നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹരിതയുടെ പരാതിക്ക് പിന്നില്‍ ടി.പി അഷ്‌റഫലി; ലീഗിന് പരാതി നല്‍കി ഒരു വിഭാഗം MSF നേതാക്കള്‍

  ഹരിതയുടെ പരാതിക്ക് പിന്നില്‍ ടി.പി അഷ്‌റഫലി; ലീഗിന് പരാതി നല്‍കി ഒരു വിഭാഗം MSF നേതാക്കള്‍

  പി.കെ നവാസിനെ അപകീര്‍ത്തിപ്പെടുത്താനുള്ള അഷ്‌റഫലിയുടെ നീക്കം പാര്‍ട്ടി അന്വേഷിക്കണമെന്നും കത്തില്‍ പറയുന്നു.

   ടി.പി അഷ്‌റഫലി

  ടി.പി അഷ്‌റഫലി

  • Share this:
   കോഴിക്കോട്: ഹരിത വിവാദത്തിന് പിന്നില്‍ എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്‌റഫലിയാണെന്ന ആരോപണമുയര്‍ത്തി സംഘടനയുടെ സംസ്ഥാന നേതാക്കള്‍ ലീഗ് നേതൃത്വത്തിന് കത്ത് നല്‍കി. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫാരിസ് പൂക്കോട്ടൂര്‍, സെക്രട്ടറി അഷ്‌റഫ് പെരുമുക്ക് എന്നിവരടക്കം പതിനൊന്ന് പേര്‍ ഒപ്പിട്ടതാണ് പരാതി. പി.കെ നവാസിനെ അപകീര്‍ത്തിപ്പെടുത്താനുള്ള അഷ്‌റഫലിയുടെ നീക്കം പാര്‍ട്ടി അന്വേഷിക്കണമെന്നും കത്തില്‍ പറയുന്നു.

   15 വര്‍ഷത്തോളം എം.എസ്.എഫിനെ കയ്യടക്കി വെച്ചിരുന്ന നേതാവാണ് ടി.പി അഷ്‌റഫലി. പി.കെ നവാസ് സംസ്ഥാന പ്രസിഡണ്ടായതോടെ അഷ്‌റഫലി ഗ്രൂപ്പിന് സംഘടനക്കുള്ളിലെ സ്വാധീനം നഷ്ടമായി. ഇതോടെ നേതാക്കള്‍ക്കെതിരെ പരാതികള്‍ ഉയര്‍ത്തുകയാണ്. ഹരിത വിവാദത്തിന് പിന്നില്‍ ടി.പി അഷ്റഫലിയുടെ പങ്ക് വ്യക്തമാണ്.

   പി.കെ നവാസിനെതിരെ ജില്ലാ കമ്മിറ്റികളുടെ പേരില്‍ സംസ്ഥാന നേതൃത്വത്തിന് വ്യാജപരാതി നല്‍കിയതിന് പിന്നില്‍ അഷ്‌റഫലിയാണ്. ദേശീയ കമ്മിറ്റിയുടെ പേരിലിറങ്ങിയ കത്തും യൂണിവേഴ്‌സിറ്റി കാമ്പസ് കമ്മിറ്റി പിരിച്ചുവിട്ടുള്ള തീരുമാനവും സംഘടന അറിയാതെയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് നടത്തുന്ന വിഭാഗീയ പ്രവര്‍ത്തനത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിച്ച് നടപടിയെടുക്കണമെന്നാണ് കത്തിലെ ആവശ്യം.

   'എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കൗണ്‍സിലുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ നേതൃത്വം നല്‍കുന്നത ദേശീയ പ്രസിഡന്റ് ടി.പി.അഷ്‌റഫലിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ്. 15 വര്‍ഷക്കാലം കയ്യടക്കി വെച്ചിരുന്ന സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും അഷ്‌റഫലിയിൽ നിന്നും നഷ്ടപ്പെടുകയും അദ്ദേഹത്തിന്റെ ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കാത്തിന്റെ പേരില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആരോപണങ്ങളും പരാതികളും ഉയര്‍ത്തിക്കൊണ്ടുവന്നതിന്റെ പിന്നില്‍ ദേശീയ പ്രസിഡന്റിന്റെ പൂര്‍ണ്ണ അറിവോടെയാണെന്നാണ് സമീപകാല സംഭവങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്.

