ആലപ്പുഴ: നടുറോഡിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ ഇരുചക്രവാഹനം തടഞ്ഞ എസ് ഐയെ സ്ഥലംമാറ്റിയ സംഭവം വിവാദമായതോടെ ഉത്തരവ് മരവിപ്പിച്ചു. ചേരാവള്ളി ലോക്കൽ കമ്മിറ്റിയംഗം അഷ്കർ നമ്പലശ്ശേരിയെ തടഞ്ഞ കായംകുളം സ്റ്റേഷനിലെ എസ് ഐ ശ്രീകുമാറിനെ സ്ഥലംമാറ്റിയുള്ള നടപടിയാണ് മരവിപ്പിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ മന്ത്രി വി ശിവൻകുട്ടി എത്തുന്നതിന് തൊട്ടുമുമ്പാണു സംഭവം. രാവിലെ നഗരസഭയിൽ യുഡിഎഫ് കൗൺസിലർമാരുടെ ഉപരോധത്തിനിടെ സംഘർഷമുണ്ടായതിനാൽ മന്ത്രിയുടെ യോഗത്തിന് പ്രത്യേക സുരക്ഷയൊരുക്കിയിരുന്നു.
Also Read- ശബരിമല സന്നിധാനത്ത് അയ്യപ്പൻമാരോട് മോശമായി പെരുമാറിയ ജീവനക്കാരനെ മാറ്റി
സ്കൂളിനു മുന്നിലൂടെയുള്ള റോഡിൽ ഗതാഗതക്രമീകരണവും ഏർപ്പെടുത്തി. വാഹനങ്ങൾ കടത്തിവിടാതെ എസ് ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ഇവിടെ നിലയുറപ്പിച്ചിരുന്നു. ഇതിനിടെ, അഷ്കർ ഇതുവഴി ഹെൽമെറ്റ് വെക്കാതെ സ്കൂട്ടറിലെത്തി. എന്നാൽ, പൊലീസ് അകത്തേക്കു കയറ്റിവിട്ടില്ല. തുടർന്ന് എസ് ഐയും അഷ്കറും തമ്മിൽ വാക്കേറ്റമുണ്ടായി. അഷ്കർ ഹെൽമെറ്റ് വെക്കാത്തത് പൊലീസ് ചോദ്യം ചെയ്തതാണ് പ്രകോപനമുണ്ടാക്കിയത്.
Also Read- ‘പാര്‍ട്ടി നേതാവിനെ തടയുന്നോ’ ഹെല്‍മെറ്റ് വെക്കാന്‍ പറഞ്ഞതിന് എസ്ഐയോട് തട്ടിക്കയറി സിപിഎം നേതാവ്
പിന്നാലെ ഫേസ്ബുക്കിൽ പൊലീസിനെതിരേ ആരോപണമുന്നയിച്ച് അഷ്കർ പോസ്റ്റിട്ടു. മന്ത്രിയുടെ പരിപാടി അലങ്കോലമാക്കാൻ പൊലീസ് ശ്രമിച്ചെന്നായിരുന്നു ആരോപണം. ശനിയാഴ്ച രാവിലെ എസ് ഐ ശ്രീകുമാറിനെ ഹരിപ്പാട്ടേക്ക് സ്ഥലംമാറ്റി ഉത്തരവിറങ്ങി. ഉത്തരവിൽ വെള്ളിയാഴ്ചത്തെ തീയതിയാണുള്ളത്. ഹരിപ്പാട്ട് എസ് ഐ ഇല്ലാത്തതിനാൽ ശ്രീകുമാറിനെ നേരത്തേതന്നെ സ്ഥലംമാറ്റാൻ തീരുമാനിച്ചിരുന്നെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ സ്ഥലംമാറ്റം വിവാദമായതോടെ ഞായറാഴ്ച വൈകിട്ടോടെയാണ് നടപടി മരവിപ്പിച്ച് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശമെത്തിയത്.
അഷ്കർ പൊലീസിനോട് തട്ടിക്കയറുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.