• HOME
  • »
  • NEWS
  • »
  • kerala
  • »
  • TP ASHRAFALI TAKES PARTY STAND IN MATTERS RELATED TO HARITHA MM TV

ഹരിതയെ കയ്യൊഴിഞ്ഞ് ടി.പി. അഷ്‌റഫലിയും; പാര്‍ട്ടിയുടെ അന്തിമ തീരുമാനത്തിനൊപ്പം നില്‍ക്കണം എന്ന് അഷ്‌റഫലി

ചില അരുതാത്ത തീരുമാനങ്ങള്‍ ഉണ്ടായെങ്കിലും പാര്‍ട്ടിയുടെ അന്തിമ തീരുമാനത്തിനൊപ്പം നില്‍ക്കണമെന്ന് അഷ്‌റഫലി

ടി.പി. അഷ്റഫലി

ടി.പി. അഷ്റഫലി

  • Share this:
കോഴിക്കോട്: ഹരിത വിവാദത്തില്‍ പരാതി നല്‍കിയ വനിതാ നേതാക്കളെ ഒടുവില്‍ എം.എസ്.എഫ്. ദേശീയ പ്രസിഡണ്ട് ടി.പി. അഷ്‌റഫലിയും കയ്യൊഴിഞ്ഞു. ചില അരുതാത്ത തീരുമാനങ്ങള്‍ ഉണ്ടായെങ്കിലും പാര്‍ട്ടിയുടെ അന്തിമ തീരുമാനത്തിനൊപ്പം നില്‍ക്കണമെന്ന് അഷ്‌റഫലി ഫേസ്ബുക്കില്‍ കുറിച്ചു. അതൃപ്തിയുണ്ടെങ്കിലും നിഷേധാത്മക തീരുമാനങ്ങള്‍ എടുക്കുന്നത് ശരിയല്ല. പരിഹാരമില്ലാതെ പ്രശ്‌നങ്ങള്‍ നീണ്ടുപോകുന്നത് നമുക്ക് മുന്നിലുള്ള സാമൂഹിക ദൗത്യ നിര്‍വ്വഹണത്തിന്റെ വേഗം കുറയ്ക്കാനേ ഉപകരിക്കൂവെന്നും മുസ്ലിം ലീഗില്‍ വിശ്വാസമര്‍പ്പിച്ച് നില്‍ക്കണമെന്നും അഷ്‌റഫലി പറഞ്ഞു.

ഹരിത വിവാദത്തില്‍ വനിതാ നേതാക്കള്‍ക്കൊപ്പം തുടക്കം മുതലേ നിലയുറപ്പിച്ച നേതാവാണ് ടി.പി. അഷ്‌റഫലി. ഹരിത നേതാക്കളുടെ പരാതി പരിഹരിക്കണമെന്നും ആരോപണ വിധേയനായ പി.കെ. നവാസിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് അഷ്‌റഫലി ഒപ്പിട്ട എം.എസ്.എഫ്. ദേശീയ കമ്മിറ്റിയുടെ കത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് നല്‍കിയിരുന്നു. ഈ കത്ത് ചൂണ്ടിക്കാട്ടി ടി.പി. അഷ്‌റഫലിയാണ് ഹരിതയുടെ പരാതിക്ക് പിന്നിലെന്ന് മറുപക്ഷം ആരോപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സാദിഖലി തങ്ങളുടെ നിലപാടിനൊപ്പം മറ്റ് നേതാക്കള്‍ നില്‍ക്കേണ്ടിവരികയും ഹരിതക്കെതിരെ കടുത്ത നടപടിയിലേക്ക് പോവുകയും ചെയ്തതോടെയാണ് ടി.പി. അഷ്‌റഫലിയും നിലപാട് മാറ്റിയതെന്നാണ് സൂചന. നേരത്തെ പി.കെ. ഫിറോസും പാര്‍ട്ടി നിലപാടിനെ ന്യായീകരിച്ച് രംഗത്തുവന്നിരുന്നു. മുസ്ലിം ലീഗ് പുതുതായി പ്രഖ്യാപിച്ച ഹരിത സംസ്ഥാന കമ്മിറ്റിക്ക് അഷ്‌റഫലി ആശംസയും പറയുന്നുണ്ട്.

പി.കെ. ഫിറോസുമായും ടി.പി. അഷ്‌റഫലിയുമായും അടുത്ത ബന്ധമുള്ള നേതാക്കളായിരുന്നു കഴിഞ്ഞ എം.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ നേതൃനിരയിലുണ്ടായിരുന്നത്. എന്നാല്‍ പുതിയ കമ്മിറ്റിയില്‍ പി.കെ. നവാസിനെ പ്രസിഡണ്ടാക്കിയതോടെ എം.എസ്.എഫില്‍ പുതിയ അധികാര സമവാക്യത്തിനാണ് സാദിഖലി തങ്ങള്‍ ശ്രമിച്ചത്. എം.എസ്.എഫിന്റെ ഭൂരപിക്ഷം ജില്ലാ കമ്മിറ്റികളും അഷ്‌റഫലി പക്ഷത്തായിരിക്കെ പി.കെ നവാസ് പ്രസിഡണ്ടാകുന്നതിനെതിരെ സംഘടനയില്‍ ശക്തമായ എതിര്‍പ്പും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹരിത വിവാദമുണ്ടാവുകയും അത് എം.എസ്.എഫിലെ വിഭാഗീയതയുമായി ചേര്‍ത്തുവായിക്കപ്പെടുകയും ചെയ്തത്.

ടി.പി. അഷ്‌റഫലിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:

മുസ്ലിം ലീഗ് അടിസ്ഥാനപരമായി പ്രതിനിധാനം ചെയ്യുന്നത് സ്വത്വ രാഷ്ട്രീയമാണ്. അതിനകത്ത് മുസ്ലിം, ദളിത്, സ്ത്രീ, ഭിന്നലിംഗങ്ങള്‍ തുടങ്ങി എല്ലാ പിന്നാക്ക ന്യൂനപക്ഷങ്ങളുടെയും രാഷ്ട്രീയ അസ്ഥിത്വം ഉള്‍പ്പെടും. ഓരോരുത്തര്‍ക്കും അവരുടേതായ ഇടങ്ങളില്‍ കൃത്യമായ ബോധ്യത്തോടെ ഇടപെടാനുള്ള രാഷ്ട്രീയ മുന്നേറ്റം ഉണ്ടാവുക എന്നത് സ്വത്വ രാഷ്ട്രീയത്തില്‍ പ്രധാന്യമുള്ള ഒന്നാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം പ്രത്യേക വിഭാഗങ്ങളുടെ കൂട്ടായ്മക്ക് അതിപ്രാധാന്യങ്ങളുണ്ട്.
10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹരിത രൂപീകരിക്കുന്ന സമയത്ത് ആളുകള്‍ ഇതെങ്ങിനെ സ്വീകരിക്കുമെന്ന ആശങ്കകള്‍ ഒട്ടേറെയുണ്ടായിരുന്നു. ഹരിതയുടെ പ്രാഥമിക ദൗത്യങ്ങള്‍ ഒരുപാടുണ്ട്. തെരഞ്ഞെടുപ്പ് രംഗത്ത് സാന്നിധ്യം അറിയിക്കുക എന്നത് പോലും ദ്വിതീയമാണ്. പകുതിയിലധികവും പെണ്‍കുട്ടികളാണ് കാമ്പസുകളില്‍ പഠിക്കുന്നത്. അക്കാദമിക, അക്കാദമികേതര മുന്നേറ്റങ്ങള്‍ കൂടി വിലയിരുത്തിയാല്‍ പെണ്‍ സാന്നിധ്യം നേട്ടം അടയാളപ്പെടുത്തിയ ഗ്രാഫ് കാണാം. ഈ നേട്ടമുണ്ടാക്കുന്ന തലമുറയോട് അവരുടെ സ്ത്രീയെന്ന സ്വത്വത്തെ കുറിച് ബോധ്യമുള്ളവരാകണമെന്നും, അതിനുതകുന്ന രാഷ്ട്രീയ, സാമൂഹിക ഇടങ്ങള്‍ തേടി നടക്കുന്ന സമയത്ത് ഒട്ടും അഭിലഷണീയമല്ലാത്ത ഇടങ്ങളിലേക്ക് നമ്മുടെ വിദ്യാര്‍ത്ഥിനികള്‍ കടന്നു ചെല്ലുന്നതിന് പകരം ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും, സീതി സാഹിബും, സിഎച്ചും, ശിഹാബ് തങ്ങളും മുന്നോട്ട് വെച്ച മുസ്ലിം ലീഗിന്റെ രാഷ്ട്രീയ, സാമൂഹിക, സാമുദായിക, വിദ്യാഭ്യാസ ,മത വീക്ഷണങ്ങള്‍ മുന്നോട്ട് വെക്കുകയാണ് ഹരിത ചെയ്യുന്നത്. സ്തീകളും കുട്ടികളും വിദ്യാര്‍ഥിനികളും പ്രശ്‌നങ്ങള്‍ നേരിടുന്ന അവസരത്തില്‍ അതിലിടപെട്ടും സാമുദായിക പ്രാധിനിധ്യം അറിയിക്കാനുമാണ് ഇത്തരം കൂട്ടായ്മകള്‍ രൂപീകരിച്ചത്.
എല്ലാ സ്വത്വങ്ങളുടെയും സംഘടിത രൂപത്തിന് കൃത്യമായി പ്രാധാന്യം നല്‍കേണ്ടതും അവരുടെ ഇടങ്ങളിലെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കരുത്തും കഴിവും സ്വയം ആര്‍ജ്ജിക്കുക കൂടി ചെയ്യുമ്പോഴാണ് ശാക്തീകരണം സാധ്യമാവുന്നത്. ഇതുവരെയുള്ള ഹരിത കമ്മറ്റികള്‍ അത്തരം സോഷ്യല്‍ എഞ്ചിനീയറിംഗിന്റെ ഭാഗമായാണ് പ്രവര്‍ത്തിച്ചത്. തുടര്‍ന്നുള്ള കമ്മിറ്റിയും അങ്ങിനെ തന്നെയായിരിക്കും. ആയിഷ ബാനുവിന്റെയും റുമൈസയുടെയും നയനയുടെയും നേതൃത്വത്തിലുള്ള പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഹരിത സംസ്ഥാന കമ്മിറ്റിക്കും അതിന് സാധിക്കട്ടെ.എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നു.


സ്ത്രീയേ കുഴിച്ചുമൂടിയ കാട്ടാള അന്തരീക്ഷത്തില്‍ നിന്ന് സ്ത്രീക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സമൂഹമായി ഒരു ജനതയെ പരിവര്‍ത്തനം ചെയ്ത പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ രീതിശാസ്ത്രത്തിന്റെ ആധുനിക രൂപം കൂടിയാണ് സ്ത്രീ മഹത്വം മനസിലാക്കിയുള്ള നിലവിലെ സോഷ്യല്‍ എഞ്ചിനീയറിങ്.
ഏതൊരു മനുഷ്യരോടും, വിശിഷ്യാ സ്ത്രീയോട്, വളരെ മാന്യമായി പെരുമാറാന്‍ വിശ്വാസപരമായി കൂടി ഉത്തരവാദിത്തമുള്ളവരാണ് നമ്മള്‍. ചില അരുതായ്മകള്‍ സംഭവിച്ചുവെന്ന കാര്യം ഉണ്ടായിരിക്കെ തന്നെ, മാതൃസംഘടന ഒരു ആത്യന്തിക നടപടി എടുക്കുമ്പോള്‍ അതൃപ്തികള്‍ ഉണ്ടെങ്കില്‍ കൂടി നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് ഒരു സംഘടനായി പോകുന്നതിന് ഗുണമാവില്ല. പരിഹാരമില്ലാതെ പ്രശ്‌നങ്ങള്‍ നീണ്ടുപോകുന്നത് നമുക്ക് മുന്നിലുള്ള സാമൂഹിക ദൗത്യ നിര്‍വ്വഹണത്തിന്റെ വേഗം കുറക്കാനെ ഉപകരിക്കൂ. അതിനാല്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് കീഴില്‍ വിശ്വാസപൂര്‍വ്വം നിലനില്‍ക്കുക.
ആത്മാഭിമാനം ഒരോരുത്തരുടെയും ജനാധിപത്യ അവകാശമാണ്. അത് ഉറപ്പ് വരുത്തേണ്ടത് ഓരോ വ്യക്തിയുടെയും, സംഘടനയുടെയും, സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. അതില്‍ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. സമൂഹത്തിലെ വിവിധ ശ്രേണികള്‍ മുസ്ലിം ലീഗിലേക്ക് കടന്നു വരുന്ന കാലമാണിത്. മുസ്ലിം ലീഗ് നവീനമായ ഒരു പ്രായോഗിക രാഷ്ട്രീയ മുഖം സ്വീകരിക്കുന്നതിന്നായി ഉപസമിതി രൂപീകരിച്ച് മുന്നോട്ട് വരുന്ന സമയമാണിത്. അതിനോട് ചേര്‍ന്ന് നിന്ന് പാര്‍ട്ടിയെ വളര്‍ത്തേണ്ട ചുമതല ഓരോരുത്തര്‍ക്കും ഉണ്ട്.
മറിച്ച് നേതാക്കളുടെയൊ, പ്രവര്‍ത്തകരുടെയോ മറ്റു പാര്‍ട്ടികളിലെ നേതാക്കളുടെയോ ചിത്രങ്ങള്‍ക്ക് താഴെ ചെന്ന് സമൂഹ മാധ്യമങ്ങളില്‍ അങ്ങോട്ടും ഇങ്ങോട്ടും വിഴുപ്പു പറയുന്നത് സത്യത്തില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യാനേ ഉപകരിക്കൂ. നമ്മള്‍ ചെയ്യുന്ന ഒരു സോഷ്യല്‍ മീഡിയ കമന്റ് നമ്മുടെ വ്യക്തിത്വത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് മനസ്സിലാക്കണം. ലീഗ് രാഷട്രീയത്തിന്റെ അനിവാര്യത മനസിലാക്കി മറ്റുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ ചേരാനുള്ള താല്‍പര്യം ഇത്തരം ചെയ്തികള്‍ വഴി വര്‍ദ്ധിക്കുകയാണോ കുറയുകയാണോ ചെയ്യുക എന്ന് നമ്മള്‍ ഓരോരുത്തരും വിലയിരുത്തണം. ലീഗ് അനുഭാവികളോ ,അഭ്യുദയകാംക്ഷികളോ ആയവര്‍ക്കും, പൊതുസമൂഹത്തിനും ഈ കമന്റുകള്‍ വഴി പാര്‍ട്ടിയോടുള്ള അകലം വര്‍ധിപ്പിക്കുമെന്നതും നമ്മള്‍ മനസിലാക്കേണ്ട ഒന്നാണ്.
അതുപോലെ ശ്രദ്ധിക്കേണ്ടതാണ് ഊഹങ്ങള്‍ ഏറ്റുപിടിച്ച് സംസാരിക്കുന്നതും. ഖുര്‍ആന്‍ പറയുന്നു; 'സത്യവിശ്വാസികളേ, നിങ്ങള്‍ അധിക ഊഹങ്ങളും വര്‍ജിക്കുവിന്‍. എന്തെന്നാല്‍ ഊഹങ്ങളില്‍ ചിലത് കുറ്റകരമാണ്'' (അല്‍ ഹുജറാത്ത്: 12). അതുകൊണ്ട്, വസ്തുകള്‍ സ്വീകരിച്ച് കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍, ഉത്തരവാദിത്തപ്പെട്ട ഒരു പാര്‍ട്ടിയുടെ അണികളെന്ന നിലക്ക് നമുക്ക് ബാധ്യതകളുണ്ട്.
Published by:user_57
First published:
)}