   Also Read-ആ നാല്പതുകാരനാര്? കോട്ടയത്ത് കുളം കുഴിക്കുന്നതിനിടയിൽ കണ്ടെത്തിയ അസ്ഥികൂടം പുരുഷന്‍റേത്

   ഏറ്റവും അവസാനമുണ്ടായ ഹരിത വിഷയത്തില്‍ ടി.പി.അഷ്‌റഫലിയുടെ പങ്ക് പകല്‍ പോലെ വ്യക്തമായിരിക്കുകയാണ്. വിവിധ ജില്ലാ കമ്മിറ്റികള്‍ പി.കെ. നവാസിനെതിരെ നല്‍കിയ പരാതികളില്‍ വ്യാജ ഒപ്പോട് കൂടിയുള്ള പരാതികള്‍ ടി.പി.അഷ്‌റഫലിക്ക് മാത്രമാണ് നല്‍കിയിട്ടുള്ളത്. ഈ കത്തുകളില്‍ ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരുടെ പേരുകളും ഒപ്പുകളും വ്യാജമായി ഉപയോഗിക്കുകയും, എന്നാല്‍ ഇത് തങ്ങളുടെ അറിവോടെയല്ലെന്ന് പറഞ്ഞ് വിവിധ ജില്ലാ കമ്മിറ്റികള്‍ തന്നെ ഇപ്പോള്‍ രംഗത്തുവന്നിരിക്കുകയാണ്.

   ഹരിത വിഷയത്തില്‍ ടി.പി.അഷ്‌റഫലിയുടെ നിര്‍ദ്ദേശത്തിന്റെ ഭാഗമായിട്ടാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റി പാര്‍ട്ടിയുടെ സ്ത്രീ വിരുദ്ധ നിലപാടില്‍ രാജിവെച്ചു എന്ന് പറയുന്ന കത്ത് വ്യാജ ലെറ്റര്‍ പാഡില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ യൂണിവേഴ്‌സിറ്റി കാമ്പസിലെ ചില മുന്‍കാല പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചത്. ഈ രാജിക്കത്ത് കാമ്പസ് സ്ഥിതി ചെയ്യുന്ന വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിക്കൊ മലപ്പുറം ജില്ലാ കമ്മിറ്റിക്കൊ യൂണിറ്റ് കമ്മിറ്റി നല്‍കിയിട്ടുമില്ല.

   Also Read-'കൊല്ലം ഡിസിസി കൊടിക്കുന്നിലിന്റെ തറവാട് സ്വത്തല്ല'; കോൺഗ്രസിൽ വീണ്ടും പോസ്റ്റർ വിവാദം

   ഹരിത പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് എം.എസ്.എഫ് ദേശീയ കമ്മിറ്റി നടത്തിയ സിറ്റിംഗിന്റെ വ്യാജ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിച്ചതിലും ടി.പി അഷ്‌റഫലിയുടെ പങ്ക് സംശയാസ്പദമാണ്. എം.എസ്.എഫിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ടി.പി.അഷ്‌റഫലി നേരിട്ട് ഇടപെടുന്നതിന്റെ മറ്റു തെളിവുകള്‍ നല്‍കാനും ഞങ്ങള്‍ തയ്യാറാണ്.

   കഴിഞ്ഞ ഒരു വര്‍ഷക്കാലമായി അഷ്‌റഫലിയുടെ നേതൃത്വത്തില്‍ പുതിയ കമ്മറ്റിയുടെ പ്രസിഡന്റിനെയും ഒരു പറ്റം ഭാരവാഹികളെയും നിരന്തരമായി വേട്ടയാടുകയാണ്. മേല്‍ പരാമര്‍ശിക്കപ്പെട്ട വിഷയങ്ങളില്‍ അന്വേഷണം നടത്തി ഉചിതമായ നടപടി കൈക്കൊള്ളണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.- ഇതാണ് നവാസ് പക്ഷത്തുള്ള എം.എസ്.എഫ് നേതാക്കള്‍ ലീഗ് നേതൃത്വത്തിന് നല്‍കിയ കത്തിന്റെ പൂര്‍ണ്ണ രൂപം.

   എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫാരിസ് പൂക്കോട്ടൂര്‍, സെക്രട്ടറി അഷ്‌റഫ് പെരുമുക്ക്, ജില്ലാ ഭാരവാഹികള്‍ അടക്കം പതിനൊന്ന് പേര്‍ ഒപ്പിട്ടതാണ് പരാതി. ഹരിതക്കെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് സീനിയര്‍ വൈസ് പ്രസിഡണ്ട് എ.പി അബ്ദുസ്സമദ് രാജിവെച്ചിരുന്നു. സംഘടനയിലെ വലിയൊരു വിഭാഗവും ഹരിതക്കൊപ്പമാണ്. ഇത് മറികടക്കാനാണ് എം.എസ്.എഫിലെ പി.കെ നവാസ് പക്ഷം പരാതിയുമായി ലീഗ് നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്.

   അതേസമയം മരവിപ്പിച്ച ഹരിത ഭാരവാഹികളെ ഒഴിവാക്കി പുതിയ കമ്മിറ്റി തിരഞ്ഞെടുക്കാന്‍ ലീഗിനുള്ളില്‍ നീക്കം നടക്കുന്നതായാണ് സൂചന. നടപടിക്ക് ശേഷം ഹരിത നേതാക്കള്‍ ഇതുവരെ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല.
   Published by:Naseeba TC
   First published:
   )}