തിരുവനന്തപുരം: ഗുണ്ടാ ബന്ധത്തെ തുടർന്ന് തിരുവനന്തപുരത്തെ മംഗലപുരം സ്റ്റേഷനിലെ ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. എസ്എച്ച്ഒ ഉൾപ്പടെയുള്ളവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതുകൂടാതെ സ്റ്റേഷനിലെ 24 പൊലീസുകാരെ സ്ഥലംമാറ്റിയിട്ടുണ്ട്. സ്വീപ്പർ തസ്തികയിൽ ജോലി ചെയ്യുന്നവർ ഒഴികെ മുഴുവൻ പേർക്കുമെതിരെ നടപടി എടുത്തിട്ടുണ്ട്. ഗോപകുമാർ, അനൂപ് കുമാർ, ജയൻ, കുമാർ, സുധി കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. റൂറൽ എസ് പി ഡി ശില്പയുടേതാണ് നടപടി.
സ്ഥലംമാറ്റിയവർക്ക് പകരം മറ്റ് സ്റ്റേഷനിലെ 29 പൊലീസുകാരെ മംഗലപുരം സ്റ്റേഷനിലേക്കും മാറ്റിയിട്ടുണ്ട്. മംഗലപുരം സ്റ്റേഷനിലെ പോലീസുകാരുടെ ഗുണ്ടാ- മണൽ മാഫിയാ ബന്ധം പുറത്തായതിന് പിന്നാലെയാണ് കർശന നടപടി ഉണ്ടായിരിക്കുന്നത്.
അതേസമയം തിരുവനന്തപുരത്ത് കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരായ വകുപ്പ് തലനടപടികൾ തുടരുകയാണ്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ മൂന്ന് പൊലീസുകാരെ സർവീസിൽനിന്ന് പിരിച്ചുവിട്ടിരുന്നു. പീഡനക്കേസ് പ്രതികളെയും അന്വേഷണം അട്ടിമറിച്ചവരെയുമാണ് പിരിച്ചുവിട്ടത്. ശ്രീകാര്യം ഇൻസ്പെക്ടറായിരുന്ന അഭിലാഷ് ഡേവിഡ്, സീനിയർ സിവിൽ പോലീസ് ഓഫീസറും ഡ്രൈവറുമായ ഷെറി എസ് രാജ്, സിപിഒ റെജി ഡേവിഡ് എന്നിവർക്കെതിരെയാണ് സിറ്റി പോലീസ് കമ്മീഷണർ കടുത്ത നടപടി സ്വീകരിച്ചത്. 15 ദിവസത്തിനകം ഇവർക്ക് കാരണം കാണിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്.
Also Read- പൊലീസിലെ ക്രിമിനലുകളുടെ കാക്കി ഊരും തൊപ്പി തെറിക്കും; നിലപാട് കടുപ്പിച്ച് ആഭ്യന്തര വകുപ്പ്
ഓംപ്രകാശ് ഉൾപ്പടെയുള്ള കുപ്രസിദ്ധ ഗുണ്ടാ നേതാക്കളുമായുള്ള ബന്ധത്തെ തുടർന്ന് തിരുവനന്തപുരത്തെ രണ്ട് ഡി.വൈ. എസ്.പിമാരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. തിരുവനന്തപുരം റൂറൽ ക്രൈംബ്രാഞ്ച് D Y S P കെ.ജെ. ജോൺസൺ, വിജിലൻസ് D Y S P എം പ്രസാദ് എന്നിവർക്കെതിരെയാണ് നടപടി. ഗുണ്ടാ ബന്ധത്തിൽ നേരത്തെ നാല് സി.ഐമാരടക്കം 5 പേരെ സസ്പെൻഡ് ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.