തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനെയും മകളെയും പരസ്യമായി ആക്ഷേപിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥലം മാറ്റം. പിങ്ക് പൊലീസ് സ്ക്വാഡിലെ ഓഫീസറായ സിപി രജിതയെയാണ് ആറ്റിങ്ങലില്‍ നിന്ന് തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസിലേക്ക് സ്ഥലം മാറ്റിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ആറ്റിങ്ങല്‍ ഡിവൈഎസ്പി റിപ്പോര്‍ട്ട് റൂറല്‍ എസ്പി ക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ദിവസമാണ് മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് ജയചന്ദ്രനേയും മൂന്നാംക്ലാസുകാരിയായ മകളേയും പിങ്ക് പോലീസ് റോഡില്‍ വിചാരണ ചെയ്ത്. ഐ എസ് ആര് ഓയുടെ വലിയ വാഹനം കടന്നുപോകുന്നത് കാണാന്‍ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരി മകളും വെള്ളിയാഴ്ച ആറ്റിങ്ങലില്‍ നില്‍ക്കുമ്പോഴാണ് സംഭവം നടന്നത്.
ജയചന്ദ്രന് ഫോണ്‍ മോഷ്ടിച്ച് മകളുടെ കയ്യില്‍ കൊടുത്തെന്നും പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും പറഞ്ഞായിരുന്നു പിങ്ക് പൊലീസ് വാഹനത്തിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യ വിചാരണ.
പൊലീസ് വാഹനത്തില്‍ നിന്ന് കാണാതായ മൊബൈലിനെച്ചൊല്ലിയായിരുന്നു ജയചന്ദ്രനും മകള്‍ക്കുമെതിരെ മോഷണം ആരോപിച്ചത്. ഫോണ്‍ മോഷ്ടിച്ചെന്നും മകള്‍ക്കും നല്‍കുന്നത് കണ്ടെന്നും വാദിച്ച പൊലീസിന്റെ വാഹനത്തില്‍ നിന്ന് തന്നെ ഒടുവില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയും ചെയ്തു.
പൊലീസുകാരിയുടെ ആക്രോശവും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുമെന്ന ഭീഷണിയും കേട്ട് ഭയന്ന കുട്ടി ഉറക്കെ കരഞ്ഞു. മകള്‍ കരഞ്ഞതോടെ സമീപത്തുള്ളവരെ വിളിച്ചുവരുത്തുകയും ഇവരെ ദേഹ പരിശോധന നടത്തണമെന്നും സ്റ്റേഷനില്‍ കൊണ്ടുപോകണമെന്നും ഉദ്യോഗസ്ഥ പറഞ്ഞു.
അതേസമയം, പരസ്യവിചാരണയുടെ വീഡിയോ പ്രചരിച്ചതോടെ ബാലാവകാശ കമ്മിഷന് ചെയര്‍മാനും ആറ്റിങ്ങല്‍ പൊലീസും ജയചന്ദ്രന്റെ വീട്ടിലെത്തി മകളുടെ മൊഴിയെടുത്തിരുന്നു. കുട്ടിക്ക് അടിയന്തിരമായി കൗണ്‍സിലിങ്ങിന് കമ്മിഷന് നിര്‍ദേശം നല്‍കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Pink police