്തണം. ഇത്തരത്തിൽ ഒരു വർഷം നൂറു ഡെസ്റ്റിനേഷനുകൾ വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ടൂറിസം വകുപ്പ് സമർപ്പിച്ച പദ്ധതിക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

തങ്ങളുടെ പ്രദേശത്തെ ഡെസ്റ്റിനേഷനുകൾ ആക്കി മാറ്റാൻ സാധ്യതയുള്ള പ്രദേശങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ ടൂറിസം വകുപ്പിന്  ഓൺലൈൻ വഴിയാണ് തദ്ദേശ സ്ഥാപനങ്ങൾ സമർപ്പിക്കേണ്ടത്. ഇത് സംബന്ധിച്ച വിശദ പദ്ധതിരേഖ അതാത് തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കി എസ്റ്റിമേറ്റ് സഹിതം സമർപ്പിക്കണം.

പദ്ധതി പ്രദേശത്തുനിന്ന് ലഭിക്കുന്ന വരുമാനം പൂർണമായി തദ്ദേശ സ്ഥാപനങ്ങൾക്ക് അവകാശപ്പെട്ടതാണ്. ഈ തുക പദ്ധതി പരിപാലനത്തിന് ഉപയോഗിക്കണം. ഇതിനായി കൃത്യമായ ബിസിനസ് പ്ലാൻ തയ്യാറാക്കി ടൂറിസം വകുപ്പിന് സമർപ്പിക്കണം. പദ്ധതി നടപ്പാവുന്നതോടെ സംസ്ഥാനത്തെ ആഭ്യന്തര ടൂറിസം മേഖലയിൽ വൻ കുതിച്ചു ചാട്ടം ഉണ്ടാവുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Published by:user_57
First published: