• HOME
  • »
  • NEWS
  • »
  • kerala
  • »
  • കടമക്കുടി കൂടുതൽ സുന്ദരമാകും; സമഗ്ര  ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നു

കടമക്കുടി കൂടുതൽ സുന്ദരമാകും; സമഗ്ര  ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നു

കടമക്കുടി കൂടുതൽ സുന്ദരമാകും, സമഗ്ര  ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നു. ഓഗസ്റ്റ് 14നു മന്ത്രി മുഹമ്മദ് റിയാസ് കടമക്കുടിയിൽ പ്രഖ്യാപനം നടത്തും

News18 Malayalam

News18 Malayalam

  • Share this:
കൊച്ചി: കടമക്കുടി ദ്വീപുസമൂഹങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന  ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നു.  കടമക്കുടി ദ്വീപുസമൂഹത്തിന്റെ  സവിശേഷ പരിസ്ഥിതി നിലനിർത്തിക്കൊണ്ട് തീരെ ചെലവുകുറഞ്ഞ ഐലൻഡ് ലിവിംഗ് മ്യൂസിയം പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. സുന്ദരമായ ദ്വീപുകളുടെ പ്രകൃതിയെയും സാമൂഹിക ജീവിതത്തെയും സ്വാഭാവിക ജീവിത മ്യൂസിയമാക്കി അവതരിപ്പിക്കാനാണ് പദ്ധതിയിലൂടെ  ലക്ഷ്യമിടുന്നത്. മൊത്തം ഒരുകോടി രൂപ  ചെലവ് കണക്കാക്കുന്ന പദ്ധതി മൂന്നുഘട്ടങ്ങളിലായി അഞ്ചുവർഷം കൊണ്ട് പൂർത്തിയാകും.നാട്ടുകാർക്കും വിനോദ സഞ്ചാരികൾക്കും പദ്ധതി ഒരുപോലെ നേട്ടമാകും. ദ്വീപുകളിലെ പൊക്കാളി അരി, ചെമ്മീൻ, മത്സ്യം, താറാവ് തുടങ്ങി തനത് വിഭവങ്ങളും മൂല്യ വർധിത ഉത്പന്നങ്ങളും വിറ്റഴിക്കാനുള്ള വേദിയായി മ്യൂസിയം പദ്ധതി മാറും. പൊക്കാളി പാടങ്ങളും ചെമ്മീൻ - മത്സ്യ കെട്ടുകളും സ്വാഭാവികതയോടെ മ്യൂസിയത്തിന്റെ ഭാഗമാകും.

വിദേശത്തു നിന്നുൾപ്പെടെ എത്തുന്ന ദേശാടന പക്ഷികളെ നിരീക്ഷിക്കുന്നതിനും സൂര്യോദയവും സൂര്യാസ്‌തമയവും കാണുന്നതിനും പ്രത്യേക സജ്ജീകരണങ്ങൾ ഉണ്ടാകും. വിനോദ സഞ്ചാരികൾക്ക് മീൻ പിടിക്കുന്നതിനും പച്ചമീൻ വാങ്ങുന്നതിനും സൗകര്യം, വള്ളത്തിലൊരുക്കിയ ഫ്‌ളോട്ടിങ് റെസ്റ്റോറന്റ്, ജല യാത്ര  നടത്താൻ ബോട്ട് പോയിന്റ്, ദ്വീപുകളിലെ കുട്ടികളുടെ കലാസൃഷ്‌ടികൾക്ക് ഉൾപ്പെടെ ഗാലറികൾ, ഹോംസ്റ്റേ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി ഒരുങ്ങും.

സമഗ്ര ടൂറിസം പദ്ധതി ടൂറിസം പൊതുമരാമത്ത് മന്ത്രി അഡ്വ പി എ  മുഹമ്മദ് റിയാസ് ഓഗസ്റ്റ് 14 ശനിയാഴ്ച്ച രാവിലെ എട്ടിന് കടമക്കുടിയിൽ പ്രഖ്യാപിക്കും. ഇതോടൊപ്പം മൂന്നുകോടി രൂപ ചെലവിൽ നിർമ്മിച്ച വരാപ്പുഴ - കടമക്കുടി റോഡിന്റെ ഔദ്യോഗിക ഉദ്ഘാടനവും  മന്ത്രി നിർവ്വഹിക്കും.
Also Read- ക്യാബ് ഡ്രൈവറെ തല്ലിയ യുവതിയുടെ പുതിയ വൈറൽ വീഡിയോ; കറുത്ത പെയിന്റിനെ ചൊല്ലി അയൽവാസിയുമായി കലഹം

കടമക്കുടിയുടെ സൗന്ദര്യം  ലോകശ്രദ്ധ പിടിച്ചു പറ്റിയെങ്കിലും വലിയ രീതിയിലേക്ക് സഞ്ചാരികളെ ഉൾക്കൊള്ളാൻ കഴിയുന്ന സംവിധാനം ഇവിടെ ഇപ്പോഴും ഇല്ല. ഗ്രാമീണ സൗന്ദര്യം അനുഗ്രഹീതമായ വിസ്തൃതമായ പ്രദേശം ഉണ്ടെങ്കിലും അതിന് അനുസൃതമായ രീതിയിൽ താമസ സൗകര്യമോ ഭക്ഷണശാലയോ ശൗചാലയമോ ഇല്ല. പുതിയ പദ്ധതി പ്രാവർത്തികമാകുന്നതോടെ കൂടി ഇവയ്ക്കെല്ലാം ശാശ്വതമായ പരിഹാരം ഉണ്ടാകും എന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്.വിദേശ ടൂറിസ്റ്റുകളേക്കാൾ ഏറെ തദ്ദേശീയരായ ഒട്ടനവധി പേരാണ് കടമക്കുടിയുടെ സൗന്ദര്യം നുകരാൻ ഇവിടേക്ക് എത്തുന്നത്. എന്നാൽ പ്രദേശത്തെ റോഡുകളുടെ നിലവാരം ഇപ്പോഴും ശരാശരിയിൽ താഴെയാണ്. ടൂറിസം മന്ത്രി ഗതാഗതമന്ത്രിയും ഒരാൾ തന്നെ ആകുന്നത്  വലിയ സാധ്യത ഈ വിഷയത്തിൽ കടമക്കുടിക്ക് നൽകുന്നുണ്ട്.

ടൂറിസം വികസനത്തിന് ഒപ്പംതന്നെ  റോഡുകളുടെ ശോച്യാവസ്ഥ കൂടി പരിഹരിക്കണമെന്ന ആവശ്യമാണ് നാട്ടുകാരുടെ ഭാഗത്തു നിന്ന് ഉള്ളത്. പദ്ധതികൾ പലത് പ്രഖ്യാപിച്ചെങ്കിലും വലിയ വികസനമൊന്നും ഇതുവരെയും കടമക്കുടിയിൽ ഉണ്ടായിട്ടില്ലെന്നതാണ് സത്യം.
Published by:Naseeba TC
First published: