വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് നടക്കുന്ന ഏപ്രില്‍ 25ന് തിരുവനന്തപുരം സെൻട്രലിലേക്കു വരുന്നതും ഇവിടെനിന്ന് പുറപ്പെടുന്നതുമായ ട്രെയിനുകളുടെ സർവീസ് പുനക്രമീകരിച്ചു. തിരുവനന്തപുരത്തേക്കു വരുന്ന മലബാർ എക്സ്പ്രസ്, ചെന്നൈ മെയിൽ, അമൃത എക്സ്പ്രസ് എന്നിവ 23, 24 തീയതികളിൽ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. കൊല്ലം – തിരുവനന്തപുരം സ്പെഷൽ എക്സ്പ്രസ് കഴക്കൂട്ടത്തും നാഗർകോവിൽ – കൊച്ചുവേളി സ്പെഷൽ എക്സ്പ്രസ് നേമത്തും സർവീസ് അവസാനിപ്പിക്കും.
തിരുവനന്തപുരത്തുനിന്നുള്ള മലബാർ എക്സ്പ്രസ്, ചെന്നൈ മെയിൽ എന്നിവ കൊച്ചുവേളിയിൽനിന്നായിരിക്കും സർവീസ് പുറപ്പെടുക. തിരുവനന്തപുരം – കൊല്ലം സ്പെഷൽ എക്സ്പ്രസ് കഴക്കൂട്ടത്തുനിന്നും കൊച്ചുവേളി – നാഗർകോവിൽ സ്പെഷൽ എക്സ്പ്രസ് നേമത്തുനിന്നും സർവീസ് ആരംഭിക്കും.
രണ്ട് ട്രെയിനുകളുടെ സമയത്തിൽ ഏപ്രിൽ 28 മുതൽ മാറ്റമുണ്ട്. വേണാട് എക്‌സ്‌പ്രസ് രാവിലെ 5:15ന് സർവീസ് ആരംഭിക്കും. പാലരുവി എക്സ്പ്രസിന്റെ കൊല്ലം മുതലുള്ള സർവീസിലും സമയമാറ്റമുണ്ട്. കൊല്ലത്ത് നിന്ന് ട്രെയിൻ രാവിലെ 4:50ന് പുറപ്പെടും
വന്ദേഭാരത് ഓടുന്നതോടെ രണ്ട് ട്രെയിനുകളുടെ സമയത്തിൽ മാറ്റം
സംസ്ഥാനത്ത് വന്ദേ ഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങുന്നതോടെ രണ്ട് ട്രെയിനുകളുടെ സമയത്തിൽ ദക്ഷിണ റെയിൽവേ മാറ്റം വരുത്തി. തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ്, തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ് എന്നിവയുടെ സമയമാണ് ഏപ്രിൽ 28 മുതൽ മാറുന്നത്.
നിലവിൽ 5.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വേണാട് എക്സ്പ്രസ് 28 മുതൽ പത്ത് മിനിട്ട് വൈകി 5.25ന് ആയിരിക്കും പുറപ്പെടുക. വന്ദേഭാരത് സർവീസ് തുടങ്ങുന്നത് 5.20ന് ആയതിനാലാണിത്. വേണാടിന്‍റെ തിരുവനന്തപുരം മുതൽ കായംകുളം വരെയുള്ള സമയത്തിലാണ് മാറ്റം വരുത്തിയത്.
Also Read- വന്ദേഭാരത് എക്സ്പ്രസ് ട്രെയിന് ഷൊർണൂരിൽ സ്റ്റോപ്പ്; റണ്ണിംഗ് ടൈം 8 മണിക്കൂർ 05 മിനിറ്റ്
പുതുക്കിയ സമയക്രമം അനുസരിച്ച് വേണാട് എക്സ്പ്രസ് ചിറയിൻകീഴിൽ രാവിലെ 5.50നും കടയ്ക്കാവൂരിൽ 5.54നും വർക്കലയിൽ 6.07നും കൊല്ലത്ത് 6.34നും ആയിരിക്കും എത്തുക. കരുനാഗപ്പള്ളിയിൽ 7.05നും കായംകുളത്ത് 7.18നും ആണ് ട്രെയിൻ എത്തുന്നത്. എന്നാൽ കായംകുളം മുതൽ ഷൊർണൂർ വരെ നിലവിലുള്ള സമയക്രമത്തിൽ തന്നെയാകും വേണാട് സർവീസ് നടത്തുക.
തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസിന്റെ കൊല്ലം മുതൽ എറണാകുളം നോർത്ത് വരെയുള്ള സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഏപ്രിൽ 27 മുതൽ കൊല്ലത്ത് നിന്ന് പാലരുവി എക്സ്പ്രസ് 10 മിനിട്ട് നേരത്തെ പുലർച്ചെ 4.50ന് പുറപ്പെടും. ട്രെയിൻ കരുനാഗപ്പള്ളിയിൽ 5.25നും കായംകുളത്ത് 5.43നും എത്തും. ചെങ്ങന്നൂരിൽ 6.08നും കോട്ടയത്ത് 6.55നും ആയിരിക്കും പാലരുവി എക്സ്പ്രസ് എത്തുക. എറണാകുളം നോർത്തിൽ 8.45ന് പകരം അഞ്ച് മിനിട്ട് നേരത്തെ 8.40ന് എത്തിച്ചേരുകയും 8.45ന് യാത്ര തിരിക്കുകയും ചെയ്യും. എറണാകുളം നോർത്തിന് ശേഷമുള്ള സ്റ്റേഷനുകളിലെ സമയക്രമത്തിൽ മാറ്റമുണ്ടാകില്ലെന്നും റെയിൽവേ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.